കോവിഡിന്റെ മറവിൽ കേരള ബാങ്കിലെ 17 ജീവനക്കാർക്ക് പ്രമോഷൻ: പഴയ സംസ്ഥാന സഹകരണ ബാങ്കിലെ ജീവനക്കാർക്ക് നൽകിയ പ്രമോഷൻ നിയമവിരുദ്ധമാണെന്ന് ജീവനക്കാരുടെ സംഘടന.

adminmoonam

കോവിഡിന്റെ മറവിൽ കേരള ബാങ്കിലെ 17 ജീവനക്കാർക്ക് പ്രമോഷൻ നൽകിക്കൊണ്ട് തിങ്കളാഴ്ച ഉത്തരവിറങ്ങി.പഴയ സംസ്ഥാന സഹകരണ ബാങ്കിലെ ജീവനക്കാർക്ക് പ്രമോഷൻ നൽകിയത് വിവാദമായി. ഈ 17 പേർക്ക് നൽകിയ പ്രമോഷൻ നിയമവിരുദ്ധമാണെന്ന് ജീവനക്കാരുടെ സംഘടന പറഞ്ഞു. 13 ജില്ലാ സഹകരണ ബാങ്കുകളും ലയിച്ച് 29.11.2019ന് കേരള ബാങ്ക് ആയ സാഹചര്യത്തിൽ പഴയ സംസ്ഥാന സഹകരണ ബാങ്കിലെ 17 ജീവനക്കാർക്ക് മാത്രം പ്രമോഷൻ നൽകിയ നടപടി അന്യായവും നിയമവിരുദ്ധവും ആണെന്ന് ഓൾ കേരള ഡിസ്റ്റിക് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ആരോപിച്ചു. സഹകരണ വകുപ്പ് മന്ത്രി ഇടപെട്ട് ഈ വഴിവിട്ട പ്രമോഷൻ റദ്ദ് ചെയ്യണമെന്ന് സംഘടന ജനറൽ സെക്രട്ടറി സി.കെ. അബ്ദുൽ റഹ്മാൻ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളിലെ 5700 ഓളം ജീവനക്കാരും പഴയ സംസ്ഥാന സഹകരണ ബാങ്കിലെ 270ഓളം ജീവനക്കാരും പുതിയ സംസ്ഥാന സഹകരണ ബാങ്കിലെ ജീവനക്കാരായി (കേരള ബാങ്ക് ) മാറിയ സാഹചര്യത്തിൽ പഴയ സംസ്ഥാന സഹകരണ ബാങ്കിലെ 17 ജീവനക്കാർക്ക് മാത്രം പ്രമോഷൻ നൽകിയ നടപടി ഏത് നിയമവ്യവസ്ഥയുടെ പേരിലാണ് എന്ന് വിശദീകരിക്കാൻ കേരള ബാങ്കിന്റെ ഇടക്കാല ഭരണ സമിതിയുടെ അധ്യക്ഷൻ കൂടിയായ സഹകരണ വകുപ്പ് സെക്രട്ടറി തയ്യാറാകണമെന്ന് സംഘടന ആവശ്യപ്പെട്ടു. ജില്ലാ സഹകരണ ബാങ്കുകളിലെ 5700 ഓളം ജീവനക്കാരുടെ നിയമപരമായ അവകാശങ്ങൾ അവഗണിച്ചുകൊണ്ട് കേരള ബാങ്കിന്റെ ഭരണസമിതി ഇപ്പോഴും മുൻ സംസ്ഥാന സഹകരണ ബാങ്ക് ജീവനക്കാരുടെ അനർഹമായ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് നിലകൊള്ളുന്നതെന്ന് സംഘടന കുറ്റപ്പെടുത്തി. ഈ പ്രമോഷൻ അടിയന്തരമായി റദ്ദ് ചെയ്യണമെന്നും സംഘടന ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.