ചകിരിതടുക്കിന്റെ ഭൂതകാല പ്രഭാവത്തില്‍ ഗുണ്ടു കയര്‍സംഘം
സ്വന്തമായുണ്ടായിരുന്ന ഒരു ദ്വീപ് സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ വിറ്റ
ഒരു സഹകരണ സംഘമുണ്ട് കേരളത്തില്‍. അതാണു കൊച്ചിയിലെ
ഗുണ്ടുദ്വീപ് കയറുല്‍പ്പന്ന സഹകരണ സംഘം. ദ്വീപ് വിറ്റ് കടം വീട്ടി
സംഘം മറ്റൊരിടത്തേക്കു ചേക്കേറി. 60 വയസ് പിന്നിട്ട കുറെ തൊഴിലാളികള്‍ക്കു
ഇപ്പോഴുംജോലി കൊടുക്കുന്ന ആ സംഘത്തിന്റെ കഥ ഇവിടെ വായിക്കുക.
– വി.എന്‍. പ്രസന്നന്‍
കാല്‍ നൂറ്റാണ്ടു മുമ്പ് ‘മാതൃഭൂമി’ പത്രത്തില്‍ ഒരു വാര്‍ത്ത പ്രത്യക്ഷപ്പെട്ടു: ‘ഗുണ്ടുദ്വീപ് വില്‍പ്പനയ്ക്ക്.’ കായലോര ടൂറിസം സാധ്യതകള്‍ വന്‍തോതില്‍ വര്‍ധിച്ച അക്കാലത്തു കൊച്ചിക്കായലില്‍ വിനോദ സഞ്ചാര വികസനത്തിനായി ഒരു ദ്വീപ് തന്നെ വില്‍ക്കുന്നതിനെക്കുറിച്ചായിരുന്നു വാര്‍ത്ത. ഒരു പത്രപ്പരസ്യമായിരുന്നു വാര്‍ത്തയ്ക്കാധാരം. പരസ്യം നല്‍കിയതാകട്ടെ ഒരു സഹകരണ സംഘവും. ആ സംഘമാണു ഗുണ്ടുദ്വീപ് കയറുല്‍പ്പന്ന സഹകരണ സംഘം. ബാധ്യതകള്‍ തീര്‍ക്കാനായിരുന്നു വില്‍പ്പന.
വിറ്റ ദ്വീപ് താജ് ഗ്രൂപ്പ് വാങ്ങി. ആ തുകകൊണ്ടു ബാധ്യതകള്‍ വീട്ടി, തൊഴിലാളികളുടെ ആനുകൂല്യക്കുടിശ്ശികയെല്ലാം കൊടുത്തുതീര്‍ത്ത്, എളങ്കുന്നപ്പുഴയില്‍ ഒരേക്കറോളം സ്ഥലം വാങ്ങി കെട്ടിടങ്ങള്‍ പണിത,് അവിടേക്കു തറികളും യന്ത്രങ്ങളും മാറ്റി 20 വര്‍ഷമായി ശാന്തമായി പ്രവര്‍ത്തിച്ചുവരികയാണ് ഈ സംഘം. നഷ്ടത്തില്‍നിന്നു മുക്തമായിട്ടില്ലെങ്കിലും 52 തൊഴിലാളികള്‍ക്കു തൊഴില്‍ നല്‍കുന്നുണ്ട് ഈ സ്ഥാപനം. മിക്ക തൊഴിലാളികളും 60 പിന്നിട്ടവരാണ് എന്നതും പ്രത്യേകത. എളങ്കുന്നപ്പുഴയിലാണു പ്രവര്‍ത്തനമെങ്കിലും ഇപ്പോഴും പേര് ഗുണ്ടുദ്വീപ് കയറുല്‍പ്പന്ന സഹകരണ സംഘം എന്നുതന്നെ.
