കോ-ഓപ്മാര്‍ട്ട് പ്രവര്‍ത്തന രേഖ പ്രകാശനം ചെയ്തു
ഉല്‍പാദന മേഖലയില്‍ കൂടുതല്‍ സംരംഭങ്ങളും അതിലൂടെ തൊഴിലവസരവും സൃഷ്ടിക്കുന്ന സമഗ്ര സഹകരണ കാഴ്ചപ്പാട് അവതരിപ്പിക്കുന്ന പ്രവര്‍ത്തന രേഖ പ്രകാശനം ചെയ്തു. ‘കോ-ഓപ് മാര്‍ട്ട് സഹകരണ വിപണിയുടെ ഉദയം’ എന്ന പേരിലാണ് 118 പേജുള്ള സമഗ്ര പ്രവര്‍ത്തന രേഖ തയ്യാറാക്കിയിട്ടുള്ളത്. കോഴിക്കോട് ഇരിങ്ങലിലെ സര്‍ഗാലയയില്‍ സഹകരണ വാരാഘോഷത്തിന്റെ സമാപനച്ചടങ്ങില്‍ സഹകരണ വകുപ്പ് മന്ത്രി വി. എന്‍.വാസവന്‍ സഹകരണ സംഘം രജിസ്ട്രാര്‍ പി.ബി.നൂഹിന് ”കോപ്മാര്‍ട്ട് പ്രവര്‍ത്തന രേഖ” നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
സഹകരണ സംഘങ്ങളുടെയും സംരംഭകരുടെയും ഉല്‍പന്നങ്ങള്‍ക്ക് കേന്ദ്രീകൃത വിപണന കേന്ദ്രം ഒരുക്കുന്നതിന് സഹകരണ വകുപ്പ് തയ്യാറാക്കിയ പദ്ധതിയാണ് കോ-ഓപ് മാര്‍ട്ട്. ഇതിനൊപ്പം, സഹകരണ ഉല്‍പന്നങ്ങള്‍ക്ക് ഗുണനിലവാരം ഉറപ്പാക്കി ‘ കോ-ഓപ് കേരള’ സഹകരണ മുദ്രയും നല്‍കുന്നുണ്ട്
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് മലബാര്‍ ഡിസ്ട്രിക്ട് കോ-ഓപ്റേറ്റീവ് സപ്ലൈ ആന്‍ഡ് മാര്‍ക്കറ്റിങ് സൊസൈറ്റി (എന്‍.എം.ഡി.സി. കേരള)യ്ക്കാണ് ഈ പദ്ധതി ഏകോപനത്തിനുള്ള ചുമതല. എന്‍.എം.ഡി.സി. കേരളയാണ് സമഗ്ര പ്രവര്‍ത്തന രേഖ തയാറാക്കിയത്.
പ്രകാശനച്ചടങ്ങില്‍ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബ്, ‘സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, കേരളാ ബാങ്ക് ഡയറക്ടര്‍ ഇ.രമേശ്ബാബു, എന്‍എംഡിസി ചെയര്‍മാന്‍ പി.സൈനുദ്ദീന്‍, ജനറല്‍ മാനേജര്‍ എം.കെ.വിപിന, വൈസ് ചെയര്‍മാന്‍ വി.പി.കുഞ്ഞികൃഷ്ണന്‍,ഡയറക്ടര്‍ ഇ.അരവിന്ദാക്ഷന്‍, ഏറാമല ബാങ്ക് ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.