കോവിഡിന്റെ പേരിൽ സഹകരണ സ്ഥാപനങ്ങൾ കൊള്ളയടിക്കാൻ സർക്കാർ ശ്രമം നടത്തുന്നതായി കെപിസിസി ജനറൽ സെക്രട്ടറി അഡ്വ . ശിവദാസൻ നായർ.

adminmoonam

കോവിഡിന്റെ പേരിൽ സഹകരണ സ്ഥാപനങ്ങൾ കൊള്ളയടിക്കാൻ സർക്കാർ ശ്രമം നടത്തുന്നതായി കെപിസിസി ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എ യുമായ അഡ്വ . ശിവദാസൻ നായർ പ്രസ്താവിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്റെ പേരിൽ സഹകരണ സ്ഥാപനങ്ങളെ ഇടതു സർക്കാർ ഞെക്കിപിഴിയുകയായിരുന്നു. വെള്ളപ്പൊക്കത്തിൽ ഉണ്ടായ ഭീമമായ നഷ്ടം സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ബാധിച്ചു. ഈ നഷ്ടം പരിഹരിക്കാൻ സർക്കാർ ഒരു സഹായവും നൽകിയില്ല. ആദ്യം ഭീമമായ തുക സഹകരണ സ്ഥാപനങ്ങളിൽ നിന്നും ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സംഭാവന പേരിൽ ഈടാക്കി. തുടർന്ന് ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ മുഴുവൻ ലാഭവും സർക്കാരിലേക്ക് മുതൽ കൂട്ടി. തുടർന്ന് ഭവന നിർമാണത്തിനായി വലിയ തുക സ്ഥാപനങ്ങളിൽ നിന്നും ബലമായി ഈടാക്കി.

എന്നാൽ വെള്ളപ്പൊക്കത്തിൽ നഷ്ടം നേരിട്ട, സ്ഥാപനങ്ങൾക്കോ വായ്പകാർക്കോ ഒരു രൂപയുടെയും സഹായവും സർക്കാർ നൽകിയില്ല. ഇപ്പോൾ ഇൻകം ടാക്സ് ഉദ്യോഗസ്ഥർ സ്ഥാപനങ്ങളിൽ ടാക്സ് പിരിവിനു നോട്ടീസ് നൽകി. ഓരോ സ്ഥാപനവും ഭീമമായ ഫീസ് നൽകി കേസ് കൊടുത്തു ഹൈക്കോടതിയിൽ നിന്നും താൽക്കാലിക ഉത്തരവ് വാങ്ങി കൊണ്ടു മാത്രം ആ തുക നൽകാതെ ഇരിക്കുകയാണ് . ഇതിനു പുറമേ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം ബലമായി പിടിച്ച് വാങ്ങാൻ സഹകരണ രജിസ്ട്രാർ സംഘവും ഭീഷണിയായി ഇറങ്ങിയിരിക്കുകയാണ്.

വായ്പാ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ചതുമൂലം ഭൂരിഭാഗം സഹകരണസ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്. കോവിഡിന്റെ പേരിൽ സഹകരണ സ്ഥാപനങ്ങളെ കൊള്ളയടിക്കാനുള്ള സർക്കാർ നീക്കം പ്രതിഷേധാർഹമാണ്. എന്തിനും സഹകരണ സ്ഥാപനങ്ങളിൽ നിന്നും പണം ഈടാക്കാമെന്ന നിലപാട് അപലപനീയമാണ്. ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരും ചേർന്ന് സ്ഥാപനങ്ങളെ നശിപ്പിക്കുന്ന ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും പിന്മാറണമെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Latest News