ചേന്ദമംഗലം കൈത്തറി മേഖലയില്‍ പ്രശ്‌നങ്ങള്‍തീരുന്നില്ല

[mbzauthor]

 

– വി.എന്‍. പ്രസന്നന്‍

കടുത്ത പ്രശ്‌നങ്ങള്‍ക്കിടയിലും  പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും
സര്‍ക്കാരില്‍ നിന്നുള്ള റിബേറ്റും പ്രൊഡക്ഷന്‍ ഇന്‍സെന്റീവും യഥാസമയം
കിട്ടാത്തത് ചേന്ദമംഗലം കൈത്തറി മേഖലയെ തളര്‍ത്തുന്നു. നഷ്ടത്തിലുള്ള
സംഘങ്ങളെ ലാഭത്തിലുള്ളവയുമായി ലയിപ്പിക്കുന്നതടക്കമുള്ള
മാര്‍ഗങ്ങള്‍ സംഘങ്ങളുടെ ലക്ഷയ്‌ക്കെത്തുമോ എന്നു കണ്ടറിയണം.

എറണാകുളം ചേന്ദമംഗലം കൈത്തറി സഹകരണ മേഖലയില്‍ ചില സംഘങ്ങള്‍ പ്രശ്‌നത്തില്‍. ഉല്‍പ്പാദന പ്രോത്സാഹനക്കുടിശ്ശിക തൊഴിലാളികളെ ബുദ്ധിമുട്ടിക്കുമ്പോള്‍, ഹാന്റക്‌സ് നല്‍കേണ്ട തുകയും സര്‍ക്കാരില്‍നിന്നുള്ള റിബേറ്റ് തുകയും യഥാസമയം കിട്ടാത്തതും കോവിഡ് മൂലം ഉത്സവകാല റിബേറ്റ് വിപണനമേളകള്‍ അടക്കമുള്ള വില്‍പ്പനകള്‍ ശുഷ്‌കമായതും സംഘങ്ങളെ ബുദ്ധിമുട്ടിക്കുന്നു. പൊതുവെ സംഘങ്ങള്‍ പ്രശ്‌നങ്ങള്‍ക്കിടയിലും പിടിച്ചുനില്‍ക്കുകയും നന്നായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടെങ്കിലും കുര്യാപ്പിള്ളി കൈത്തറി നെയ്ത്തു സഹകരണ സംഘം 3476 പോലുള്ള ചില സംഘങ്ങളില്‍ കൂലിയും ശമ്പളവും മുടങ്ങിയിരിക്കുകയാണ്. നന്നായി പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍, ബിസിനസിനോടൊപ്പം പൊതുനന്‍മ കൂടി ലാക്കാക്കി പ്രവര്‍ത്തിക്കുന്ന സാമൂഹിക സംരംഭകരുടെ സഹായവും അവരുടെ ഓര്‍ഡറുകളും കൊണ്ടാണു മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നത്. നഷ്ടത്തിലുള്ള സംഘങ്ങളെ ലാഭത്തിലുള്ളവയുമായി ലയിപ്പിക്കുന്നതടക്കമുള്ള മാര്‍ഗങ്ങള്‍ അധികൃതര്‍ പരിഗണിക്കുന്നതായി സൂചനയുണ്ട്.

പ്രോത്സാഹനത്തുക
എവിടെ ?

