ജൂനിയർ കോ.ഓപ്പറേറ്റീവ് ഇൻസ്പെക്ടർ ലിസ്റ്റിൽ 500 പേർ മാത്രം.
ജൂനിയർ കോ.ഓപ്പറേറ്റീവ് ഇൻസ്പെക്ടർ തസ്തികയിലേക്കുള്ള പി.എസ്.സി യുടെ മെയിൻ ലിസ്റ്റ് അടുത്തദിവസം പ്രസിദ്ധീകരിക്കും. മെയിൻ ലിസ്റ്റിൽ അഞ്ഞൂറിൽ താഴെ പേർ മാത്രമേ ഉൾപ്പെട്ടിട്ടുള്ളൂ എന്നാണ് അറിയുന്നത്. 250 താഴെ പേരുടെ സപ്ലിമെന്ററി ലിസ്റ്റും തയ്യാറാക്കിയതായി അറിയുന്നു. നിരവധി നാളായുള്ള ഉദ്യോഗാർഥികളുടെ ആവശ്യം പരിഗണിക്കാതെയാണ് പി എസ് സി ലിസ്റ്റ് തയ്യാറാക്കിയതെന്ന ആരോപണമുണ്ട്.
അടുത്ത വർഷങ്ങളിൽ 500 ലധികം ഒഴിവുകൾ ഉണ്ടാകുമെന്നിരിക്കെയാണ് പട്ടിക വെട്ടി ചുരുക്കിയത്. ഇതോടെ ദീർഘനാളായി അവസരം കാത്തിരിക്കുന്ന നിരവധിപേർ പുറത്താകും. ഒട്ടേറെപ്പേരുടെ അവസാന അവസരം ആയിരുന്നു ഇത്. കഴിഞ്ഞതവണ ആയിരത്തിൽ താഴെ പേരുടെ മെയിൻ ലിസ്റ്റ് തയ്യാറാക്കിയിരുന്നു. ഇത്തവണ ഇതിന്റെ പകുതിപോലും ലിസ്റ്റ് തയ്യാറാകാത്തതിനുപിന്നിൽ വകുപ്പിലെ തന്നെ ഉദ്യോഗസ്ഥരുടെ ഇടപെടൽ ഉണ്ടെന്നാണ് ഉദ്യോഗാർഥികളുടെ ആക്ഷേപം.
രണ്ടുവർഷത്തിനുള്ളിൽ അറുനൂറോളം ഒഴിവുകൾ ഉണ്ടാകുമെന്നാണ് വിവരാവകാശ പ്രകാരം ഉദ്യോഗാർഥികൾക്ക് ലഭിച്ച മറുപടി. ഇതിനു പുറമെ മറ്റു ഒഴിവുകളും. ആയിരത്തോളം പേരുടെ ലിസ്റ്റ് തയ്യാറാക്കണം എന്ന ആവശ്യത്തിനു മുന്നിൽ പി.എസ്. സി മുഖം തിരിക്കുന്നത് കടുത്ത വിവേചനം ആണെന്നാണ് ഇവരുടെ ആക്ഷേപം. ഉദ്യോഗാർത്ഥികൾ വീണ്ടും സമരമുഖത്തേക്ക് ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ്.