കോട്ടയം ആസ്ഥാനമായിനെല്ലു സംഭരണ, സംസ്‌കരണ, വിപണന സഹകരണ സംഘം

Deepthi Vipin lal

നെല്ലു സംഭരണത്തിനും സംസ്‌കരണത്തിനും വിപണനത്തിനുമായുള്ള സഹകരണ സംഘം ( ദ കേരള പാഡി പ്രൊക്യൂര്‍മെന്റ്, പ്രോസസിങ് ആന്റ് മാര്‍ക്കറ്റിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് – KAPCOS ) കോട്ടയം ആസ്ഥാനമായി നിലവില്‍ വന്നു.

കോട്ടയം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ രാധാകൃഷ്ണനാണ് ചീഫ് പ്രൊമോട്ടര്‍. പാലക്കാട് ജില്ലയൊഴികെ മറ്റു 13 ജില്ലകളും ഈ സംഘത്തിന്റെ  പ്രവര്‍ത്തന  പരിധിയില്‍ വരും. ആഗസ്റ്റ് 27 നു രജിസ്റ്റര്‍ ചെയ്ത സംഘത്തിന്റെ അംഗീകൃത ഓഹരി മൂലധനം 310 കോടി രൂപയാണ്. കോട്ടയം ജില്ലയിലെ 26 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളാണ് ഇതിലെ അംഗങ്ങള്‍.

കര്‍ഷകരില്‍ നിന്നു നെല്ലു ശേഖരിച്ചു സംസ്‌കരിച്ചു വില്‍ക്കുക, സംഭരണശാലകള്‍ സ്ഥാപിക്കുക, സര്‍ക്കാര്‍ – അര്‍ധ സര്‍ക്കാര്‍ – സഹകരണ – സ്വകാര്യ സ്ഥാപനങ്ങള്‍ വഴിയും ഓണ്‍ലൈനായും വിപണന സൗകര്യമൊരുക്കുക, നെല്‍ക്കൃഷി വ്യാപനത്തിനുള്ള നടപടിയെടുക്കുക, നെല്‍ക്കൃഷിക്കാരെ സഹായിക്കുക എന്നിവയാണു സംഘത്തിന്റെ ലക്ഷ്യങ്ങള്‍.

പാലക്കാട്ട് സഹകരണ മേഖലയിലാരംഭിച്ച റൈസ്മില്‍ മാതൃകയില്‍ കുട്ടനാട്, അപ്പര്‍ കുട്ടനാട് കേന്ദ്രമാക്കി രണ്ടു റൈസ്മില്ലുകള്‍ സ്ഥാപിക്കുമെന്നു ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലും മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മപരിപാടിയിലും വ്യക്തമാക്കിയിരുന്നു. അതാണു കോട്ടയത്തെ KAPCOS രൂപവത്കരണത്തോടെ യാഥാര്‍ഥ്യമാവുന്നത്.

2018 ലെ ബജറ്റില്‍ പ്രഖ്യാപിച്ച പാലക്കാട്ടെ നെല്ലു സംഭരണ, സംസ്‌കരണ, വിപണന സംഘത്തിന്റെ ( PAPCOS ) റൈസ്മില്‍ കണ്ണമ്പ്രയിലാണു സ്ഥാപിക്കുന്നത്. പണി നടന്നുവരുന്ന ഈ റൈസ്മില്ലിനും ഗോഡൗണിനുമായി 75 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനായി 28 ഏക്കര്‍ സ്ഥലമാണു ഏറ്റെടുത്തത്. പാലക്കാട് ജില്ലയിലെ മുപ്പത് പ്രാഥമിക സഹകരണ സംഘങ്ങള്‍ ചേര്‍ന്നാണു പാലക്കാട് നെല്ലു സംഭരണ, സംസ്‌കരണ, വിപണന സംഘം ( PAPCOS ) രൂപവത്കരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News