തൃശൂർ സഹകരണ ബാങ്കില്‍ ഒരുതരത്തിലുള്ള കള്ളപ്പണ ഇടപാടും നടന്നിട്ടില്ല – ബാങ്ക് പ്രസിഡന്റ് എം.കെ. കണ്ണൻ
കരുവന്നൂര്‍ സഹകരണ ബാങ്കിൽ നടന്ന കളളപ്പണക്കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന് തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ അക്കൗണ്ട് ഉണ്ടെങ്കിലും ഒരുതരത്തിലുള്ള കള്ളപ്പണ ഇടപാടും നടന്നിട്ടില്ലെന്ന് തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ. കണ്ണന്‍ മൂന്നാംവഴിയോട് പറഞ്ഞു.
2006 മുതല്‍ സതീഷ് കുമാറിന്റേയും ഭാര്യയുടേയും സഹോദരന്റേയും പേരില്‍ തൃശൂർ സഹകരണ ബാങ്കില്‍ അക്കൗണ്ട് ഉണ്ട് .അതില്‍ ആകെ 7 ലക്ഷം രൂപയാണ് ഉള്ളത്. കരുവന്നൂര്‍ ബാങ്കും തൃശൂര്‍ സഹകരണ ബാങ്കുമായി യാതൊരു പണമിടപാടുകളും നടത്തിയിട്ടില്ല. ഇ.ഡി ഇവിടെ നിന്ന് ഒന്നും കണ്ടുപിടിച്ചിട്ടില്ല. ഇത് പരിശോധനയല്ല സര്‍വ്വേ മാത്രമാണ്. ഇ.ഡി സംഘം ഒരു ചോദ്യംചെയ്യലും നടത്തിയിട്ടില്ല. ചില സംശയങ്ങള്‍ ചോദിച്ചു. അതിനു മറുപടി പറഞ്ഞു. ഞങ്ങൾക്ക് ഒന്നും മറച്ചുവയ്ക്കാനില്ല.- എം.കെ.കണ്ണൻ പറഞ്ഞു.
400 കോടി രൂപ നിക്ഷേപമുള്ള ബാങ്കില്‍ നിന്ന് 370 കോടി രൂപ വായ്പ നല്‍കിയിട്ടുണ്ട്. 6.25 കോടി രൂപ ലാഭത്തിലുളള തൃശൂര്‍ സഹകരണ ബാങ്ക്, കെ.വൈ.സി ചട്ടം പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ബി.ജെ.പിയും, കോണ്‍ഗ്രസ്സും, ഇ.ഡിയും, ചില മാധ്യമങ്ങളും കൂടി നടത്തുന്ന ഒരു ഗൂഢാലോചനയാണിത്. അന്വേഷണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് കണ്ണന്‍ പറഞ്ഞു.
ഒരു ബാങ്കിലെ അക്കൗണ്ട് വിവരാവകാശ നിയമപ്രകാരം ചോദിച്ചാല്‍ പോലും കൊടുക്കാൻ പാടില്ല എന്നത് ബാങ്കിന്റെ നിയമമാണ്. എന്നാല്‍ പരിശോധനയുടെ ഭാഗമായി ഇ.ഡി ബാങ്കില്‍ നിന്നുളള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി. ഇതിലൂടെ നിയമവിരുദ്ധമായ പ്രവര്‍ത്തിയാണ് ഇ.ഡി ചെയ്യുന്നത്. – അദ്ദേഹം കുറ്റപ്പെടുത്തി.