തട്ടിപ്പ് മെഡിസെപ്പ് നടപ്പാക്കാൻ അനുവദിക്കില്ലെന്ന് എൻ.ജി.ഒ അസോസിയേഷൻ.
സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ്, തട്ടിപ്പ് പദ്ധതിയാണെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എൻ.കെ.ബെന്നി ആരോപിച്ചു.
ഇത് നടപ്പാക്കാൻ അനുവദിക്കില്ല. പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോയാൽ പണിമുടക്ക് ഉൾപ്പെടെയുള്ള സമരപരിപാടികൾക്ക് എൻ.ജി.ഒ അസോസിയേഷൻ നേതൃത്വം നൽകുമെന്ന് സംസ്ഥാന പ്രസിഡണ്ട് പറഞ്ഞു.
നിലവിലുള്ള മെഡിക്കൽ റീ ഇംപേഴ്സ്മെന്റ് സംവിധാനം നില നിർത്താതെ, സർക്കാർ വിഹിതം ഉറപ്പുവരുത്താതെ, ഗുണമേന്മയുള്ള ആശുപത്രികളെ എം.പാനലിൽ ഉൾപ്പെടുത്താതെ നടപ്പിലാക്കുന്ന മെഡിസെപ്പിലൂടെ സർക്കാരിന് പ്രീമിയം കൊള്ള നടത്തുവാനും അംബാനിക്ക് ജീവനക്കാരെ വഞ്ചിക്കുവാനുമുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അംബാനിക്ക് വേണ്ടി സർക്കാർ ഇത് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത് ദുഷ്ടലാക്കോടെ ആണ്. ഇത് അനുവദിക്കില്ലെന്ന് എൻ.ജി.ഒ അസോസിയേഷൻ മുന്നറിയിപ്പു നൽകി.സർക്കാർ വകുപ്പുകളുടെയും ജീവനക്കാരുടെയും എണ്ണം കുറച്ച് സർക്കാർ സംവിധാനം ചെറുതാക്കുന്ന സമീപനങ്ങൾ നവ ലിബറൽ ആശയങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ്.
5 സർക്കാർ വകുപ്പുകൾ ഒരുമിപ്പിച്ച് തദ്ദേശ സ്വയംഭരണ പൊതു സർവീസ് രൂപീകരിക്കാനുള്ള സർക്കാർ നീക്കവും, വിദ്യാഭ്യാസ വകുപ്പുകളുകളുടെ ലയനവും, ശമ്പള കമ്മീഷന്റെ നിയമനം വൈകിക്കുന്നതും ഇതിന്റെ തന്നെ ഭാഗം തന്നെയാണെന്ന് വെളിവായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് സിറ്റി ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡണ്ട് സന്തോഷ് കുനയിൽ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ നേതാക്കളായ എൻ. പി. ബാലകൃഷ്ണൻ, പി വി നയൻ എം.ഡി. മധു, കെ. വിനോദ് കുമാർ, എം. ഷിബു, പി.വിജയൻ എന്നിവർ സംസാരിച്ചു.