ഗുജറാത്തിലെ അഞ്ചു അര്‍ബന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് 13.5 ലക്ഷം രൂപ പിഴയിട്ടു

[mbzauthor]
ബാങ്കിങ് നിയന്ത്രണനിയമം ലംഘിച്ചതിനു ഗുജറാത്തിലെ അഞ്ചു അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് പിഴശിക്ഷ വിധിച്ചു. മൊത്തം 13.5 ലക്ഷം രൂപയാണ് ഈ ബാങ്കുകള്‍ക്കു പിഴയിട്ടത്. കച്ച് ജില്ലയിലെ ഭുജ് കമേഴ്‌സ്യല്‍ സഹകരണ ബാങ്ക്, ഛോട്ടാ ഉദേപൂരിലെ സന്‍ഖേദ നാഗരിക് സഹകാരി ബാങ്ക്, ദാഹോദ് ജില്ലയിലെ ലിംദി അര്‍ബന്‍ സഹകരണ ബാങ്ക്, വഡോദരയിലെ ശ്രീ ഭാരത് സഹകരണ ബാങ്ക്, പാര്‍ലഖേമുന്‍ഡിയിലെ അര്‍ബന്‍ ബാങ്ക് എന്നിവയാണു ശിക്ഷിക്കപ്പെട്ട ബാങ്കുകള്‍.

ഭുജ് ബാങ്കിന് ഒന്നര ലക്ഷം രൂപയാണു പിഴയിട്ടത്. നിങ്ങളുടെ ഇടപാടുകാരെ അറിയുക ( കെ.വൈ.സി ) എന്നതു സംബന്ധിച്ചും നിക്ഷേപത്തിനുള്ള പലിശനിരക്ക് സംബന്ധിച്ചുമുള്ള നിബന്ധനകള്‍ ലംഘിച്ചതാണു കുറ്റം. സന്‍ഖേദ ബാങ്കിന് അഞ്ചു ലക്ഷം രൂപയാണു പിഴയിട്ടത്. ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും അവര്‍ക്കു താല്‍പ്പര്യമുള്ള സ്ഥാപനങ്ങള്‍ക്കും വഴിവിട്ട് വായ്പകള്‍ അനുവദിച്ചു എന്നതാണു കുറ്റം. പലിശനിരക്കു സംബന്ധിച്ച നിബന്ധനകള്‍ അനുസരിക്കാതിരുന്നതിനാണു ലിംദി അര്‍ബന്‍ ബാങ്കിനെ അമ്പതിനായിരം രൂപ പിഴയടയ്ക്കാന്‍ ശിക്ഷിച്ചത്. മറ്റു ബാങ്കുകളില്‍ നിക്ഷേപം ഇടുന്നതു സംബന്ധിച്ച നിബന്ധന ലംഘിച്ച ശ്രീ ഭാരത് സഹകരണ ബാങ്ക് അഞ്ചു ലക്ഷം രൂപയാണു പിഴയൊടുക്കേണ്ടത്. ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികളുടെ അംഗത്വം സംബന്ധിച്ച നിര്‍ദേശങ്ങള്‍ ലംഘിച്ച പര്‍ലഖേമുന്‍ഡി ബാങ്കിന് ഒന്നര ലക്ഷം രൂപയാണു പിഴയിട്ടത്.

[mbzshare]

Leave a Reply

Your email address will not be published.