കൈത്തറിത്തൊഴിലാളികള്‍ക്ക് ഉല്‍പ്പാദന പ്രോത്സാഹനം ( production incentive) മൂന്നു വര്‍ഷമായി ലഭിക്കുന്നില്ല. ആഴ്ചയില്‍ പരാമാവധി 900 രൂപ വീതം മാസം 3600 രൂപവരെ കിട്ടിയിരുന്നതാണ്. ഇത് ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാന്‍ നല്‍കിയ തുകയാണെന്നും തൊഴിലാളികളുടെ അവകാശമല്ലെന്നുമാണ് അധികൃതരുടെ ഭാഷ്യം. ഹാന്റക്‌സ് ചരക്ക് എടുത്ത വകയില്‍ മിക്ക സംഘങ്ങള്‍ക്കും പണം കിട്ടാനുണ്ട്. പറവൂര്‍ കൈത്തറി നെയ്ത്തു സഹകരണ സംഘം 3428ന് നാലു ലക്ഷം രൂപ ഹാന്റക്‌സില്‍നിന്നു കിട്ടാനുണ്ട്. കുര്യാപ്പള്ളി കൈത്തറി നെയ്ത്തു സഹകരണ സംഘം 3476നു 4,09,222 രൂപ കിട്ടാനുണ്ട്. ചെറായി 648-ാംനമ്പര്‍ കൈത്തറി നെയ്ത്തു സഹകരണ സംഘത്തിന് 1,12,820 രൂപ ലഭിക്കാനുണ്ട്. പറവൂര്‍ ടൗണ്‍ കൈത്തറി നെയ്ത്തു സഹകരണ സംഘം എച്ച്.ഐ (ഇ) 1ന് 2021 മാര്‍ച്ച് 31 ലെ കണക്കു പ്രകാരം 6,36,505 രൂപയാണു കിട്ടാനുള്ളത്. റിബേറ്റു കുടിശ്ശികയും പ്രശ്‌നമാണ്. 2010 മുതല്‍ ഇതു കുറേശ്ശേയാണു കിട്ടുന്നത്. കുര്യാപ്പള്ളി സംഘത്തിന് എട്ടു ലക്ഷത്തിലേറെ രൂപ റിബേറ്റ് ഇനത്തില്‍ സര്‍ക്കാരില്‍നിന്നു കിട്ടാനുണ്ട്. പറവൂര്‍ ടൗണ്‍ കൈത്തറി നെയ്ത്തു സഹകരണ സംഘ (എച്ച്.ഐ-ഇ1) ത്തിന് 2021 മാര്‍ച്ച് 31 വരെയുള്ള കണക്കുപ്രകാരം 45,46,245 രൂപ റിബേറ്റ് ഇനത്തില്‍ കിട്ടാനുണ്ടായിരുന്നു. 2020-21ല്‍ ഇതില്‍ 15,58,823 രൂപ ലഭിച്ചു.

നൂല്‍, ചായം
വില കൂടി

നൂല്‍, ചായം, മറ്റ് അസംസ്‌കൃത പദാര്‍ഥങ്ങള്‍ തുടങ്ങിയവയുടെ വില വളരെ കൂടിയതും ബുദ്ധിമുട്ടായി. ( ഇക്കാര്യം 2022 ജനുവരി ലക്കം ‘മൂന്നാംവഴി’ റിപ്പോര്‍ട്ടു ചെയ്തിരുന്നു.) 2020-21 ല്‍ മാത്രം നൂല്‍വില 30 ശതമാനം വര്‍ധിച്ചു. അതിനുമുമ്പത്തെ വര്‍ധനകൂടി കണക്കിലെടുത്താല്‍ 40 ശതമാനം മുതല്‍ 60 ശതമാനം വരെ വില കൂടിയിട്ടുണ്ടെന്നു ചില സംഘം ഭാരവാഹികള്‍ പറയുന്നു. ഉദാഹരണമായി എണ്‍പതാം നമ്പര്‍ നൂലിന്റെ വില മുമ്പ് 2100-3600 രൂപ തോതിലായിരുന്നു. ഇപ്പോള്‍ 2400-4000 രൂപ തോതിലാണ്. ചായം വില 40 ശതമാനം വരെ കൂടി. രാസവസ്തുക്കളുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. ദേശീയ കൈത്തറി വികസന കോര്‍പറേഷന്റെ ( National Handloom Development Corporation – NHDC) മേഖലാ ഓഫീസ് കണ്ണൂരില്‍നിന്നു ബംഗളൂരുവിലേക്കു മാറ്റിയതിനുശേഷം നൂല്‍ക്ഷാമം രൂക്ഷമായിരുന്നു. പണ്ടത്തെപ്പോലെ സുഗമമായി എന്‍.എച്ച്.ഡി.സി. ഓഫീസുമായി ബന്ധപ്പെടാന്‍ ഇപ്പോള്‍ കഴിയുന്നില്ല. നൂലും ചായങ്ങളും എന്‍.എച്ച്.ഡി.സി.യാണ് എത്തിക്കുന്നത്. ഓര്‍ഡര്‍ ചെയ്യുന്ന നൂലും ചായവും വളരെ വൈകിയാണ് എത്തുന്നത്. എന്‍.എച്ച്.ഡി.സി.യില്‍ നിന്നു ലഭിക്കുന്ന നൂല്‍ യാണ്‍ബാങ്കുകള്‍ വഴിയാണു സംഘങ്ങള്‍ക്കു വിതരണം ചെയ്യുന്നത്. ചേന്ദമംഗലത്തെ യാണ്‍ബാങ്കും ഒരു സഹകരണ സംഘമാണ്. യാണ്‍ബാങ്കിനും സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട്. 1995 മുതല്‍ 2005 വരെ മാത്രം വിവിധ സംഘങ്ങള്‍ക്കു നൂല്‍ നല്‍കിയ വകയില്‍ ഒരു കോടിയോളം രൂപ യാണ്‍ ബാങ്കിനു കിട്ടാനുണ്ട്.