വെള്ളക്കാരില്‍ നിന്നു തൊഴിലാളികളിലേക്ക്
ബ്രിട്ടീഷുകാരുടെ കാലം മുതലുള്ള കയര്‍ വ്യവസായ പാരമ്പര്യം അവകാശപ്പെടാനുണ്ട് ഗുണ്ടുദ്വീപിന്്. വെള്ളക്കാരുടെ ഉടമസ്ഥതയില്‍നിന്നു തൊഴിലാളികളുടെ ഉടമസ്ഥതയിലേക്കു കൈമാറ്റം ചെയ്യപ്പെട്ട ഒരു കയര്‍ ഫാക്ടറിയാണിത്. കൊല്ലം – കോട്ടപ്പുറം ദേശീയ ജലപാതയില്‍ വൈപ്പിന്‍, വല്ലാര്‍പാടം ദ്വീപുകള്‍ക്കു മധ്യത്തിലാണു മനോഹരമായ ഗുണ്ടുദ്വീപ്. ആസ്പിന്‍വാള്‍ ആന്റ് കമ്പനി കൊച്ചിയിലെ പ്രശസ്തമായ ഒരു ബിസിനസ് സ്ഥാപനമായിരുന്നു. ബ്രിട്ടീഷുകാരനും ഇന്ത്യയിലെത്തന്നെ ആദ്യ മുനിസിപ്പാലിറ്റികളിലൊന്നായ ഫോര്‍ട്ടുകൊച്ചി മുനിസിപ്പാലിറ്റിയുടെ ആദ്യത്തെ ചെയര്‍മാനുമായിരുന്ന ജോണ്‍.എച്ച്. ആസ്പിന്‍വാള്‍ 1867ല്‍ സ്ഥാപിച്ചതാണിത്. അദ്ദേഹം ഫോര്‍ട്ടുകൊച്ചിയില്‍ വലിയൊരു ബിസിനസ് മന്ദിരം സ്ഥാപിച്ചു. ഇവിടെ കുരുമുളകും സുഗന്ധവ്യഞ്ജനങ്ങളും കാപ്പിയും തേയിലയുമൊക്കെ കൈകാര്യം ചെയ്തിരുന്നെങ്കിലും കയറുല്‍പ്പന്ന നിര്‍മാണവും സംഭരണവുമായിരുന്നു പ്രധാനം. ( പുതിയ കാലത്ത് കൊച്ചി മുസിരിസ് ബിനാലെയുടെ മുഖ്യവേദി ഈ പൈതൃകമന്ദിരമായിരുന്നു). ജോണ്‍.എച്ച്. ആസ്പിന്‍വാളിന്റെ മരണശേഷം സ്ഥാപനം അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളിയായിരുന്ന ഡബ്ലിയു.എന്‍. ബ്ലാക്കിന്റെ നിയന്ത്രണത്തിലായി. അദ്ദേഹത്തിന്റെ പിന്‍മുറക്കാരനെന്നു കരുതപ്പെടുന്ന ഒരു വെള്ളക്കാരനാണു ഗുണ്ടുദ്വീപില്‍ കയര്‍ഫാക്ടറി സ്ഥാപിച്ചത്. 1944 – 45 കാലത്താണിതെന്നു കരുതുന്നു. ഗുണ്ടുസായ്പ് എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. അങ്ങനെയാണു ദ്വീപിനു ഗുണ്ടുദ്വീപ് എന്നു പേരു വന്നതെന്നു ഗുണ്ടുദ്വീപ് കയര്‍ ഉല്‍പ്പന്ന സംഘം ഡയരക്ടര്‍ ബോര്‍ഡംഗവും തൊഴിലാളിയുമായ കെ.ടി. ഇസിഡോര്‍ പറഞ്ഞു. 1971 മുതല്‍ സംഘത്തിന്റെ കയര്‍ഫാക്ടറിയില്‍ ജോലിചെയ്യുന്നയാളാണ് ഇസിഡോര്‍. അര്‍ക്കത്തുരുത്ത് എന്നും ഈ ദ്വീപ് അറിയപ്പെട്ടിരുന്നു. അക്കാലത്തു തടി അറക്കുന്ന മില്ലുകള്‍ പലതും ഇവിടെ ഉണ്ടായിരുന്നതിനാലാണിത്.
