തുലാവർഷം- കുട്ടനാട് താലൂക്കിലെ സഹകരണസംഘങ്ങൾ വെള്ളത്തിലായി. കൊയ്‌തെടുക്കാറായ  നെൽകൃഷിയും നശിക്കുന്നു.

adminmoonam

തുലാവർഷമഴയിൽ കുട്ടനാട് താലൂക്കിലെ സഹകരണസംഘങ്ങൾ വെള്ളത്തിലായി. സംഘങ്ങളിൽ സൂക്ഷിച്ചിരുന്ന വളവും കീടനാശിനികളും , കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഫർണിച്ചറുകളും ബുക്കുകളും രജിസ്റ്ററുകളും ഇപ്പോൾ വെള്ളത്തിലാണ്. ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും മറ്റന്നാളും അവധിയാണ്. ചമ്പക്കുളം, തെക്കേക്കര സഹകരണസംഘങ്ങളെ യാണ് തുലാവർഷ മഴ കൂടുതലായി ബാധിച്ചിരിക്കുന്നത്. മഴ ഇന്നും ശക്തമായി തുടർന്നാൽ താലൂക്കിലെ ഇരുപത്തിയഞ്ചോളം സഹകരണസംഘങ്ങളെ കാര്യമായി ബാധിക്കും.

2018ലെ പ്രളയത്തിൽ കുട്ടനാട് താലൂക്കിലെ മുഴുവൻ സഹകരണസംഘങ്ങളും വെള്ളത്തിലായിരുന്നു. വളവും ഫർണിച്ചറുകളും കമ്പ്യൂട്ടറുകളും ഉൾപ്പെടെ എല്ലാം നശിച്ചുപോയി. ആ സമയത്ത് സർക്കാർ സഹായം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെയും ലഭിച്ചില്ലെന്ന് താലൂക്കിലെ സഹകരണസംഘങ്ങൾ പരാതി പറയുന്നു. 10 മുതൽ 25 ലക്ഷം രൂപ വരെ പല സംഘങ്ങൾക്കും ഈ ഇനത്തിൽ ഫണ്ട് അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും തുക ലഭിച്ചിട്ടില്ല. വളവും മറ്റ് സാധനസാമഗ്രികളും നശിച്ചു പോയതിനാൽ സഹകരണ സംഘങ്ങളുടെ ഓഡിറ്റ് റിപ്പോർട്ടും പ്രശ്നത്തിലാണ്. ആ പണം ലഭിചിരുന്നെങ്കിൽ സഹകരണ സംഘങ്ങളുടെ ഓഫീസുകളും ഗോഡൗണുകളും ഉയർത്തി പണിയാമായിരുന്നു എന്ന് സഹകരണസംഘം പ്രതിനിധികൾ പറയുന്നു.

ഇന്നലെ മുതൽ പെയ്യുന്ന കനത്ത മഴയിൽ താലൂക്കിലെ  ഏക്കർ കണക്കിന് നെൽകൃഷി ഇപ്പോൾ  വെള്ളത്തിലായി. 10 ദിവസത്തിനകം കൊയ്‌തെടുക്കേണ്ട കൃഷിയാണ് ഇപ്പോൾ വെള്ളത്തിൽ ആയത്. മെഷീൻ ഉപയോഗിച്ച് പോലും കൊയ്‌തെടുക്കാൻ പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. കിഴക്കൻ പ്രദേശത്തുള്ള വെള്ളംകൂടിയെത്തിയാൽ പ്രതിസന്ധി വർദ്ധിക്കും.കൃഷിയിൽ നിന്നും ലഭിക്കുന്ന ആദായത്തിൽ നിന്നാണ് സഹകരണസംഘങ്ങളിലെ കുടിശ്ശികയും വായ്പയും കർഷകർ തീർത്തിരുന്നത്. ശക്തമായ തുലാവർഷം കുട്ടനാട്ടിലെ കർഷകരുടെ മോഹങ്ങളും പ്രതീക്ഷയുമാണ് അരിഞ്ഞു കളഞ്ഞിരിക്കുന്നത്.

കർഷകർക്ക് സംഭവിക്കുന്ന ഏതുതരം പ്രതിസന്ധിയും പ്രദേശത്തെ സഹകരണ സംഘങ്ങളെയും പ്രതികൂലമായി ബാധിക്കും. ഇടയ്ക്കിടെ ഉണ്ടാവുന്ന മഴയും പ്രളയവും കുട്ടനാടിന്റെ ജനജീവിതത്തെ മാത്രമല്ല കാർഷിക സഹകരണ മേഖലയിലും കരിനിഴൽ വീഴ്ത്തുകയാണ്. ഇനി പ്രതീക്ഷ സർക്കാരിന്റെ സഹായത്തിലാണ്.
ശക്തമായ മഴയുടെ സാഹചര്യത്തിൽ നാളെ ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവത്തോടനുബന്ധിച്ച് ബുധനാഴ്ച ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News