ദേശീയതലത്തില്‍ സഹകരണ റിക്രൂട്ട്‌മെന്റ് ബോര്‍ഡും സഹകരണ ട്രിബ്യൂണലും വന്നേക്കും
ദേശീയ സഹകരണ നയരൂപവത്കരണത്തിനായുള്ള ദേശീയതല സമിതിയുടെ കരടുനിര്‍ദേശങ്ങളില്‍ സഹകരണ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, സഹകരണ ട്രിബ്യൂണല്‍ എന്നിവയുടെ രൂപവത്കരണവും ഉള്‍പ്പെടുമെന്നു ‘ ഇന്ത്യന്‍ കോ-ഓപ്പറേറ്റീവ് ‘ റിപ്പോര്‍ട്ട് ചെയ്തു.മുന്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭു ചെയര്‍മാനായുള്ള ദേശീയതല സമിതിയിലെ അംഗങ്ങള്‍ ചൊവ്വാഴ്ച എന്‍.സി.യു.ഐ. ആസ്ഥാനത്തു യോഗം ചേര്‍ന്നു മൂന്നു മണിക്കൂര്‍ ചര്‍ച്ച നടത്തി. നിര്‍ദേശങ്ങളുടെ കരട് തയാറാക്കുന്നതിനായി ഒരു തവണകൂടി ദേശീയസമിതി യോഗം ചേരാനിടയുണ്ട്. ചൊവ്വാഴ്ചത്തെ യോഗത്തില്‍ ഒട്ടേറെ പുതിയ നിര്‍ദേശങ്ങള്‍ അംഗങ്ങളില്‍നിന്നുണ്ടായി. ഇവയെല്ലാം ചേര്‍ത്ത് അന്തിമകരട് തയാറാക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരും. പുതിയ ദേശീയ സഹകരണനയം 2024 മുതല്‍ 2047വരെയുള്ള റോഡ്മാപ്പാണു തയാറാക്കുന്നത്.
2024 മുതല്‍ 2030 വരെ അമ്പതിനായിരം പുതിയ പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ ( PACS ) സ്ഥാപിക്കാന്‍ കരടില്‍ നിര്‍ദേശമുണ്ടാകും. പുതിയ സംഘങ്ങളില്‍ കൂടുതലും ക്ഷീര-മീന്‍പിടിത്ത മേഖലകളിലായിരിക്കും. 2030-47 നിടയ്ക്കു രണ്ടര ലക്ഷം പ്രാഥമിക വായ്പാ സഹകരണസംഘങ്ങളെ കമ്പ്യൂട്ടര്‍വത്കരിക്കും. ഇവയെ ഒറ്റ പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവന്നു ദേശീയ സഹകരണ ഡാറ്റാബേസുണ്ടാക്കും. 2047 ആകുമ്പോഴേക്കും പുതുതായി ആറു ലക്ഷം പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങള്‍ രൂപവത്കരിക്കാനും കരടില്‍ നിര്‍ദേശിക്കുന്നു.
നബാര്‍ഡിനു സമാനമായി ദേശീയ സഹകരണ ബാങ്കുണ്ടാക്കാനും നിര്‍ദേശമുണ്ടാകും. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സോടെയായിരിക്കും ഈ ബാങ്ക് സ്ഥാപിക്കുക. പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങള്‍ക്കു ഫണ്ട് നല്‍കാനാണീ ബാങ്ക് സ്ഥാപിക്കുന്നത്. ഡവലപ്‌മെന്റ് ഫിനാന്‍സ് സ്ഥാപനം, ദേശീയ സഹകരണ സര്‍വകലാശാല, ദേശീയ സഹകരണ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, ദേശീയ സഹകരണ ഓഡിറ്റ് ആന്റ് അക്കൗണ്ടിങ് ബോര്‍ഡ്, ദേശീയ കയറ്റുമതി സഹകരണസംഘം, ദേശീയ സഹകരണ ട്രിബ്യൂണല്‍ തുടങ്ങിയ അപക്‌സ് സംഘടനകള്‍ക്കുള്ള നിര്‍ദേശങ്ങളും കരടു നയരേഖയിലുണ്ടാകും.
[mbzshare]