കൊവിഡ് 19 – എല്ലാ തരം വായ്പകള്‍ക്കും ഒരുവർഷത്തെ മൊറട്ടോറിയം
കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ തരം വായ്പകള്‍ക്കും ഒരുവർഷത്തെ മൊറട്ടോറിയം നല്‍കാന്‍ ബാങ്കേഴ്സ് സമിതി സബ് കമ്മിറ്റി ശുപാര്‍ശ. 2020 ജനുവരി 31 മുതലാണ് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ 10000 രൂപ മുതല്‍ 25000 രൂപ വരെ വായ്പ നല്‍കാനും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ജനുവരി 31 വരെ കൃത്യമായി തിരിച്ചടവ് നടത്തിയവര്‍ക്ക് ഒരു വര്‍ഷത്തേക്കാണ് മൊറട്ടോറിയം അനുവദിച്ചത്.
ജപ്തി നടപടികള്‍ 3 മാസത്തേക്ക് നിര്‍ത്തിവെയ്ക്കാനും, അടിയന്തിര വായ്പ അനുവദിക്കാനും എസ്.എല്‍.ബി.സി പ്രത്യേക സബ് കമ്മിറ്റി തീരുമാനിച്ചു. കൊവിഡ് 19 ബാധ മൂലം സംസ്ഥാനത്തെ എല്ലാ രംഗത്തും മാന്ദ്യം പിടിമുറുക്കിയ സാഹചര്യത്തില്‍ വായ്പകള്‍ക്ക് മോറട്ടോറിയം അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുമായി ചര്‍ച്ച നടത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ബാങ്കേഴ്സ് സമിതി ഇന്ന് വിളിച്ചു ചേര്‍ത്ത പ്രത്യേക സബ് കമ്മിറ്റിയിലാണ് വായ്പകള്‍ക്ക് ഒരുവർഷത്തെ മൊറട്ടോറിയം അനുവദിക്കാന്‍ തീരുമാനിച്ചത്.
ആനുകൂല്യം വേണമെന്ന് ആവശ്യപ്പെടുന്നവര്‍ക്കാണ് വായ്പാ ഇളവ് നല്‍കുക. ഇതിന് പലിശ അധികമായി നല്‍കേണ്ടി വരും. പ്രതിസന്ധി കാലത്ത് വരുമാനമില്ലാതെ ബുദ്ധിമുട്ടിലാകുന്നവര്‍ക്ക് വീട്ടിലേക്ക് സാധങ്ങള്‍ വാങ്ങാനാണ് 10,000 രൂപ മുതല്‍ 25,000 രൂപ വരെ വായ്പ നല്‍കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. എല്ലാത്തരം വായ്പകള്‍ക്കും മൊറട്ടോറിയം പ്രഖ്യാപിക്കാനാണ് തീരുമാനം. സബ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ റിസര്‍വ് ബാങ്ക് അംഗീകരിക്കേണ്ടതുണ്ട്.