ഏകദേശം 1960 വരെ ഗുണ്ടു സായ്പ് കയര്‍ഫാക്ടറി നടത്തി. ചകിരിത്തടുക്ക് ആയിരുന്നു ഇവിടത്തെ പ്രത്യേകതയാര്‍ന്ന കയറുല്‍പ്പന്നം. വര്‍ണഭംഗിയുള്ള ഡിസൈനുകളില്‍ ഉറപ്പും ഗുണനിലവാരവുമുള്ള ഇവിടത്തെ ചകിരിത്തടുക്കുകള്‍ ‘ഡീലക്‌സ്’ എന്നാണ് അറിയപ്പെട്ടിരുന്നത്. മികവിന്റെ തെളിവായിരുന്നു ആ വിളിപ്പേര്. 1960 ല്‍ ഗുണ്ടുസായ്പ് ഫാക്ടറി നടത്തിപ്പില്‍നിന്നു പിന്‍വാങ്ങി. തൊഴിലാളികള്‍ക്കു കൊടുത്തുതീര്‍ക്കേണ്ട ആനുകൂല്യങ്ങള്‍ക്കും മറ്റും പകരമായി അദ്ദേഹം 90,000 രൂപ വില കണക്കാക്കി ദ്വീപും ഫാക്ടറിയും തൊഴിലാളികളെത്തന്നെ ഏല്‍പ്പിച്ചുവെന്നാണു താന്‍ കേട്ടിട്ടുള്ളതെന്നു സംഘത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റായ 69 കാരനായ ഞാറക്കല്‍ ചിറപ്പറമ്പില്‍ സി.എ. ജോഷി പറഞ്ഞു. നാലര ഏക്കര്‍ കരയും 14 ഏക്കര്‍ കായലുമാണു കമ്പനിക്കുണ്ടായിരുന്നത്. ഫാക്ടറി നടത്തിപ്പിന്റെ ഉത്തരവാദിത്വം കിട്ടിയപ്പോള്‍ എന്തു ചെയ്യുമെന്ന ആലോചനയാണു സഹകരണ സംഘം രൂപവത്കരണത്തിലേക്കു നയിച്ചത്. കൊച്ചി ദേവസ്വം ബോര്‍ഡ് ചെയര്‍മാനായിരുന്ന സ്വാതന്ത്ര്യ സമരസേനാനി എന്‍. രാമന്‍കുട്ടിഅച്ചന്‍, ‘മാതൃഭൂമി’ ലേഖകനും കയര്‍ബോര്‍ഡ് വൈസ് ചെയര്‍മാനും പഴയ കൊച്ചി രാജ്യത്തു നിയമസഭാ ഉപാധ്യക്ഷനുമായിരുന്ന പി.കെ. ഡീവര്‍, പൊതുപ്രവര്‍ത്തകനും ‘മാതൃഭൂമി’ ഉദ്യോഗസ്ഥനുമായിരുന്ന ടി.എ. മൃത്യഞ്ജയന്‍ തുടങ്ങിയവര്‍ ഗുണ്ടുദ്വീപിലെ കയര്‍ത്തൊഴിലാളി സംഘടനാ നേതാക്കന്മാരായിരുന്നു. ഗുണ്ടു ഐലന്റ് ആസ്പിന്‍വാള്‍ കയര്‍ഫാക്ടറി വര്‍ക്കേഴ്‌സ് യൂണിയന്‍ എന്നായിരുന്നു സംഘടനയുടെ പേര്. അന്നൊക്കെ തൊഴിലാളികള്‍ക്കു ജോലിക്കു പോകാനും മടങ്ങാനും വൈപ്പിനില്‍നിന്നുള്ള ബോട്ട് ഗുണ്ടുദ്വീപില്‍ അടുത്തിരുന്നു. യാത്രാസൗകര്യം തീരെ കുറവായിരുന്ന അക്കാലത്തു ദൂരസ്ഥലങ്ങളില്‍നിന്നു തൊഴിലാളികള്‍ വെളുപ്പിനേ ഉണര്‍ന്ന് ഏറെദൂരം നടന്നു വൈപ്പിനിലെത്തിയാണു ബോട്ടു കയറി ഫാക്ടറിയിലെത്തിയിരുന്നത്.
സഹകരണ സംഘം വരുന്നു
‘പിന്നിട്ട ജീവിത രംഗങ്ങള്‍’ എന്ന ലേഖനത്തില്‍ ടി.എ. മൃത്യുഞ്ജയന്‍ അക്കാലം ഓര്‍ക്കുന്നു: ”ആസ്പിന്‍വാള്‍ കമ്പനി അര്‍ക്കത്തുരുത്തിലെ അവരുടെ കയര്‍ഫാക്ടറി ഇടക്കാലത്ത് അവസാനിപ്പിച്ചപ്പോള്‍ തൊഴില്‍രഹിതരായ തൊഴിലാളികള്‍ക്കു വീണ്ടും തൊഴിലുണ്ടാക്കിക്കൊടുക്കുന്നതിനുവേണ്ടി ഒരു സഹകരണ സംഘം രൂപവത്കരിക്കാന്‍ ഡീവര്‍ നേതൃത്വം നല്‍കി. വളരെക്കാലം ഡീവര്‍ അതിന്റെ പ്രസിഡന്റുമായിരുന്നു. കമ്പനി പൂട്ടിയതുമൂലം ഇരുന്നൂറില്‍പ്പരം തൊഴിലാളികള്‍ക്കു ജോലി നഷ്ടപ്പെട്ടിരുന്നു. കയര്‍ഫാക്ടറിയുടെ തൊഴിലാളിയൂണിയന്റെ പ്രസിഡന്റുസ്ഥാനം ആരംഭം മുതല്‍ വഹിച്ചുവന്നതു ഡീവറായിരുന്നു. കമ്പനിയുടമയുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ ഫാക്ടറിയും അര്‍ക്കത്തുരുത്തു മുഴുവനും വിലക്കെടുക്കുകയും തൊഴിലാളികളെ അംഗങ്ങളാക്കി രൂപീകൃതമായ ഗുണ്ടു ഐലന്റ് കൊയര്‍ പ്രൊഡക്ട്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഫാക്ടറിയുടെ പ്രവര്‍ത്തനം ഏറ്റെടുത്തു നടത്തുകയും ചെയ്തു.”
