ദുരിതബാധിതര്‍ക്കുള്ള സഹകരണ വകുപ്പിന്റെ പദ്ധതികള്‍ ഇന്നറിയാം
പ്രളയബാധിത പ്രദേശങ്ങളില്‍ സഹകരണ വകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍ക്ക് ഇന്ന് അന്തിമരൂപം നല്‍കും. ഇതിനായി മുഖ്യമന്ത്രിയുടെ മന്ത്രിമാരുടെ സാനിധ്യത്തില്‍ തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേരുന്നുണ്ട്. സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളുടെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് യോഗം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. വന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ മുഖ്യാതിഥിയായിരിക്കും.
പ്രളയത്തില്‍ വീട് നഷ്ടമായവരെ സഹായിക്കുമെന്ന നേരത്തെ സഹകരണ മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. 1500 വീടുകള്‍ സഹകരണ വകുപ്പ് ഏറ്റെടുക്കുമെന്നാണ് മന്ത്രി അറിയിച്ചത്. അതിനുള്ള ഫണ്ട് ഏത് രീതിയില്‍ കണ്ടെത്താമെന്ന് ധാരണയായിട്ടുണ്ട്. സംഘങ്ങളുടെ പൊതുനന്മാഫണ്ട്, മെമ്പേഴ്‌സ് റിലീഫ് ഫണ്ട് എന്നിവയൊക്കെ ഇതിനായി ഉപയോഗിക്കാമെന്നാണ് ധാരണ. പൊതുനന്മാഫണ്ടില്‍നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാസംഘങ്ങളും സഹായം നല്‍കിയിട്ടുണ്ട്. ഇതിനപ്പുറം എന്തൊക്കെ പദ്ധതികളാണ് നടപ്പാക്കാനാകുകയെന്നകാര്യമാണ് ഇന്ന് പ്രധാനമായും തീരുമാനിക്കുക.
പലിശരഹിത വായ്പ, നിലവിലെ വായ്പകളുടെ തിരിച്ചടവിന് നല്‍കുന്ന ഇളവ് എന്നിവയെല്ലാം ചര്‍ച്ച ചെയ്യും. വീട്ടുപകരണങ്ങളും മറ്റും നശിച്ചവര്‍ക്ക് പലിശ രഹിത വായ്പ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ സഹകരണ ബാങ്കുകള്‍ക്കും സംഘങ്ങള്‍ക്കും എന്തുചെയ്യാനാകുമെന്നാണ് ഉറപ്പാക്കേണ്ടത്. പ്രളയബാധിതരുടെ വായ്പകളുടെ തിരിച്ചടവിന് ഇളവ് നല്‍കുന്നതും പലിശ ഒഴിവാക്കി നല്‍കുന്നതും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യും