കോവിഡ് വാക്‌സിന്‍: മുന്‍ഗണന വേണമെന്ന് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റര്‍

Deepthi Vipin lal

സംസ്ഥാനത്തെ സഹകരണ ജീവനക്കാരേ കോവിഡ് വാക്‌സിനേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി അടിയന്തരമായി വാക്‌സിന്‍ നല്‍കുന്നതിന് പ്രത്യേക പരിഗണ നല്‍കണമെന്ന് സഹകരണ -രജിസ്‌ടേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റര്‍ സംസ്ഥാന പ്രസിഡന്റ് ഹനീഫ പെരിഞ്ചീരിയും സെക്രട്ടറി വി.കെ.ഹരികുമാറും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

അവശ്യ സര്‍വീസായി പ്രവര്‍ത്തിക്കുന്ന പ്രാഥമിക സര്‍വീസ് സഹകരണ സംഘങ്ങളിലെയും സൊസൈറ്റികളിലേയും ജീവനക്കാരെക്കൂടി മുന്‍ഗണനപട്ടികയില്‍പ്പെടുത്തി വാക്‌സിനേഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും അവശ്യസേവനങ്ങളായ മരുന്നുകളും മറ്റു സാധനങ്ങളും എത്തിച്ചു നല്‍കുകയും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വീട്ടിലെത്തിച്ചു നല്‍കുകയും ചെയ്യുന്ന സഹകരണ മേഖലയിലെ ജീവനക്കാരുടെ സുരക്ഷയിലുള്ള അലംഭാവം ഖേദകരമാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കോടിക്കണക്കിന് രൂപയാണ് സഹകരണ മേഖലയില്‍ നിന്ന് സമാഹരിക്കുന്നത്. കൂടാതെ സഹകരണ ജീവനക്കാര്‍ സ്വമേധയാ തങ്ങളുടെ ശമ്പളത്തിന്റെ ഒരു ഭാഗം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നുമുണ്ട്. സംസ്ഥാനത്തെ ഓരോ പ്രാഥമിക സഹകരണ സംഘങ്ങളും സൊസൈറ്റികളും ലക്ഷക്കണക്കിന് രൂപവീതം നല്‍കിക്കൊണ്ട് സര്‍ക്കാരിന്റെ യജ്ഞത്തില്‍ ഒപ്പം നില്‍ക്കുന്നവരാണ്. സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്ക് അവധി നല്‍കിയപ്പോഴും ‘എല്ലാ പ്രവൃത്തി ദിനങ്ങളിലും സേവന തല്‍പരരായി കോവിഡിനെതിരെ മുന്നണി പോരാളികളായി പ്രവര്‍ത്തിച്ചവരാണ് സഹകരണ മേഖലയിലെ ജീവനക്കാര്‍ – നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Latest News