1960 ജൂണ്‍ 16 നാണു സംഘം പ്രവര്‍ത്തനമാരംഭിച്ചത്. പരമ്പരാഗത രീതിയിലുള്ള യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ നല്ലനിലയില്‍ ഫാക്ടറി പ്രവര്‍ത്തിച്ചു. ഇന്ത്യയിലെമ്പാടും ഇവിടെയുണ്ടാക്കുന്ന കയര്‍ത്തടുക്കുകള്‍ക്കു ഡിമാന്റുണ്ടായിരുന്നു. കയര്‍ബോര്‍ഡിന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ഇരുപത്തഞ്ചോളം ഷോറൂമുകളിലൂടെയായിരുന്നു വില്‍പ്പന. ജമ്മു താഴ്‌വരയില്‍ വരെ ഇവിടത്തെ കയര്‍ത്തടുക്കുകള്‍ വിറ്റിരുന്നു. സുന്ദരമായ ഭൂപ്രകൃതിയും ഫാക്ടറിയും ടൂറിസ്റ്റ് ആകര്‍ഷണം കൂടിയായിരുന്നു. ഓഫീസും പ്രധാന തൊഴില്‍ശാലയും സംഭരണശാലയും ഫിനിഷിങ് ശാലയുമടക്കം നാലു കെട്ടിടങ്ങളാണുണ്ടായിരുന്നത്. ഫോര്‍ട്ടുകൊച്ചിയും മട്ടാഞ്ചേരിയും സന്ദര്‍ശിക്കുന്ന വിദേശ ടൂറിസ്റ്റുകള്‍ അക്കാലത്ത് ഇവിടെ വന്നു ഫാക്ടറിപ്രവര്‍ത്തനം കണ്ട് കയര്‍തടുക്കുകളും വാങ്ങി തങ്ങളോടൊപ്പം ഫോട്ടോ എടുത്തിട്ടാണു മടങ്ങാറുണ്ടായിരുന്നതെന്നു സി.എ. ജോഷി ഓര്‍ക്കുന്നു. 1970 മുതല്‍ ഇവിടെ തൊഴിലാളിയാണു ജോഷി. അഞ്ചു ലക്ഷം രൂപ സര്‍ക്കാര്‍ ഗ്രാന്റ് കിട്ടി പ്രവര്‍ത്തനം വിപുലമാക്കിയപ്പോള്‍ കൂടുതല്‍ തൊഴിലാളികളെ എടുത്തപ്പോഴാണു തനിക്കും മറ്റും ജോലി കിട്ടിയതെന്ന് അദ്ദേഹം പറഞ്ഞു.
സംഘം നഷ്ടത്തില്‍
1980 കാലം വരെ ഫാക്ടറി ലാഭത്തിലായിരുന്നു. സംഘം തന്നെയാണ് ഉല്‍പ്പന്നവില നിശ്ചയിച്ചിരുന്നത്. മെച്ചപ്പെട്ട വിലയും സര്‍ക്കാര്‍ ഗ്രാന്റും കൊണ്ടു നന്നായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നു. പക്ഷേ, പിന്നീട് കയര്‍ബോര്‍ഡ് വില നിശ്ചയിക്കുന്ന രീതിയായെന്നു ജോഷി പറഞ്ഞു. ആ വിലയ്ക്കു വില്‍ക്കാന്‍ സംഘം നിര്‍ബന്ധിതമായി. ഉല്‍പ്പാദനച്ചെലവിനൊത്ത വില കിട്ടാതായി. അത്തരം പ്രശ്‌നങ്ങള്‍ നഷ്ടത്തിനു വഴിവച്ചു. 1982 മാര്‍ച്ച് 16 നു പ്രധാന തൊഴില്‍ശാലാകെട്ടിടം മഴയത്തു വീണു. പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചു. സര്‍ക്കാര്‍ നാലു ലക്ഷം രൂപയുടെ വായ്പ അനുവദിച്ചു. എറണാകുളം ജില്ലാ സഹകരണ ബാങ്കും ഏഴു ലക്ഷം രൂപയുടെ വായ്പ അനുവദിച്ചു. ആ തുക കൊണ്ടു കെട്ടിടം നന്നാക്കി. പ്രവര്‍ത്തനം പുനരാരംഭിച്ചു. 1990 വരെ ഒരുവിധം മുന്നോട്ടുപോയി. അതിനുശേഷം പ്രവര്‍ത്തനം നിര്‍ത്തേണ്ടിവന്നു. ജില്ലാ സഹകരണ ബാങ്കിനുതന്നെ പലിശയുള്‍പ്പെടെ ഒമ്പതു ലക്ഷത്തോളം രൂപ കൊടുക്കാനുണ്ടായിരുന്നു. ചകിരിയും കയറും എടുക്കുന്ന സ്ഥാപനങ്ങളിലുമുണ്ടായിരുന്നു കടം. അറുപതോളം തൊഴിലാളികള്‍ ദുരിതത്തിലായി.
