ഡല്‍ഹി അന്താരാഷ്ട്ര മേളയില്‍ സുവര്‍ണ നേട്ടത്തില്‍ കേരളം; സഹകരണത്തിനും അഭിമാനം

moonamvazhi

ഡല്‍ഹിയില്‍ നടന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറില്‍ മികച്ച പവലിയനുള്ള അംഗീകാരം നേടി കേരളം. സുവര്‍ണ പതക്കം അടങ്ങുന്ന മെമെന്റോ കേരളം സ്വന്തമാക്കി. ‘വോക്കല്‍ ഫോര്‍ ലോക്കല്‍, ലോക്കല്‍ ടും ഗ്ലോബല്‍’- എന്ന തീമിലാണ് മേള സംഘടിപ്പിച്ചത്. 624 ചതുരശ്രമീറ്റര്‍ ഏരിയയില്‍ ഈ തീം കേരളം പൂര്‍ണമായി അവതരിപ്പിച്ചു. സഹകരണ സംഘങ്ങളുടെ പ്രദേശിക ഉല്‍പന്നങ്ങള്‍ മികച്ചനിലയില്‍ ഏകോപനത്തോടെ മേളയില്‍ അവതരിപ്പിച്ച് ‘ലോക്കല്‍ ടു ഗ്ലോബര്‍’ സന്ദേശം അന്വര്‍ത്ഥമാക്കിയത് സഹകരണ വകുപ്പാണ്. അതിനാല്‍, കേരളത്തിന്റെ സുവര്‍ണ നേട്ടത്തില്‍ സഹകരണ വകുപ്പിനാണ് അഭിമാനിക്കാന്‍ ഏറെയുള്ളത്.

എല്ലാവര്‍ഷവും മേള നടക്കാറുണ്ടെങ്കിലും സഹകരണ സംഘങ്ങളുടെ പങ്കാളിത്തം ഇതിലുണ്ടാകാറില്ല. ആ രീതി മാറ്റാനുള്ള സഹകരണ സംഘം രജിസ്ട്രാറുടെ തീരുമാനമാണ് ഈ നേട്ടത്തിനും ഒരുഘടകമായത്. എങ്ങനെ പങ്കാളികളാകണമെന്നതിന് രജിസ്ട്രാറുടെ നേതൃത്വത്തില്‍ ഒരു പ്ലാന്‍ തയ്യാറാക്കിയിരുന്നു. വിവിധ സംഘങ്ങളുടെ ഒരേ ഉല്‍പന്നങ്ങള്‍ ഒന്നിച്ച് പ്രദര്‍ശിപ്പിക്കുന്ന രീതി മാറ്റണമെന്ന തീരിമാനിച്ചതാണ് ഇതില്‍ പ്രധാനമായത്. സഹകരണ എക്‌സ്‌പോയില്‍ പങ്കെടുത്ത സംഘങ്ങളുടെ നല്ല ഉല്‍പന്നങ്ങളുടെ പട്ടിക തയ്യാറാക്കി.

വെളിച്ചെണ്ണ, നാളികേര ഉല്‍പന്നങ്ങള്‍ എന്നിവയാണ് സഹകരണ ഉല്‍പന്നങ്ങളില്‍ കൂടുതല്‍ സംഘങ്ങള്‍ക്കുമുള്ളത്. ഇവ പല അളവിലുള്ളതാക്കി ഓരോ സംഘങ്ങള്‍ക്ക് വീതം വെച്ചു. കേരളത്തിന്റെ തനത് ഉല്‍പന്നങ്ങള്‍ അവതരിപ്പിച്ചു. പൊക്കാളി അരിയും, മറയൂര്‍ ശര്‍ക്കരയും, വയനാടന്‍ കാപ്പിയും, കരുമുളകും, കാട്ടുമഞ്ഞളുമെല്ലാം ഇതില്‍ ഉള്‍പ്പെടുത്തി. ഈ പ്ലാന്‍ അനുസരിച്ച് ഉല്‍പന്നങ്ങള്‍ ഡല്‍ഹിയില്‍ എത്തിക്കാന്‍ ഓരോ സംഘങ്ങളെയും ഏല്‍പിക്കാമെന്നതായിരുന്നു ആദ്യം ഉണ്ടായ നിര്‍ദ്ദേശം. അതിന് പകരം കോഓപ് മാര്‍ട്ടിന്റെ പേരില്‍ സ്റ്റാള്‍ സ്ഥാപിക്കാമെന്നും, അതിന്റെ നിര്‍വഹണ ഏജന്‍സിയായ എന്‍.എം.ഡി.സി.ക്ക് തന്നെ മേളയുടെ ചുമതലയും നല്‍കാമെന്ന തീരുമാനമെടുത്തത് രജിസ്ട്രാറാണ്. രജിസ്ട്രാറുടെ ‘പ്ലാന്‍’ മികച്ച രീതിയില്‍ നടപ്പാക്കാന്‍ എന്‍.എം.ഡി.സിക്ക് കഴിഞ്ഞു.

മികച്ച രീതിയിലായിരുന്നു കേരളത്തിന്റെ സഹകരണ സ്റ്റാളിന്റെ പ്രകനം. ബിസിനസ് ഏജന്‍സികളും വ്യാപാരികളും ഉപഭോക്താക്കളും ഇവിടേക്ക് എത്തി. വന്‍ വില്പനയാണ് സ്റ്റാളിലുണ്ടായത്. ഇന്റര്‍നാഷണല്‍ കോഓപ്പറേറ്റീവ് അലയന്‍സ് ഏഷ്യ പസഫിക് റീജിയണല്‍ ഡയറക്ടര്‍ നേരിട്ട് പവലിയനിലെത്തി അഭിനന്ദനം അറിയിച്ചു. ഇതിനൊക്കെ ഒടുവില്‍ മേളയിലെ ഏറ്റവും മികച്ച പവലിയനുള്ള അംഗീകാരം കേരളം സ്വന്തമാക്കുകയും ചെയ്തു. മേള അവസാനിക്കുമ്പോള്‍ സ്വര്‍ണപതക്കവുമായാണ് ഡല്‍ഹിയില്‍നിന്ന് കേരളത്തിന്റെ മടക്കം.

Leave a Reply

Your email address will not be published. Required fields are marked *

Latest News