വില്‍പ്പന
ഇടിഞ്ഞു

നെയ്ത്തുകൂലി 40 ശതമാനം വര്‍ധിപ്പിച്ചു. ( തൊഴിലാളികളുടെ കൂലി കൂട്ടിയപ്പോഴും സെക്രട്ടറിമാരുടെ ശമ്പളം പഴയപടി തുടരുകയാണ്. ചേന്ദമംഗലം കൈത്തറി നെയ്ത്തു സംഘങ്ങളിലെ സെക്രട്ടറിമാരില്‍ രണ്ടുമൂന്നു പേര്‍ക്കു മാത്രമാണ് 25,000-30,000 രൂപയെങ്കിലും ശമ്പളമുള്ളത്. മറ്റുള്ളവയിലൊക്കെ ശരാശരി 15,000 രൂപ മാത്രമാണു കിട്ടുന്നത്.) കൂലി കൂടുതല്‍ കൊടുക്കേണ്ടിവന്നപ്പോള്‍ ഉല്‍പ്പന്നവിലയും വര്‍ധിപ്പിച്ചു. പ്രളയത്തകര്‍ച്ചയില്‍നിന്നു പുനരുജ്ജീവിച്ച സംഘങ്ങളുടെ വില്‍പ്പന കോവിഡ് മൂലം തടസ്സപ്പെട്ടിരിക്കെയുണ്ടായ ഈ വിലവര്‍ധന വില്‍പ്പനയെ വീണ്ടും ബാധിച്ചു. എറണാകുളം ജില്ലയിലെ എല്ലാ കൈത്തറി നെയ്ത്തു സഹകരണ സംഘങ്ങളിലുമായി മൂന്നു കോടിയോളം രൂപയുടെ ചരക്ക് വിവിധ കാരണങ്ങളാലുണ്ടായ വില്‍പ്പനക്കുറവുമൂലം ബാക്കിയിരിപ്പുണ്ട്. പറവൂര്‍ കൈത്തറി സംഘം 3428 ല്‍ നാലായിരത്തില്‍പ്പരം 100-ാം നമ്പര്‍ ഡബിള്‍ മുണ്ടുകള്‍ വിറ്റഴിക്കാനുണ്ട്. ഓണം, വിഷു, ക്രിസ്മസ് കാലങ്ങളിലെ റിബേറ്റു വില്‍പനകള്‍ കോവിഡ് മൂലം കാര്യമായി നടന്നിരുന്നില്ല. ഈ സംഘത്തിന് ആലുവയിലെ വില്‍പ്പനശാല നിര്‍ത്തേണ്ടിവന്നു. കുര്യാപ്പിള്ളി സംഘത്തില്‍ 12 ലക്ഷത്തില്‍പ്പരം രൂപയുടെ ചരക്കുണ്ട്. എന്തായാലൂം ക്രിസ്മസ് റിബേറ്റ് ഇത്തവണ മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്.

