ജൂനിയർ കോഓപ്പറേറ്റീവ് ഇൻസ്പെക്ടർ തസ്തികയുടെ മുഖ്യപട്ടികയിൽ 400 പേർ എന്ന് പി എസ് സി:900 പേരെ മുഖ്യപട്ടികയിൽ ഉൾപ്പെടുത്തണമെന്നു ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉദ്യോഗാർഥികളുടെ കൂട്ട അപേക്ഷ.
ജൂനിയർ കോ.ഓപ്പറേറ്റീവ് ഇൻസ്പെക്ടർ തസ്തികയുടെ മുഖ്യ പട്ടികയിൽ 400 പേർ എന്ന് പി എസ് സി ഔദ്യോഗികമായി പറഞ്ഞു. വിവരാവകാശരേഖ പ്രകാരം നൽകിയ മറുപടിയിലാണ് പി.എസ്. സി യുടെ വെളിപ്പെടുത്തൽ.900 പേരെ മുഖ്യപട്ടികയിൽ ഉൾപ്പെടുത്തണമെന്നു ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉദ്യോഗാർഥികൾ കൂട്ട അപേക്ഷ നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷയുടെ പൂർണ്ണരൂപം താഴെ.
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി മുമ്പാകെ സമർപ്പിക്കുന്ന അപേക്ഷ
സർ,
വളരെ അടിയന്തമായി താങ്കളുടെ ശ്രദ്ധ പതിയുന്നതിനും ഉചിതമായ നടപടികൾ സ്വീകരിക്കുന്നതിനും വേണ്ടിയാണ് ഞങ്ങൾ ഈ അപേക്ഷ അങ്ങേയ്ക്ക് മുമ്പാകെ സമർപ്പിക്കുന്നത്.സഹകരണ വകുപ്പിൽ ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ (237/2018) തസ്തികയിലേക്ക് വേണ്ടിയുള്ള പരീക്ഷ 01/02/2020 തീയതിയിൽ നടത്തിയിരുന്നു. പ്രസ്തുത തസ്തികയിലേക്ക് വേണ്ടിയുള്ള ചുരുക്കപട്ടികയുടെ മുഖ്യ പട്ടിക 400 പേരെ മാത്രം ഉൾപ്പെടുത്തി തയ്യാറാക്കാൻ കേരള പി.എസ്.സി തീരുമാനിച്ചതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളിൽ നിന്നും അറിയുവാൻ കഴിഞ്ഞു.
ഇതു ഞങ്ങളെപ്പോലുള്ള ഉദ്യോഗാർത്ഥികളിൽ വളരെ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. ടി തസ്തികയിലേക്ക് വേണ്ടി 17/8/2015 ൽ നിലവിൽ വന്ന മുൻ ലിസ്റ്റിൽ മുഖ്യപട്ടികയിൽ മാത്രം 992 പേരും അതിനു ആനുപാതികമായ ഉപപട്ടികയും ഉൾപ്പടെ 2000 പേർ ഉണ്ടായിരുന്നു. ആ ലിസ്റ്റിൽ നിന്നും 935 പേർക്ക് നിയമനവും ലഭിച്ചു. ഈ സാഹചര്യത്തിൽ ഇനി വരാൻ പോകുന്ന ലിസ്റ്റ് മുൻ ലിസ്റ്റിലെ നിയമനത്തിന്റെ പകുതിയിൽ താഴെയായി ചുരുക്കുന്നത് നീതീകരിക്കാൻ കഴിയാത്തതാണ്.
ടി തസ്തികയിലേക്ക് വേണ്ടി 17/8/2015 ൽ നിലവിൽ വന്ന ലിസ്റ്റിന്റെ കാലാവധി 16/8/2018 ൽ അവസാനിച്ചിരിക്കുകയാണ്. അതിനു ശേഷം നാളിതുവരെ 109 ഒഴിവുകൾ പി. എസ്. സി യിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ നിലവിൽ ധാരാളം ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനും ഉണ്ടെന്നാണ് വകുപ്പിൽ നിന്നും അറിയാൻ കഴിഞ്ഞത്. ടി തസ്തികയ്ക്ക് വേണ്ടിയുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു ഇന്റർവ്യൂ നടത്തി അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു ഈ വർഷം തന്നെ നിയമനം ആരംഭിച്ചാലും അതുവരെയുള്ള ഒഴിവുകളും, ലിസ്റ്റ് നിലവിൽ വന്നതിനു ശേഷമുള്ള 3 വർഷ കാലാവധി വരെയുള്ള ഒഴിവുകളും എല്ലാം കൂടി പരിഗണിച്ചാൽ 5 വർഷത്തോളമോ അതിൽ കൂടുതലോ ഉള്ള സമയത്തെ ഒഴിവുകൾ നിലവിൽ വരാൻ പോകുന്ന ലിസ്റ്റിൽ നിന്നും നികത്തേണ്ടതായി വരുന്നതാണ്. അതുകൊണ്ട് തന്നെ 400 പേരെ മുഖ്യ പട്ടികയിൽ ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു ലിസ്റ്റ് ആണ് പ്രസിദ്ധീകരിക്കുന്നത് എങ്കിൽ ലിസ്റ്റ് പ്രസിദ്ധീകരിച്ചു 1 വർഷം കൊണ്ട് തന്നെ ലിസ്റ്റിൽ നിന്നുള്ള നിയമനം അവസാനിക്കുന്ന സ്ഥിതി വിശേഷം ഉണ്ടാകും.
