ജെ.ഡി.സി പരീക്ഷകൾ ജൂൺ 2 മുതൽ 10 വരെ.
ലോക് ഡൌൺനെ തുടർന്ന് മാറ്റിവെച്ച 2020ലെ ജെഡിസി പരീക്ഷകൾ ജൂൺ 2 മുതൽ 10 വരെ നടത്താൻ തീരുമാനിച്ചതായി സംസ്ഥാന സഹകരണ യൂണിയൻ അറിയിച്ചു. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ എട്ടു വിഷയങ്ങളിൽ സർക്കാർ നിയന്ത്രണങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായാണ് പരീക്ഷ നടത്തുക എന്ന് യൂണിയൻ സെക്രട്ടറി പറഞ്ഞു.
ഇതു പ്രകാരം ഈ തീയതികളിൽ സർക്കാരിന്റെയും അതാത് പ്രദേശത്തെ ബന്ധപ്പെട്ട ജില്ലാ ഭരണകൂടത്തിന്റെയും നിയന്ത്രണങ്ങൾക്കും മാർഗ്ഗ നിർദ്ദേശങ്ങൾക്കും വിധേയമായി ജെ ഡി സി പരീക്ഷകൾ നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്താൻ തീരുമാനിച്ചു. പരീക്ഷകൾ രാവിലെ 11 മുതലാണ് ആരംഭിക്കുക.
സാമൂഹിക അകലം പാലിച്ചുകൊണ്ട് സീറ്റ് ക്രമീകരിക്കുന്നതിനാൽ നിലവിലെ സ്ഥിതി അനുസരിച്ച് ഓരോ പരീക്ഷ കേന്ദ്രത്തിലും പരീക്ഷയ്ക്ക് ഇരിക്കാൻ കഴിയുന്ന വിദ്യാർത്ഥികളുടെ എണ്ണവും ശേഷിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണവും തിട്ടപ്പെടുത്തി തുടർനടപടി സ്വീകരിക്കാൻ പ്രിൻസിപ്പാൾ മാർക്ക് നിർദേശം നൽകി. പരീക്ഷാ ടൈംടേബിൾ ഉൾപ്പെടെയുള്ള തുടർ നിർദ്ദേശങ്ങൾ വരുംദിവസങ്ങളിൽ അറിയിക്കുമെന്ന് യൂണിയൻ സെക്രട്ടറി ടി.പത്മകുമാർ അറിയിച്ചു.