കോവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഉദ്യോഗസ്ഥരുടെ അന്യജില്ലാ ട്രാൻസ്ഫർ ഒഴിവാക്കണമെന്ന് കോൺഗ്രസ്.
പൊതു ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സഹകരണ വകുപ്പിലെയും സർക്കാർ സർവ്വീസിലെയും ജീവനക്കാരുടെ അന്യ ജില്ല ട്രാൻസ്ഫർ ഒഴിവാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കോവിഡ് സാഹചര്യത്തിൽ പോലും രാഷ്ട്രീയം നോക്കിയും മറ്റു പരിഗണനകൾ നോക്കിയുമാണ് ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും ട്രാൻസ്ഫർ ചെയ്യുന്നതെന്ന് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ അഡ്വക്കേറ്റ് കെ. ശിവദാസൻ നായർ ആരോപിച്ചു.
സ്വന്തം ജില്ലകളിൽ ഒഴിവുകൾ ഉണ്ടായിട്ടും അന്യജില്ലകളിൽ ജോലി ചെയ്യുന്ന ധാരാളം സർക്കാർ ഉദ്യോഗസ്ഥർ ഇപ്പോഴുണ്ട്. മഹാമാരിയുടെ ഈ പ്രത്യേക സാഹചര്യത്തിൽ സർക്കാർ ഉദ്യോഗസ്ഥരെ അന്യ ജില്ലകളിലേക്കു ട്രാൻസ്ഫർ ചെയ്യുന്നത് നീതീകരിക്കാൻ കഴിയില്ല. അതാത് ജില്ലകളിൽ ഒഴിവുകൾ ഉണ്ടെങ്കിൽ അത് നൽകാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ പ്രത്യേക സാഹചര്യത്തിൽ അന്യജില്ലകളിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് സ്വന്തം ജില്ലയിൽ ഒഴിവുള്ള ഒഴിവുകളിൽ നിയമനം നൽകണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയനും ആവശ്യപ്പെട്ടു.