വില്‍പ്പനയിടിവു സംഘങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കുന്നുണ്ട്. കോവിഡിനിടയിലും ഉല്‍പ്പാദനം വര്‍ധിപ്പിച്ചിട്ടും വില്‍പ്പന കഴിഞ്ഞവര്‍ഷത്തെക്കാള്‍ കുറഞ്ഞതായി പറവൂര്‍ കൈത്തറി സംഘം 3428 ന്റെ വാര്‍ഷിക റിപ്പോര്‍ട്ടു പറയുന്നു. 2020 മാര്‍ച്ച് 24 മുതല്‍ ഒരു മാസം കോവിഡ് മൂലം സംഘം പ്രവര്‍ത്തിച്ചില്ല. ലോക്ഡൗണ്‍ മൂലം വിഷു റിബേറ്റ് ഉണ്ടായില്ല. പകരം സര്‍ക്കാര്‍ സ്‌പെഷ്യല്‍ റിബേറ്റ് അനുവദിച്ചെങ്കിലും പ്രതീക്ഷിച്ച വില്‍പ്പന കിട്ടിയില്ല. കുര്യാപ്പിള്ളി സംഘത്തിനു 2019-20 ല്‍ 11,80,830 രൂപയുടെ ചരക്കു നിര്‍മിക്കാനായെങ്കിലും 5,50,230 രൂപയുടെ വില്‍പനയേ കിട്ടിയുള്ളൂ. 2020-21 ല്‍ 15,47,295 രൂപയുടെ ചരക്കുകള്‍ ഉല്‍പ്പാദിപ്പിക്കുകയും 18,75,980 രൂപയുടെ ചരക്കുകള്‍ വില്‍ക്കുകയും ചെയ്തു. 6,69,161 രൂപയുടെ നഷ്ടം ഈ സംഘത്തിന്റെ 2020-21 ലെ വാര്‍ഷികറിപ്പോര്‍ട്ട് രേഖപ്പെടുത്തുന്നു. പറവൂര്‍ ടൗണ്‍ കൈത്തറി നെയ്ത്തു സംഘം എച്ച്.ഐ.(ഇ)1ന്റെ വില്‍പ്പന 2019-20 ല്‍ 74,38,981 രൂപ ആയിരുന്നത് 2020-21 ല്‍ 50,09,556 രൂപയായി കുറഞ്ഞു. പ്രശ്‌നങ്ങള്‍ മൂലം പല സംഘങ്ങളും സര്‍ക്കാരിന്റെ സ്‌കൂള്‍ യൂണിഫോം നെയ്ത്തിലാണു കേന്ദ്രീകരിക്കുന്നത്. അതില്‍ നൂലും കൂലിയും സര്‍ക്കാര്‍ നല്‍കും.