രക്ഷയ്ക്കായി കയര്‍ഫെഡിനെക്കൊണ്ട് സ്ഥാപനം ഏറ്റെടുപ്പിക്കാന്‍ ശ്രമിച്ചു. അതിനായി ചര്‍ച്ചകള്‍ നടത്തി. ഒരു കോടി രൂപയ്ക്ക് കയര്‍ഫെഡ് ഏറ്റെടുക്കാമെന്ന നിലവരെ എത്തി. എന്നാല്‍, സ്ഥലത്തിന്റെ മൂല്യമനുസരിച്ച് അതു തീരെ കുറവാണെന്നു ചര്‍ച്ചയില്‍ താന്‍ ചൂണ്ടിക്കാട്ടിയതായി സി.എ. ജോഷി പറഞ്ഞു. എന്തായാലൂം, കയര്‍ഫെഡിനെക്കൊണ്ട് ഏറ്റെടുപ്പിക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. ബാധ്യതകള്‍ തീര്‍ക്കാനും തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ കൊടുക്കാനും എന്തു ചെയ്യണമെന്നു തീരുമാനിക്കാന്‍ രാമന്‍കുട്ടി അച്ചന്റെ നേതൃത്വത്തില്‍ സമിതിയെ ചുമതലപ്പെടുത്തി. രാമന്‍കുട്ടി അച്ചനായിരുന്നു അന്നു സംഘം പ്രസിഡന്റ്. അദ്ദേഹം താമസിച്ചിരുന്ന സൗത്ത് റെയില്‍വേസ്റ്റേഷന്‍ റോഡിലെ കൊച്ചുലോഡ്ജിലായിരുന്നു കൂടിയാലോചനകള്‍. സമിതി ഭൂമി വില്‍ക്കാന്‍ തീരുമാനിച്ചു. പക്ഷേ, സഹകരണ സംഘത്തിനു സ്വന്തം ഭൂമി വില്‍ക്കാന്‍ അധികാരമില്ലല്ലോ? അതിനാല്‍ അനുമതിക്കായി സര്‍ക്കാരിനെ സമീപിച്ചു. അന്നു മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനുമായും വൈദ്യുതി – കയര്‍ വകുപ്പു മന്ത്രി സി.വി. പദ്മരാജനുമായും രാമന്‍കുട്ടി അച്ചന് ഉറ്റബന്ധമുണ്ടായിരുന്നു. അവര്‍ പ്രത്യേകതാത്പര്യമെടുത്തു. അങ്ങനെ സര്‍ക്കാര്‍ അനുമതി ലഭിച്ചു.
