ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് പൂച്ചെണ്ടും കിറ്റും നൽകിയതു കൊണ്ട് കാര്യമില്ലെന്ന് ലാഡർ ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ.
ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് പൂച്ചെണ്ടും കിറ്റും നൽകിയതു കൊണ്ട് കാര്യമില്ലെന്ന് ലാഡർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ പറഞ്ഞു. അവർക്ക് ജീവിക്കാൻ എന്ത് മാർഗം എന്നാണ് ആലോചിക്കേണ്ടത്. അതിന് പരിഹാരം ചെയ്യാൻ ഏറ്റവും കൂടുതൽ സാധിക്കുക സഹകരണമേഖലയ്ക്ക് ആണ്. ഐടി മേഖലയിലുള്ള ജോലി വിട്ടു വരുന്നവർ 30 പേർ ഒത്തൊരുമിച്ചാൽ ഐടി സഹകരണസംഘങ്ങൾ തുടങ്ങാൻ കഴിയും. അതുപോലെതന്നെ തിരിച്ചുവരുന്ന ഡ്രൈവർമാർ 30 പേർ കൂടിയാൽ അവർക്ക് യൂബർ പോലെയുള്ള ടാക്സി സർവീസ് നടത്താൻ കഴിയും. ഇത്തരത്തിൽ എൻജിനീയറിങ് രംഗത്തുള്ള ആളുകൾ ഓരോ ബ്രാഞ്ചുകൾ വെച്ച് 30 ആളുകൾ കൂടിയാൽ എൻജിനീയറിങ് ഗ്രൂപ്പുകൾ തുടങ്ങാൻ പറ്റും. കേരളത്തിൽ ഏറ്റവും കൂടുതൽ മെക്കാനിക്കൽ ഇൻഡസ്ട്രിക്ക് സാധ്യതയുണ്ട്. ഇപ്പോൾ ബാംഗ്ലൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നാണ് സാധനങ്ങൾ എത്തിക്കുന്നത്. മാത്രമല്ല പി.ഡബ്ല്യു.ഡി, കെ.എസ്.ഇ.ബി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി സാധ്യത കൂടുതലാണ്. മറ്റു സിവിൽ എൻജിനീയറിങ് വിഭാഗത്തിൽ ലേബർ കോൺട്രാക്ട് സൊസൈറ്റികൾ രൂപീകരിക്കുകയോ സിവിൽ എൻജിനീയറിങ് കൺസൾട്ടിംഗ് സർവീസ് ആരംഭിക്കുകയോ ചെയ്യാം. അങ്ങനെ തുടങ്ങുന്ന സഹകരണസംഘങ്ങൾക്ക് മാത്രമേ കേരളത്തിൽ തൊഴിൽ സാധ്യത ഉണ്ടാക്കി കൊടുക്കാൻ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലേക്ക് വ്യവസായികൾ കടന്നുവരുന്നത് ദുർലഭം ആയിരിക്കും. വന്നാൽ തന്നെ എന്താണ് സംഭവിക്കുക എന്നത് നമ്മൾ കണ്ടതാണ്. പക്ഷേ സഹകരണ മേഖലയിൽ, ഒരു കൂട്ടത്തിന്റെ ആവശ്യം ആയതുകൊണ്ട് അവർ പറയുന്നതിന് വലിയ അംഗീകാരം കിട്ടും. സഹകരണ മേഖലയിൽ സൊസൈറ്റി തുടങ്ങാം എന്ന് മാത്രമല്ല സൊസൈറ്റികൾക്ക് എൻ.സി.ഡി.സി പോലുള്ള കേന്ദ്ര സഹകരണ ഫിനാൻസ് സ്ഥാപനങ്ങളോ പൊതുമേഖല ബാങ്കുകളോ വായ്പ കൊടുക്കാൻ തയ്യാറാകണം. അങ്ങനെ കേരളത്തിൽ തൊഴിൽ സാധ്യത വർദ്ധിപ്പിക്കാൻ കഴിയും.