ക്ഷീരസംഘങ്ങള്‍ക്ക് കീഴില്‍ സംരംഭങ്ങളുമായി’ക്ഷീരശ്രീ’വനിതാ കൂട്ടായ്മ വരുന്നു
ക്ഷീരമേഖലയില്‍ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൂടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ മാതൃകയില്‍ വനിതാ കൂട്ടായ്മകളുണ്ടാക്കുന്നു. ‘ക്ഷീരശ്രീ’ എന്ന പേരിലാണ് ഈ കൂട്ടായ്മകള്‍ക്ക് രൂപം നല്‍കുക. ക്ഷീരമേഖലയില്‍ ഏറ്റവും കൂടുതലുള്ളത് സ്ത്രീകളാണ്. എന്നാല്‍, ക്ഷീര സംഘങ്ങള്‍ക്ക് പാല്‍ അളന്നുനല്‍കുക എന്നതിനപ്പുറത്തേക്കുള്ള സംരംഭങ്ങളിലേക്ക് ഇവര്‍ എത്തുന്നില്ല. വനിതകള്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പാക്കാനുള്ള സംരംഭകത്വ പദ്ധതിയാണ് ക്ഷീരശ്രീയിലൂടെ ലക്ഷ്യമിടുന്നത്.
ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പായാണ് ക്ഷീരശ്രീ രൂപവത്കരിക്കുക. ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് കീഴിലായിരിക്കും ഇവയുടെ പ്രവര്‍ത്തനം. എന്നാല്‍, സംഘങ്ങള്‍ നിയന്ത്രിക്കുന്ന വനിതാ കൂട്ടായ്മയല്ല ക്ഷീരശ്രീ. പകരം ക്ഷീരസംഘങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംരംഭകത്വ സ്ത്രീകൂട്ടായ്മയായിരിക്കുമിത്. പാലിന്റെ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ പ്രാദേശിക വിപണനവും ക്ഷീരമേഖലയിലെ സ്ത്രീകളുടെ ശാക്തീകരണവുമാണ് ലക്ഷ്യം.
ക്ഷീരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകളെ പ്രാദേശികാടിസ്ഥാനത്തില്‍ ചെറിയ ഗ്രൂപ്പുകളാക്കി തിരിച്ചാണ് കൂട്ടായ്മകള്‍ രൂപവത്കരിക്കുക. ഓരോ ഗ്രൂപ്പിലും നാലു മുതല്‍ പത്തു വരെ അംഗങ്ങളാണുണ്ടാവുക. ക്ഷീരമേഖലയുമായി ബന്ധപ്പെട്ടതും വരുമാനമുണ്ടാക്കാന്‍ സഹായിക്കുന്നതുമായ ഏത് സംരംഭങ്ങളും ഈ ഗ്രൂപ്പുകള്‍ക്ക് ഏറ്റെടുത്ത് നടത്താനാവും.
‘ക്ഷീരശ്രീ സംയുക്ത ബാധ്യതാസംഘം’ രൂപവത്കരിക്കുന്നതോടെ സംരംഭങ്ങള്‍ തുടങ്ങാന്‍ നബാര്‍ഡില്‍ നിന്നടക്കം ഗ്രൂപ്പുകള്‍ക്കോ അംഗങ്ങള്‍ക്കോ കുറഞ്ഞ പലിശനിരക്കില്‍ വായ്പകള്‍ ലഭ്യമാകും. ക്ഷീരവികസന വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തായിരിക്കും ക്ഷീരശ്രീ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുക. ക്ഷീരസംഘങ്ങളിലെ വനിതാ സംഘങ്ങള്‍ക്ക് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ മാതൃകയില്‍ ക്ഷീരശ്രീ യൂണിറ്റുകളായി പ്രവര്‍ത്തിക്കാനാകും. ഇവര്‍ക്ക് സബ്സിഡിയോടെ വായ്പകള്‍ ലഭ്യമാക്കാനാണ് തീരുമാനം.