ദ്വീപ് വില്‍ക്കാന്‍ ടെണ്ടര്‍ ക്ഷണിച്ച് പത്രങ്ങളില്‍ പരസ്യം നല്‍കി. ടെണ്ടറില്‍ പ്രതീക്ഷിച്ചത്ര തുക ആദ്യം വരികയുണ്ടായില്ല. പിന്നീട് ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണു മൂന്നു കോടിയില്‍പരം രൂപയ്ക്കു താജ്ഗ്രൂപ്പ് ഏറ്റെടുക്കാന്‍ തയാറായത്. ഇവിടത്തെ ടൂറിസം സാധ്യതയാണു ഗ്രൂപ്പിനെ ആകര്‍ഷിച്ചത്. അവര്‍ വിവിധ ആഘോഷപരിപാടികള്‍ക്കും മറ്റും ഇവിടം വേദിയാക്കാറുണ്ട്. ദ്വീപിനു പേള്‍ ഐലന്റ് എന്നു പേരും നല്‍കി. കയര്‍ഫാക്ടറിക്കെട്ടിടങ്ങളും യന്ത്രസാമഗ്രികളും സംഘം ഇവിടെനിന്നു മാറ്റിക്കൊടുക്കണം എന്നത് ഇടപാടിലെ വ്യവസ്ഥയായിരുന്നുവെന്നു ജോഷി പറഞ്ഞു. അതിനായി എളങ്കുന്നപ്പുഴയില്‍ ഒരേക്കറോളം സ്ഥലം വാങ്ങി കെട്ടിടങ്ങള്‍ പണിത് യന്ത്രങ്ങള്‍ അവിടെ കൊണ്ടുവന്നു സ്ഥാപിച്ചു. എളങ്കുന്നപ്പുഴ ഗ്രാമപ്പഞ്ചായത്തിന്റെ ആറാം വാര്‍ഡാണ് ഇവിടം. ഓഫീസ്, ഗോഡൗണ്‍, ഫാക്ടറി, ട്രീറ്റ്്‌മെന്റ് ആന്റ് ഡൈയിംഗ് സെന്റര്‍ എന്നിവയാണു നിര്‍മിച്ചത്. 2001 ജനുവരി 21 ന് എളങ്കുന്നപ്പുഴയിലെ ഫാക്ടറി പ്രവര്‍ത്തനം വ്യവസായമന്ത്രി സുശീലാ ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. പല തൊഴിലാളികളും അതിനകം വിരമിക്കുകയും ചിലരൊക്കെ മരിക്കുകയും ചെയ്തിരുന്നു. എന്തായാലും തൊഴിലാളികള്‍ക്കു കൊടുക്കാനുണ്ടായിരുന്ന എല്ലാ ആനുകൂല്യവും കൊടുത്തു. മറ്റു ബാധ്യതകളും വീട്ടി. ബാക്കിത്തുക സ്ഥിരനിക്ഷേപം നടത്തി. ഇന്ദിരാ വികാസ് പത്ര പോലെ വളരെ ഉയര്‍ന്ന പലിശ ലഭിക്കുന്ന സംവിധാനം അന്നുണ്ടായിരുന്നതു നിക്ഷേപം വര്‍ധിക്കാന്‍ ഏറെ പ്രയോജനപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ വിവിധ ഘട്ടങ്ങളിലായി നല്‍കിയ ധനസഹായങ്ങള്‍ സര്‍ക്കാരിന്റെ ഓഹരികളാക്കി മാറ്റി. ഇപ്പോള്‍ ഭൂരിഭാഗം ഓഹരികളും സര്‍ക്കാരിന്റെതാണ്.
വില്‍പ്പന കയര്‍ഫെഡ് വഴി
പണ്ട് കയര്‍ബോര്‍ഡിന്റെ ഷോറൂമുകളിലായിരുന്നു പ്രധാന വില്‍പ്പനയെങ്കില്‍ ഇപ്പോള്‍ ആ സ്ഥാനം കയര്‍ഫെഡിനാണ്. കയര്‍ ബോര്‍ഡിന്റെ എറണാകുളം, തിരുവനന്തപുരം, തൃശ്ശൂര്‍ ഷോറൂമുകള്‍ ഇപ്പോഴും തടുക്കുകള്‍ വാങ്ങുന്നുണ്ട്. കെ.