‘തോന്നുന്ന പലിശ പറ്റില്ല’; നയത്തില്‍ കേന്ദ്രത്തോട് കേരളം പറയാത്തത് ഒരു സഹകാരി പറഞ്ഞു

[mbzauthor]

മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ തോന്നുംപടി പലിശ നല്‍കി നിക്ഷേപം സ്വീകരിക്കുന്നത് ഈ മേഖലയുടെ വിശ്വാസ്യത ഇല്ലാതാക്കുമെന്ന് കേന്ദ്രത്തെ അറിയിച്ച് ഒരു സഹകാരി. ദേശീയ സഹകരണ നയത്തിന്റെ ഭാഗമായി പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം സ്വീകരിക്കുന്ന ഘട്ടത്തിലാണ് കേരളത്തില്‍നിന്നുള്ള എം.പി.ജനാര്‍ദ്ദനന്‍ ഇക്കാര്യം അറിയിച്ചത്. സഹകരണ നയം രൂപീകരിക്കുമ്പോള്‍ പലിശ നിര്‍ണയത്തിലും ഒരു ഏകീകൃത നയമുണ്ടാകേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത് ഗൗരവമുള്ള നിര്‍ദ്ദേശമായി സഹകരണ മന്ത്രാലയം സ്വീകരിച്ചുവെന്നതാണ് ശ്രദ്ധേയം.

ജനാര്‍ദ്ദനന്‍ ഉന്നയിച്ച വിഷയം ഒരു പ്രധാന പ്രശ്‌നമായി കേരളം ഉയര്‍ത്തിക്കാണിക്കുന്നതാണ്. പലവട്ടം ഇത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ കേരളം കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍, ഒരു നയരൂപീകരണത്തിനുള്ള നിര്‍ദ്ദേശത്തില്‍ ഇത്തരമൊരു ആവശ്യം കേരളം മുന്നോട്ടുവെച്ചിട്ടില്ല. കേരളത്തിലെ സഹകരണ സംഘങ്ങള്‍ ഇന്ന് നേരിടുന്ന പ്രധാന പ്രശ്‌നവും വെല്ലുവിളിയുമാണ് മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ ഉയര്‍ന്ന പലിശ ഓഫര്‍ ചെയ്ത് പൊതുജനങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിക്കുന്നത്.

ഇതിനെയാണ് ജനാര്‍ദ്ദനന്‍ ചോദ്യം ചെയ്യുന്നത്. ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയിലാണ് തന്റെ അഭിപ്രായം അറിയിക്കുന്നത് എന്ന ആമുഖത്തോടെയാണ് ജനാര്‍ദ്ദനന്‍ ഇക്കാര്യം പറയുന്നത്. മറ്റേതൊരു വകുപ്പില്‍നിന്നും വ്യത്യസ്തമായി സഹകരണ വകുപ്പിന് സമഗ്രമായ മാറ്റം വേഗത്തില്‍ നടപ്പാക്കാന്‍ കഴിയും. അതിന് സഹകരണ സംഘങ്ങളില്‍ ശരിയായ ഭരണസംവിധാനവും ഫലപ്രദമായ രീതിയും ഉണ്ടാകണമെന്ന് മാത്രം. ഇതിന് ആദ്യം വേണ്ടത്, നിക്ഷേപങ്ങള്‍ക്കും വായ്പകള്‍ക്കുമുള്ള പലിശ നിര്‍ണയം റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദ്ദേശം അനുസരിച്ചാകണമെന്നതാണ്. കേന്ദ്ര-സംസ്ഥാന തലത്തിലുള്ള സഹകരണ സംഘങ്ങളിലും നിധി പോലുള്ള കമ്പനികളിലും വ്യത്യസ്തമായ പലിശ നിരക്കാണുള്ളത്. സംസ്ഥാന തലത്തിലുള്ള സഹകരണ സംഘങ്ങള്‍ നിക്ഷേപങ്ങള്‍ക്ക് 6.75 ശതമാനം പലിശ നല്‍കുമ്പോള്‍ മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങളും നിധികളും 12.5 ശതമാനമൊക്കെയാണ് പലിശ നല്‍കുന്നത്. ഇത് സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങള്‍ക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. അതിനാല്‍, പലിശ നിരക്കുകള്‍ നിശ്ചയിക്കുന്നതിന് ഏകീകൃത മാനദണ്ഡം അനിവാര്യമാണ്- ജനാര്‍ദ്ദനന്‍ നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.

[mbzshare]

Leave a Reply

Your email address will not be published.