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ ഇപ്പോൾതന്നെ ഏഴായിരത്തിലധികം അന്യസംസ്ഥാന തൊഴിലാളികൾ ഉണ്ട്. ലാൻഡ് ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ( ലാഡർ) രണ്ടായിരത്തോളം അന്യസംസ്ഥാന തൊഴിലാളികൾ ഉണ്ട്. അവർ തിരിച്ചു പോവുകയോ പോകാനുള്ള സമ്മർദ്ദത്തിലോ ആണ്. ഈ ഒഴിവുകളിൽ പതിനായിരക്കണക്കിന് ജോലി സാധ്യതയാണുള്ളത്. പക്ഷേ ജോലിചെയ്യാൻ ആളുകൾ തയ്യാറാകണം. വിദേശങ്ങളിൽ നിന്ന് മാത്രമല്ല അന്യസംസ്ഥാനങ്ങളിൽനിന്ന് ജോലി ഇല്ലാതെ മടങ്ങുന്നവർക്കും ഈ സാധ്യതകൾ ഉപയോഗിക്കാം. മടങ്ങി വരുന്നവരെ പ്രോത്സാഹിപ്പിക്കാൻ കേരള സർക്കാർ മുൻകൈയെടുക്കണം. വരുന്നവർക്ക് സ്വാഗതമോതി അതു കഴിഞ്ഞ് അവരെ തിരിഞ്ഞു നോക്കാതെ വരുമ്പോഴാണ് അരാജകത്വം വരുന്നത്. ഇവർ വന്നുകഴിഞ്ഞാൽ എന്തെല്ലാമാണ് ചെയ്യുന്നത് എന്നത് സർക്കാർ നിരീക്ഷണ വിധേയമാക്കണം.
നമ്മൾക്ക് വേണ്ട എല്ലാ സാധനങ്ങളും ഉല്പാദിപ്പിക്കാൻ നമുക്ക് കഴിയണം. കൃഷി ചെയ്യണം എന്ന് പറഞ്ഞാൽ പോരാ കാലാവസ്ഥ മൂലം കൃഷിക്ക് ഉണ്ടാകുന്ന നഷ്ടം എങ്ങനെ നികത്തണം, ആര് നികത്തും, കൃഷിയുടെ ഉൽപ്പന്നങ്ങൾ ആര് മാർക്കറ്റ് ചെയ്യും, ആര് വാങ്ങും, ആര് പ്രോത്സാഹിപ്പിക്കും ഇതെല്ലാം സർക്കാർ പറയണം. കേരളത്തിൽ ടൂറിസം മേഖലയിൽ വലിയ സാധ്യതയുണ്ട്. ടൂറിസം സഹകരണ സംഘങ്ങൾ ഉണ്ടാക്കുകയും ഭംഗിയായി നടക്കുന്നുണ്ടോ എന്ന് മേൽനോട്ടം വഹിക്കുകയും വേണം.
പൊതുമേഖലാ ബാങ്കുകൾ കേരളത്തിൽനിന്നും വാങ്ങിയിട്ടുള്ള ഡെപ്പോസിറ്റിൽ 80 ശതമാനം കേരളത്തിൽ തന്നെ വായ്പ കൊടുക്കാൻ സംസ്ഥാന സർക്കാർ ബാങ്കുകൾക്ക് മേൽ ശക്തമായ സമ്മർദ്ദം ചെലുത്തണം. നമ്മുടെ ഡെപ്പോസിറ്റ് വാങ്ങുകയും അന്യസംസ്ഥാനത്ത് വിതരണം ചെയ്യുകയും ചെയ്യുന്ന രീതിയാണ് ഇപ്പോൾ എസ്.ബി.ഐ പോലുള്ള പൊതുമേഖലാ ബാങ്കുകൾ ചെയ്യുന്നത്. ഇതിന് പരിഹാരം കാണണം. ജനങ്ങളെ പരമാവധി സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കാൻ നിർബന്ധിക്കണം അർബൻ ബാങ്കുകൾക്ക് വ്യവസായ ലോൺ കൊടുക്കാൻ സംസ്ഥാന സർക്കാർ ആർ ബി ഐ യിൽ സമ്മർദ്ദം ചെലുത്തണമെന്നും ലാഡർ ചെയർമാൻ ആവശ്യപ്പെട്ടു.