ആര്‍. ഗൗരിയമ്മ മൃഗസംരക്ഷണ – കയര്‍ വകുപ്പുമന്ത്രിയായിരിക്കെയാണു 2004 ല്‍ കയര്‍ഫെഡിനുള്ള വില്‍പ്പനസൗകര്യം ഒരുക്കിയത്. കയര്‍ഫെഡിന്റെ ഓര്‍ഡര്‍ അനുസരിച്ച് ആലപ്പുഴയില്‍ അവരുടെ ആസ്ഥാനത്തു ചകിരിത്തടുക്കുകള്‍ എത്തിച്ചുകൊടുക്കുന്നു. കയര്‍ കോര്‍പറേഷനും വാങ്ങാറുണ്ട്; ഒപ്പം സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും. ഓര്‍ഡര്‍ തരുന്ന ഡിസൈന്‍ അനുസരിച്ചുള്ള ഡോര്‍മാറ്റുകള്‍ തയാറാക്കി നല്‍കും. ഡിസൈനുകള്‍ ചുവപ്പ്, പച്ച, നീല, മഞ്ഞ, ഓറഞ്ച്, ബ്രൗണ്‍, ഇളംപച്ച നിറങ്ങളില്‍ ലഭ്യമാണ്. പറവൂര്‍ സ്‌പെഷ്യല്‍, ആലപ്പുഴ സി1 എന്നീ ഇനം ഗുണനിലവാരമുള്ള കയറാണ് ഉപയോഗിക്കുന്നത്. പറവൂര്‍ സ്‌പെഷ്യല്‍ കയര്‍ ഇവിടെത്തന്നെ പിരിച്ചെടുക്കുന്നതാണ്. ആലപ്പുഴ സി-1 ഇനം കയര്‍, കയര്‍ഫെഡില്‍നിന്നു വാങ്ങും. പണ്ട് മുംബൈയിലെ പ്രശസ്തമായ ‘സണ്‍ ആന്റ് സാന്റ്’ ഹോട്ടലില്‍ സൂര്യോദയത്തിന്റെ ചിത്രവും ഹോട്ടലിന്റെ പേരും അടങ്ങിയ മനോഹരമായ ഡിസൈനില്‍ ഇവിടെനിന്നു ഡോര്‍മാറ്റ് തയാറാക്കിച്ചു കൊണ്ടുപോയകാര്യം ജോഷി ഓര്‍ക്കുന്നു. കഥകളി രൂപങ്ങളും രാവണന്റെ ചിത്രവും വള്ളം തുഴഞ്ഞുപോകുന്ന തോണിക്കാരന്റെ ചിത്രവുമെല്ലാം ഡിസൈനുകളായി അങ്കിതമായ ചകിരിത്തടുക്കുകള്‍ പലരുടെയും ഓര്‍ഡറുകളുടെ ഭാഗമായി തയാറാക്കിയതും അദ്ദേഹത്തിന്റെ ഓര്‍മയിലുണ്ട്. സ്ഥാപനങ്ങളുടെ പേരും സ്വാഗതാശംസാവാക്കുകളും ഡിസൈനുകളും അങ്കിതമായ ഡോര്‍മാറ്റുകള്‍ക്കുള്ള ഓര്‍ഡറുകളാണ് ഇപ്പോള്‍ ലഭിക്കുന്നതേറെയും.
ഉല്‍പ്പാദനച്ചെലവിനനുസരിച്ചുള്ള വില ഇപ്പോഴും കിട്ടുന്നില്ല. അതുകൊണ്ടുതന്നെ നഷ്ടമുണ്ട്. ഒരു ചതുരശ്ര അടി ചകിരിത്തടുക്കു നെയ്യാന്‍ 250 രൂപ മുതല്‍ 270 രൂപ വരെ ചെലവു വരുന്നുണ്ട്. ചരക്കുഗതാഗതച്ചെലവും സംഘമാണു വഹിക്കുന്നത്. ചതുരശ്ര അടിക്കു 167 രൂപയാണു കയര്‍ഫെഡ് കൊടുക്കുന്നത്. കയര്‍ബോര്‍ഡില്‍ നിന്നാകട്ടെ കമ്മീഷന്‍ കഴിച്ച് 231 രൂപ. കയര്‍ ഫെഡില്‍നിന്നു തുക കിട്ടാന്‍ വൈകാറുണ്ട്. അപ്പോള്‍ സംഘത്തിന്റെ പേരിലുള്ള നിക്ഷേപത്തില്‍നിന്നു ആവശ്യമായ തുക പിന്‍വലിച്ചു കാര്യങ്ങള്‍ നടത്തേണ്ടിവരാറുണ്ട്. എങ്കിലും, സ്ഥിരനിക്ഷേപത്തുകയുടെ പലിശയും എളങ്കുന്നപ്പുഴയിലെയും ചെറായിയിലെയും ഷോറൂമുകള്‍ വാടകയ്ക്കുകൊടുത്തു കിട്ടുന്ന വരുമാനവും സര്‍ക്കാര്‍ സഹായങ്ങളും ആശ്വാസകരമാണ്. വില്‍പ്പനയുടെ 10 ശതമാനം വിപണന വികസന സഹായമായി ലഭിക്കുന്നുണ്ട്. ഉല്‍പ്പാദന, വിപണന പ്രചോദനമായും 10 ശതമാനം ലഭിക്കുന്നു. പ്രതിമാസം 5000 രൂപ മാനേജീരിയല്‍ സബ്‌സിഡി കിട്ടുന്നു. 2004 ല്‍ ഡൈയിംഗ് സെന്റര്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ 12 ലക്ഷം രൂപ ഗ്രാന്റ് തന്നു. മറ്റൊരിക്കല്‍ ഫാക്ടറിയുടെ മേല്‍ക്കൂര പുതുക്കിപ്പണിയാന്‍ 18,55,000 രൂപ അനുവദിച്ചു. ഷോറൂമുകള്‍ സ്ഥാപിക്കാനും ഒരു ലക്ഷം രൂപ കിട്ടിയിരുന്നു.
