ഗോവയില്‍ സഹകരണസംഘങ്ങളില്‍ ക്രമക്കേടുകള്‍ കാട്ടുന്ന ഡയറക്ടര്‍മാരെ അയോഗ്യരാക്കും

moonamvazhi

സഹകരണസംഘങ്ങളില്‍ ക്രമക്കേടുകള്‍ കാണിക്കുന്ന ഡയറക്ടര്‍മാരെ അയോഗ്യരാക്കാന്‍ സഹകരണസംഘം രജിസ്ട്രാര്‍ക്ക് അധികാരം നല്‍കുന്ന ഭേദഗതിബില്‍ ഗോവ നിയമസഭ പാസാക്കി. ഗോവ സഹകരണസംഘം നിയമത്തില്‍ ഇതുസംബന്ധിച്ച ഭേദഗതി വരുത്തിക്കൊണ്ടുള്ള ബില്‍ തിങ്കളാഴ്ച സഹകരണമന്ത്രി സുഭാഷ് ഷിരോദ്കറാണു സഭയില്‍ അവതരിപ്പിച്ചത്. ചൊവ്വാഴ്ച സഭ ബില്‍ പാസാക്കി.

ക്രമക്കേടുകളും നിയമവിരുദ്ധനടപടികളും സംഘത്തിന്റെ താല്‍പ്പര്യത്തിനു ഹാനികരമായ പ്രവര്‍ത്തനങ്ങളും നടത്തുന്ന ഡയറക്ടര്‍മാരെ അയോഗ്യരാക്കാന്‍ സഹകരണസംഘം രജിസ്ട്രാര്‍ക്ക് അധികാരം നല്‍കുന്നതാണു പുതിയ ഭേദഗതി. ഗോവ സഹകരണസംഘം നിയമത്തില്‍ 2014 ല്‍ ഭേദഗതി വരുത്തിയ സെക്ഷന്‍ 59 ല്‍ സബ്‌സെക്ഷന്‍ ( 11 ) കൂട്ടിച്ചേര്‍ത്താണു രജിസ്ട്രാര്‍ക്ക് അയോഗ്യതാനടപടികള്‍ സ്വീകരിക്കാന്‍ അധികാരം നല്‍കിയിരിക്കുന്നത്. സംഘത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമായി സംഘംഭരണത്തെയോ സാമ്പത്തിക കാര്യങ്ങളെയോ നേരിട്ടു ബാധിക്കുന്ന തരത്തില്‍ ക്രമക്കേടുകളോ ദുരുപയോഗമോ കാണിച്ചിട്ടുള്ള കളങ്കിതരായ ഡയറക്ടര്‍മാര്‍ അവരുടെ സംഘത്തെയോ മറ്റേതെങ്കിലും സംഘത്തെയോ പ്രതിനിധാനം ചെയ്യാന്‍ അര്‍ഹരല്ലെന്നു ബില്ലില്‍ പറയുന്നു.

സംഘത്തിന്റെയും സംസ്ഥാനത്തെ സഹകരണപ്രസ്ഥാനത്തിന്റെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു കളങ്കിതരായ ഡയറക്ടര്‍മാരെ അനിശ്ചിതകാലത്തേക്കു അയോഗ്യരാക്കാനാണു ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഓഡിറ്ററുടെയോ അന്വേഷണോദ്യോഗസ്ഥന്റെയോ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള അയോഗ്യതാനടപടി സ്വീകരിക്കുംമുമ്പു കളങ്കിതഡയറക്ടര്‍ക്ക് ആരോപണങ്ങള്‍ക്കു മറുപടി പറയാന്‍ അവസരം നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *

Latest News