നെയ്ത്തുകാര്‍ക്ക്
കൂലിയില്ല

പ്രശ്‌നങ്ങള്‍ രൂക്ഷമായ ഒരു സംഘമാണു കുര്യാപ്പിള്ളി കൈത്തറി നെയ്ത്തു സംഘം-3476. ഇവിടെ സ്ത്രീകള്‍ മാത്രമാണ് ഇന്നു നെയ്ത്തുകാരായുള്ളത്. 24 തൊഴിലാളികളുണ്ട്. 1954 ല്‍ സ്ഥാപിച്ച സംഘമാണിത്. യാണ്‍ബാങ്കില്‍ നാലു ലക്ഷം രൂപ കുടിശ്ശികയുണ്ട്. അതിനാല്‍ വളരെ കുറച്ചേ നൂല്‍ കിട്ടാറുള്ളൂ. അതുകൊണ്ടു പലര്‍ക്കും പണിയില്ല. നെയ്ത്തുകാര്‍ക്കു കൂലിയും സെക്രട്ടറിക്കു ശമ്പളവും കിട്ടാതായിട്ടു മാസങ്ങളായി. 2018 ലെ പ്രളയത്തില്‍ ഉല്‍പ്പന്നങ്ങളും തറികളും ഫര്‍ണിച്ചറുകളും രജിസ്റ്ററുകളും കമ്പ്യൂട്ടറുകളുമൊക്കെ നശിച്ചു തകര്‍ന്ന സംഘം സന്നദ്ധസംഘടനകളുടെ സഹായം കൊണ്ടാണു പുനര്‍ജനിച്ചത്. ഹൈദരാബാദിലെ ‘ഗതി കെ.ഡബ്ലിയു.ഇ’ (GATI KWE), ഗോപാല്‍ജി ഫൗണ്ടേഷന്‍, റോട്ടറിക്ലബ്ബ് ഓഫ് കൊച്ചിന്‍ നൈറ്റ്‌സ് എറണാകുളം, ന്യൂസിലാന്റ് മലയാളിക്കൂട്ടായ്മ, ചേംബര്‍ ഓഫ് കോമേഴ്‌സ്, ലേഖ എന്ന സന്നദ്ധപ്രവര്‍ത്തക എന്നിവരുടെയൊക്കെ സഹായംകൊണ്ടു കെട്ടിടം പുനരുദ്ധരിക്കുകയും 16 തറി ശരിയാക്കുകയും കമ്പ്യൂട്ടര്‍ വാങ്ങുകയും മുറ്റം ടൈല്‍ വിരിക്കുകയും ചെയ്തു. ദുപ്പട്ട നെയ്യാനും തുടങ്ങി. മഞ്ജുവാരിയര്‍ അതിന്റെ ഉദ്ഘാടനവും നടത്തി. ചേക്കുട്ടിപ്പാവകള്‍ ഉണ്ടാക്കി വിറ്റും രണ്ടര ലക്ഷത്തോളം രൂപ കിട്ടി. പക്ഷേ, 2020 ല്‍ കോവിഡിനെത്തുടര്‍ന്നു നെയ്ത്തും വില്‍പ്പനയും മുടങ്ങി. രണ്ടു മാസം പൂര്‍ണമായി അടച്ചിട്ടു. അതിനുശേഷവും പ്രദേശം കണ്ടെയിന്‍മെന്റ് സോണ്‍ ആയപ്പോള്‍ അടച്ചു. ഡബിള്‍മുണ്ട്, സാരി, ഷര്‍ട്ട്, ഒറ്റമുണ്ട്, കിടക്കവിരി, ദുപ്പട്ട, കാവിമുണ്ട്, കളര്‍മുണ്ട്, സ്‌കൂള്‍യൂണിഫോം എന്നിവ നെയ്യുന്ന ഇവിടെ റിബേറ്റുകാല വില്‍പ്പനയില്‍ കിട്ടിയ തുകകൊണ്ടാണ് ഓണത്തിനു തൊഴിലാളികള്‍ക്കു കുടിശ്ശികയായിരുന്ന കൂലിയും സെക്രട്ടറിയുടെ ശമ്പളവും കൊടുത്തത്. 2021 മാര്‍ച്ചു മുതല്‍ ആഗസ്ത് വരെയുള്ള കൂലിയും സെക്രട്ടറിയുടെ ശമ്പളവും അന്നു കൊടുത്തു. അതിനുശേഷം കൂലിയും ശമ്പളവും കൊടുത്തിട്ടില്ല. ഇവിടെ വിരമിച്ച ഒരു ജീവനക്കാരനു ദിവസവേതനാടിസ്ഥാനത്തില്‍ കണക്കെഴുത്തു നടത്തിയതിനു കൊടുക്കാനുണ്ടായിരുന്ന പ്രതിഫലം തുല്യതുകയ്ക്കുള്ള വസ്ത്രങ്ങളായി നല്‍കിയാണ് കൊടുത്തുതീര്‍ത്തത്. 2020-21 ലെ കണക്കു പ്രകാരം സംഘത്തിനു കേരള ബാങ്കില്‍ 60,48,947 രൂപയുടെ ബാധ്യതയുണ്ട്. സംഘത്തിനെതിരെ കേരള ബാങ്ക് ഹര്‍ജി നല്‍കിയിരിക്കുകയാണ്.