പി.കെ. ഡീവര്‍ക്കും രാമന്‍കുട്ടി അച്ചനും പുറമെ ടി.എ. മൃത്യുഞ്ജയന്‍, സി.കെ. മോഹനന്‍ മാസ്റ്റര്‍, എം.ജെ. ജോസഫ് എന്നിവരും വിവിധകാലങ്ങളില്‍ സംഘം പ്രസിഡന്റുമാരായിരുന്നു. അവരൊക്കെ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. 44 അംഗങ്ങളാണ് ഇപ്പോള്‍ സംഘത്തിലുള്ളത്. 2003 ല്‍ ഒന്നര വര്‍ഷത്തോളം പ്രസിഡന്റായിരുന്നു ഇപ്പോഴത്തെ പ്രസിഡന്റ് സി.എ. ജോഷി. 2016 ല്‍ അദ്ദേഹത്തെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുത്തു. എം.ആര്‍. വര്‍ഗീസാണു വൈസ് പ്രസിഡന്റ്. കെ.ടി. ഇസിഡോര്‍, ഒ.എം. പ്രകാശന്‍, ടി.കെ. സുമ, പി.സി. അംബിക, പി.എല്‍. വിന്‍സന്റ്, സി.ആര്‍. നാരായണന്‍, കെ.ആര്‍. ദേവസ്സി, പി.സി. ലിസി, പി.സി. റോസിലി എന്നിവരാണു മറ്റു ഡയരക്ടര്‍ ബോര്‍ഡംഗങ്ങള്‍. പ്രസിഡന്റും വൈസ്പ്രസിഡന്റും മറ്റു ഡയരക്ടര്‍ബോര്‍ഡംഗങ്ങളുമെല്ലാം നിലവില്‍ ഇവിടത്തെ കയര്‍ത്തൊഴിലാളികള്‍കൂടിയാണ്. ജോസ്.വി.എ ആണു സെക്രട്ടറി.
ഗുണ്ടു ദ്വീപില്‍നിന്നു കൊണ്ടുവന്നു സ്ഥാപിച്ച യന്ത്രങ്ങള്‍ക്കും തറികള്‍ക്കും പുറമെ സര്‍ക്കാര്‍ നല്‍കിയ 13 ഓട്ടോമാറ്റിക് കയര്‍പിരിയന്ത്രങ്ങളും ഇവിടെയുണ്ട്. 19 സ്ത്രീത്തൊഴിലാളികളാണ് ഇതില്‍ കയര്‍ പിരിക്കുന്നത്. ചകിരിക്ഷാമം മൂലം കയര്‍പിരി യന്ത്രങ്ങളില്‍ ഇപ്പോള്‍ ജോലി നടക്കുന്നില്ല. കോവിഡ് രൂക്ഷമായ കാലങ്ങളില്‍ ഇവിടത്തെയും പ്രവര്‍ത്തനത്തെ അതു ബാധിച്ചിരുന്നു. ഒരു തൊഴിലാളി കോവിഡ് ബാധിച്ച് മരിച്ചു. എറണാകുളം ജില്ലാ സഹകരണ ബാങ്ക് ഓരോ തൊഴിലാളിക്കും 15 കിലോ അരി നല്‍കി സഹായിച്ചു. നല്ല സംഘത്തിനുള്ള എറണാകുളം ജില്ലാ സഹകരണബാങ്കിന്റെ പുരസ്‌കാരം രണ്ടു തവണ ഈ സംഘത്തിനു കിട്ടി. കയര്‍ഫെഡിന്റെ പുരസ്‌കാരത്തിനും രണ്ടു തവണ അര്‍ഹമായി; ഒരു തവണ സര്‍ക്കിള്‍ സഹകരണ യൂണിയന്റെ പുരസ്‌കാരവും നേടി. ചകിരിത്തടുക്കിന്റെ ഉല്‍പ്പാദനത്തിലും ഗുണനിലവാരത്തിലും ഒന്നാംകിടയാണു തങ്ങളെന്ന് അവകാശപ്പെടുന്ന സംഘത്തിന് ഉല്‍പ്പാദനച്ചെലവിനനുസരിച്ച് ഉല്‍പ്പന്നവില ലഭിച്ചാല്‍ ലാഭത്തിലേക്കു മുന്നേറാമെന്ന ആത്മവിശ്വാസമുണ്ട്.