ക്ഷേമ പെൻഷൻ- അനർഹർ പെൻഷൻ വാങ്ങുന്നത് ഒഴിവാക്കാൻ സഹകരണസംഘങ്ങൾ വഴി പൂർണ്ണമായി നൽകണമെന്ന് പാക്‌സ് അസോസിയേഷൻ.

adminmoonam

ക്ഷേമ പെൻഷൻ പൂർണമായും സഹകരണസംഘങ്ങൾ വഴി നൽകണമെന്ന് പാക്‌സ് അസോസിയേഷൻ സർക്കാറിനോട് ആവശ്യപ്പെടും. ഇതുവഴി അനർഹർ പെൻഷൻ സ്വന്തമാക്കുന്നത് പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കുമെന്ന് പാക്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വക്കേറ്റ് വി.ജോയ് പറഞ്ഞു. ഇതുസംബന്ധിച്ച് നിവേദനം അടുത്തദിവസം സർക്കാരിന് നൽകുമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ സംഘങ്ങൾ വഴി പെൻഷൻ നൽകുമ്പോൾ ഗുണഭോക്താവിനെ നേരിൽ കണ്ടാണ് പെൻഷൻ തുക നൽകുന്നത്. ഇതുവഴി അനർഹർ കൈവശപെടുത്തുന്നത് പൂർണമായും ഒഴിവാക്കാൻ സാധിക്കും. തന്നെയുമല്ല പെൻഷൻ തുക അഡ്വാൻസായി സഹകരണസംഘങ്ങൾ നൽകുകയാണ്. ഇതിനുശേഷമാണ് സർക്കാരിൽനിന്നും സഹകരണസംഘങ്ങൾക്ക് ലഭിക്കുന്നത്.

ഒരു പഞ്ചായത്തിൽ മാത്രം 15 ശതമാനത്തിലധികം അനർഹർ പെൻഷൻ വാങ്ങുന്നത് ഇതുവഴി 100% ഒഴിവാക്കാൻ സാധിക്കുമെന്ന് പാക്സ് അസോസിയേഷൻ പറയുന്നു. പ്രതിവർഷം 46.9 ലക്ഷം ഗുണഭോക്താക്കൾകായി 7760 കോടി രൂപയാണ് സർക്കാർ ക്ഷേമപെൻഷൻ ആയി ഇപ്പോൾ ചിലവിടുന്നത്. സർക്കാർ ഇപ്പോൾ മസ്റ്ററിംഗ് നിർബന്ധമാക്കിയിട്ടുണ്ട്. ഡിസംബർ 16 വരെയാണ് അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ്‌ നടത്താൻ അവസരം ഉള്ളത്.മസ്റ്ററിംഗ് പൂർത്തിയാക്കിയ ശേഷം ഡിസംബറിൽ തന്നെ ക്ഷേമ പെൻഷൻ നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

അതിനിടെ മസ്റ്ററിംഗിനുള്ള സൗജന്യ സേവനത്തിന് ഫീസ് ഈടാക്കി സ്വകാര്യസ്ഥാപനങ്ങളും ഇപ്പോൾ രംഗത്തുള്ള തായി പരക്കെ ആക്ഷേപമുണ്ട്. സ്വകാര്യസ്ഥാപനങ്ങൾ ഗുണഭോക്താക്കളിൽ നിന്നും ഫീസായി 50 രൂപ ഈടാക്കി കബളിപ്പിക്കുന്നതായി പരാതിയുണ്ട്. സർക്കാർ തയ്യാറാക്കിയ ജീവൻ രേഖ എന്ന സോഫ്റ്റ്‌വെയർ വഴി ബയോമെട്രിക്
മസ്റ്റ്റിംഗ് നടത്താനുള്ള അധികാരം അക്ഷയ കേന്ദ്രങ്ങൾക്ക് ആണ് ഉള്ളത്. എന്നാൽ വ്യക്തിപരമായി ലോഗിൻ ചെയ്യാനുള്ള ഓപ്ഷൻ ദുരുപയോഗം ചെയ്താണ് സ്വകാര്യസ്ഥാപനങ്ങൾ ഗുണഭോക്താക്കളെ ചൂഷണം ചെയ്യുന്നത്. ഇത് ശ്രദ്ധയിൽ പെടുത്തിയതോടെ വ്യക്തിപരമായി ലോഗിൻ ചെയ്യാനുള്ള സംവിധാനം സർക്കാർ ഇപ്പോൾ തടഞ്ഞിട്ടുണ്ട്. സർവീസ് പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് നൽകുന്നതിന് രൂപംനൽകിയ ജീവൻ പ്രമാൺ എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സ്വകാര്യ കമ്പ്യൂട്ടർ സ്ഥാപനങ്ങൾ കബളിപ്പിക്കുന്നതായി പരാതികൾ വരുന്നുണ്ട്. എന്നാൽ ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മസ്റ്ററിംഗ്‌ നടത്താൻ സാധിക്കില്ല.

ദേശസാൽകൃത ബാങ്കുകൾ വഴി പെൻഷൻ വാങ്ങുന്നവരാണ് അനർഹമായി പെൻഷൻ കരസ്ഥമാക്കുന്നവരിൽ ഭൂരിഭാഗവും. മരിച്ചുപോയവരുടെയും സ്ഥലത്തില്ലാത്ത വരുടെയും എ.ടി.എം കാർഡും പിൻ നമ്പറും അറിയാവുന്ന വീട്ടുകാർ തന്നെയാണ് എ.ടി.എം കാർഡ് ഉപയോഗിച്ച് പെൻഷൻ കരസ്ഥമാക്കുന്നത്. ഇത് ഒഴിവാക്കാൻ പ്രാഥമിക സഹകരണ സംഘങ്ങൾ വഴി പെൻഷൻ നൽകുന്നതുവഴി സാധിക്കുമെന്നും പാക്സ് അസോസിയേഷൻ സർക്കാരിന് മുന്നിൽ വിശദമാക്കും.

Leave a Reply

Your email address will not be published.