ദാഹമകറ്റാന്‍ തണ്ണീര്‍പന്തലുകള്‍ തുറന്നു ; തണ്ണീര്‍പന്തലുമായി പാമ്പാടി സര്‍വീസ് സഹകരണബാങ്ക്

moonamvazhi

കടുത്തവേനലില്‍ വലയുന്ന ജനങ്ങള്‍ക്ക് ആശ്വാസവുമായി സഹകരണ ബാങ്കുകളുടെ തണ്ണീര്‍പന്തലുകള്‍. കോട്ടയം ജില്ലാതല ഉദ്ഘാടനം പാമ്പാടി സര്‍വീസ് സഹകരണബാങ്കിന്റെ നേതൃത്വത്തില്‍ തുറന്ന തണ്ണീര്‍പന്തല്‍ ജനങ്ങള്‍ക്കു സമര്‍പ്പിച്ചുകൊണ്ടു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിര്‍വഹിച്ചു. ബാങ്ക് ശാഖയ്ക്കടുത്തുള്ള പാമ്പാടി ബസ് സ്റ്റാന്‍ഡിന് സമീപമാണ് തണ്ണീര്‍പന്തല്‍. പകല്‍ 12 മുതല്‍ മൂന്ന് വരെയാണ് തണ്ണീര്‍പന്തലിലെ സേവനം. ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേര്‍ന്നാണ് സേവനം നടത്തുന്നത്.

ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്‍നിര്‍ത്തി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം തണ്ണീര്‍ പന്തലുകള്‍ ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സഹകരണ-രജിസ്ട്രേഷന്‍ വകുപ്പുമന്ത്രി വി.എന്‍. വാസവന്‍ സഹകരണ ബാങ്ക് പ്രസിഡന്റുമാരുമായുള്ള ഓണ്‍ലൈന്‍ യോഗത്തിലാണ് സഹകരണമേഖലയില്‍ തണ്ണീര്‍പന്തലുകള്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയത്. സംഭാരം, തണുത്ത വെള്ളം, ഒ.ആര്‍.എസ്. ലായനി എന്നിവയാണ് തണ്ണീര്‍ പന്തലുകളില്‍ ലഭ്യമാക്കുന്നത്.

പാമ്പാടി സഹകരണ ബാങ്ക് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സഹകരണ യൂണിയന്‍ ഡയറക്ടര്‍ ബോര്‍ഡംഗം കെ.എം. രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയ്, ബ്ളോക്ക് പഞ്ചായത്തംഗം സി.എം. മാത്യൂ, സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ എസ്. ജയശ്രീ, പാമ്പാടി സഹകരണ ബാങ്ക് പ്രസിഡന്റ് വി.എം. പ്രദീപ്, വൈസ് പ്രസിഡന്റ് അനില്‍ നൈനാന്‍, പി. ഹരികുമാര്‍ എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News