ഡോ. വര്‍ഗീസ് കുര്യന്റെ ഓര്‍മയ്ക്കായി പ്രത്യേക പോസ്റ്റല്‍ കവര്‍
ധവള വിപ്ലവത്തിന്റെ പിതാവായ ഡോ. വര്‍ഗീസ് കുര്യന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി തപാല്‍ വകുപ്പ് പ്രത്യേക പോസ്റ്റല്‍ കവര്‍ പുറത്തിറക്കി. മലബാര്‍ മില്‍മയുമായി സഹകരിച്ച് പുറത്തിറക്കിയ പോസ്റ്റല്‍ കവറിന്റെ പ്രകാശനം പെരിങ്ങളത്തെ മില്‍മ ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ്. മണിക്ക് നല്‍കി ഉത്തര മേഖല പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ടി. നിര്‍മല ദേവി നിര്‍വഹിച്ചു.
ഡോ. വര്‍ഗീസ് കുര്യന്റെ പേരില്‍ സ്റ്റാമ്പും ഇറക്കാനാവണമെന്നും അതിനായുള്ള പരിശ്രമങ്ങള്‍ ഉണ്ടാവണമെന്നും പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ പറഞ്ഞു. ചടങ്ങില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി അധ്യക്ഷത വഹിച്ചു. ജന്മനാടായ കോഴിക്കോട്ട് ഡോ. വര്‍ഗീസ് കുര്യന് ഉചിതമായ സ്മാരകം ഉണ്ടാവണമെന്നും അതിനായുള്ള പരിശ്രമങ്ങള്‍ തുടങ്ങിയതായും മണി പറഞ്ഞു. പോസ്റ്റ് ഓഫീസസ് സീനിയര്‍ സൂപ്രണ്ട് കെ. സുകുമാരന്‍ സംസാരിച്ചു. മലബാര്‍ മില്‍മയുടെ ഡയരക്ടര്‍ പി. ശ്രീനിവാസന്‍ സ്വാഗതവും മലബാര്‍ മില്‍മ മാനേജിംഗ് ഡയരക്ടര്‍ ഡോ. പി. മുരളി നന്ദിയും പറഞ്ഞു.