നിലവിൽ റിപ്പോർട്ട് ചെയ്ത ഒഴിവുകളും ഇനി റിപ്പോർട്ട് ചെയ്യാൻ ഉള്ള ഒഴിവുകൾക്കും പുറമേ വിരമിക്കൽ, സ്ഥാനക്കയറ്റം എന്നിവ വഴി വരും വർഷങ്ങളിൽ ധാരാളം ഒഴിവുകൾ ടി തസ്തികയിൽ ഉണ്ടാകുമെന്നും വിവരാവകാശ നിയമം അനുസരിച്ചു സഹകരണ വകുപ്പിൽ നിന്നും ലഭിച്ച വിവരങ്ങളിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. അങ്ങയാണെങ്കിൽ ഈ തസ്തികയിലേക്ക് മുൻ ലിസ്റ്റിൽ നിന്നും 992 നിയമനം നടന്ന സാഹചര്യവുമായി തട്ടിച്ചുനോക്കിയാൽ വരാൻ പോകുന്ന ലിസ്റ്റിന്റെ 3 വർഷ കാലാവധിക്കുള്ളിൽ 900 നിയമനങ്ങൾ എങ്കിലും ഇനി വരാൻ പോകുന്ന ലിസ്റ്റിൽ നിന്നും നടത്തേണ്ടി വരും.അതുകൊണ്ട് തന്നെ ടി തസ്തികയ്ക്ക് ഇനി വരാൻ പോകുന്ന ലിസ്റ്റിൽ നിന്നും 900 പേരെ മുഖ്യ പട്ടികയിൽ ഉൾപ്പെടുത്തുകയും അതിനു ആനുപാതികമായി ഉപ പട്ടികയും തയ്യാറാക്കി വിപുലമായ ലിസ്റ്റ് പ്രസിദ്ധീകരിച്ചാൽ മാത്രമേ ലിസ്റ്റിന്റെ 3 വർഷ കാലാവധിക്കുള്ളിൽ ഉണ്ടാകുന്ന മുഴുവൻ ഒഴിവുകളിലേക്കും ടി പട്ടികയിൽ നിന്നും നിയമനം നടത്താൻ കഴിയുകയുളളൂ.
മാത്രവുമല്ല 01/2/2020 ൽ നടത്തിയ ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ തസ്തികയിലേക്ക് വേണ്ടിയുള്ള പരീക്ഷ മറ്റു 5 തസ്തികയ്ക്കും (007/2019, 008/2019/021/2019, 022/2019, 135/2017)വേണ്ടിയുള്ള പൊതുപരീക്ഷ ആയിരുന്നു. ഈ 5 തസ്തികളുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നവർ ഇതിലേയും മുഖ്യപട്ടികയിൽ ഉൾപെടും എന്നതിനാൽ ധാരാളം എൻ.ജെ.ഡി ഒഴിവുകൾ ഉണ്ടാകും.
കൂടാതെ 2:2:1 എന്ന അനുപാതത്തിൽ നിയമനം നടത്തുന്ന ടി തസ്തികയിൽ സ്ഥാനക്കയറ്റം, തസ്തികമാറ്റ നിയമനത്തിനായി തയ്യാറാകുന്ന ലിസ്റ്റിൽ നിന്നും നികത്തേണ്ടതാണ്. ആയതിനാൽ ഇനി വരാൻ പോകുന്ന ലിസ്റ്റിലെ മുഖ്യപട്ടികയിലെ ഉദ്യോഗാർഥികളുടെ എണ്ണം നിശ്ചയിക്കുമ്പോൾ പി.എസ്. സി ഇക്കാര്യം ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്.
ഞങ്ങളിൽ പലരും ഒരു പി.എസ്.സി പരീക്ഷ എഴുതാൻ കഴിയാത്ത വിധം പ്രായ പരിധി കഴിഞ്ഞവർ ആണ് മാത്രവുമല്ല സഹകരണ ബിരുദധാരികൾക്ക് സംസ്ഥാന സർക്കാർ സർവീസിലേക്ക് അപേക്ഷിക്കാൻ കഴിയുന്ന തസ്തികകളും വളരെ വിരളമാണ്. അതു കൊണ്ട് തന്നെ ഞങ്ങൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു തസ്തിക ആണിത്. ആയതിനാൽ അങ്ങ് ഈ വിഷയം ഗൗരവപൂർവം പരിഗണിക്കണം എന്നും മുൻ വർഷങ്ങളിൽ ഈ തസ്തികയിലേക്ക് വേണ്ടി തയ്യാറാക്കിയ ലിസ്റ്റുകളിലെ ഉദ്യോഗാർഥികളുടെ എണ്ണം, നിയമന നില എന്നിവ പരിശോധിച്ച് കൊണ്ടും വരാൻ പോകുന്ന ഒഴിവുകൾ മുഴുവൻ ടി ലിസ്റ്റിൽ നിന്നും തന്നെ നിയമനം നടത്തുന്നതിന് വേണ്ടി അതിനു ആനുപാതികമായി 900 ഉദ്യോഗാർത്ഥികളെ എങ്കിലും മുഖ്യ പട്ടികയിൽ ഉൾപ്പെടുത്തി കൊണ്ടുള്ള വിപുലമായ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണം എന്ന് അപേക്ഷിക്കുന്നു.
കോവിഡ് 19 രോഗവുമായി ബന്ധപ്പെട്ട ഇന്നത്തെ സാഹചര്യത്തിൽ നേരിട്ടോ തപാൽ മാർഗമോ പരാതി സമർപ്പിക്കാൻ കഴിയാത്ത സാഹചര്യം ആയതിനാലാണ് വാട്സ്ആപ്പ് വഴി ഈ വിഷയം അങ്ങേയ്ക്ക് മുൻപാകെ സമർപ്പിക്കുന്നതെന്ന് ഉദ്യോഗാർത്ഥികൾ കൂട്ടമായ നൽകിയ അപേക്ഷയിൽ പറയുന്നു.