ചേന്ദമംഗലം, പറവൂര്‍ പ്രദേശങ്ങളിലെ ചില കൈത്തറി സംഘങ്ങള്‍ നന്നായി നടക്കുന്നുണ്ട്. പല സാമൂഹിക സംരംഭകരുടെയും ഓര്‍ഡറുകളും ഇവരെ സഹായിക്കുന്നു. ചെറായി 648-ാംനമ്പര്‍ സംഘത്തിന് ‘സി 4 സി’ എന്ന സന്നദ്ധ സംഘടനയുടെ പ്രോജക്ട് തന്നെയുണ്ട്. അതിന്റെ സഹായത്തോടെ അവര്‍ ഡിസൈനര്‍ സാരികള്‍ വരെ നെയ്തു ലാഭവും പ്രശസ്തിയും നേടുന്നു. 2018 ലെ പ്രളയത്തില്‍ കനത്ത നാശമുണ്ടായ സംഘമാണിതും. അപ്പോളോ ഹോസ്പിറ്റല്‍സ് വൈസ് ചെയര്‍പേഴ്‌സണ്‍ പ്രീതാറെഡ്ഡി, ആഭരണ ഡിസൈനര്‍ മിന്നീ മേനോന്‍, ആര്‍ടിസ്റ്റ് തേജോമയീ മേനോന്‍, ഹോട്ടലിയര്‍ ശേഖര്‍ സീതാരാമന്‍, എം.ആര്‍.എഫ് ക്ഷേമപ്രവര്‍ത്തന വിഭാഗം വൈസ് പ്രസിഡന്റ് മീരാ മാമ്മന്‍ എന്നിവര്‍ ഈ സംഘത്തെ ദത്തെടുത്ത് ‘കെയര്‍ ഫോര്‍ ചേന്ദമംഗലം’ (സി 4 സി) എന്ന കൂട്ടായ്മ രൂപവത്കരിച്ചു തയാറാക്കിയ പുനരുജ്ജീവന പദ്ധതിയാണു സംഘത്തെ രക്ഷിച്ചത്. ‘സി 4 സി’ നിയോഗിച്ച ഡിസൈനര്‍ ശ്രീജിത് ജീവന്‍ ഡിസൈനര്‍ സാരികള്‍ നെയ്യാന്‍ ഇവിടത്തെ നെയ്ത്തുകാരെ പ്രാപ്തരാക്കി. പുതിയ ചില കൈത്തറി ഉല്‍പ്പന്നങ്ങള്‍കൂടി വിപണിയിലിറക്കാനുള്ള ഒരുക്കത്തിലാണ് ഈ സംഘം.

പറവൂര്‍ കൈത്തറി നെയ്ത്തു സഹകരണ സംഘം 3428നും ഇത്തരം സഹായം ലഭിച്ചു. 2019 ഒക്ടോബറില്‍ ലോക ബാഡ്മിന്‍ണ്‍ ചാമ്പ്യന്‍ പി.വി. സിന്ധു തിരുവനന്തപുരം സന്ദര്‍ശിച്ചപ്പോള്‍ ധരിച്ച പ്രത്യേക കൈത്തറി വസ്ത്രങ്ങളില്‍ ഈ സംഘത്തില്‍ നെയ്ത കൈത്തറി സാരിയും ബ്ലൗസും ഉണ്ടായിരുന്നു. ‘വീവേഴ്‌സ് വില്ലേജ്’, ‘സേവ് ദ ലൂം’ എന്നീ സാമൂഹിക സംരംഭങ്ങളാണ് അത്തരം ഓര്‍ഡറുകള്‍ നല്‍കിയത്. ‘സേവ് ദ ലൂം’ വനിതാ അഭിഭാഷകര്‍ക്കായി രൂപകല്‍പന ചെയ്ത ‘വിധി’ ബ്രാന്റ് കൈത്തറി സാരികള്‍ക്കുള്ള ഓര്‍ഡറും ഈ സംഘത്തിനു ലഭിച്ചു. എന്നാല്‍, പ്രത്യേകശ്രദ്ധ പതിയാതിരുന്ന കുര്യാപ്പിള്ളി സംഘവും പള്ളിപ്പുറം കുഴുപ്പിള്ളി കൈത്തറി നെയ്ത്തു സഹകരണ സംഘവും വൈപ്പിന്‍ പട്ടികജാതി-വര്‍ഗ കൈത്തറി നെയ്ത്തു വ്യവസായ സഹകരണ സംഘവും പോലുള്ളവ പ്രതിസന്ധിയിലാണ്. മൂന്നിടത്തും സെക്രട്ടറിമാര്‍ക്കു ശമ്പളം മുടങ്ങിയിരിക്കുകയാണ്. മുളന്തരുത്തിയിലെ കൈത്തറി നെയ്ത്തു സഹകരണ സംഘം നല്ല നിലയിലാണെങ്കിലും സമീപമേഖലയില്‍ രണ്ടു സംഘങ്ങള്‍ പ്രയാസത്തിലാണ്.

പല സംഘങ്ങളിലും തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ. ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നുണ്ട്. ഇ.എസ്.ഐ.യില്‍ ചേര്‍ന്നവര്‍ എല്ലാ മാസവും കൃത്യമായി മുണ്ടു നിര്‍മിച്ചു നല്‍കിയാലേ ഇ.എസ്.ഐ. ആനുകൂല്യം ലഭിക്കൂ. പ്രശ്‌നങ്ങള്‍ മൂലം പല സംഘങ്ങളിലും ഇതു കഴിയാറില്ല.

[mbzshare]

Leave a Reply

Your email address will not be published.