കൊച്ചി മെഡിക്കല്‍കോളേജ് ഏറ്റെടുത്തതിന് കേപ്പിന് സര്‍ക്കാര്‍ 44.99 കോടി നല്‍കുന്നു
കൊച്ചി സഹകരണ മെഡിക്കല്‍ കോളേജ് ഏറ്റെടുത്തതിനുള്ള നഷ്ടപരിഹാരമായി 44.99 കോടി രൂപ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അഞ്ചു ഗഡുക്കളായിട്ടായിരിക്കും പണം നല്‍കുക. ഇതിന്റെ ആദ്യ ഗഡുവായ ഒമ്പത് കോടി രൂപ ഉടന്‍ അനുവദിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരള കോ-ഓപ്പറേറ്റീവ് പ്രൊഫഷണല്‍ എഡ്യുക്കേഷനാണ് (കേപ്പ്) സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നത്.
കൊച്ചി സഹകരണ മെഡിക്കല്‍ കോളേജിനെ 2013 ഡിസംബറിലാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. കോളേജിന്റെ ആസ്തി ബാധ്യതകളോടെ ഏറ്റെടുക്കുന്നുവെന്നായിരുന്നു ഉത്തരവ്. ധനകാര്യ വകുപ്പ് നിയോഗിക്കുന്ന കമ്മിറ്റി തീരുമാനിക്കുന്ന നിബന്ധനകളോടെയായിരിക്കും ഏറ്റെടുക്കല്‍ എന്നും നിര്‍ദ്ദേശിച്ചിരുന്നു. കോളേജ് ഏറ്റെടുത്തതിന് പിന്നാലെ, അതിന്റെ ഭാഗമായിരുന്നതും കോളേജ് ക്യാമ്പസില്‍ത്തന്നെ പ്രവര്‍ത്തിക്കുന്നതുമായി നേഴ്സിങ് കോളേജും സര്‍ക്കാര്‍ ഏറ്റെടുത്തു. 2014 ഏപ്രിലിലായിരുന്നു ഇത്.
സഹകരണ സ്ഥാപനമായ കേരള കോ-ഓപ്പറേറ്റീവ് പ്രൊഫഷണല്‍ എഡ്യുക്കേഷന്റെ (കേപ്പ്) കീഴിലായിരുന്നു കൊച്ചി സഹകരണ മെഡിക്കല്‍ കോളേജ്. എന്നാല്‍, ഇത് സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ എത്ര രൂപ നഷ്ടപരിഹാരം നല്‍കുമെന്നത് സംബന്ധിച്ച് ധാരണയുണ്ടാക്കിയിരുന്നില്ല. 2021 ഫിബ്രവരി 23 ന് കേപ്പിന് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചര്‍ച്ച നടന്നു. സഹകരണ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ള തുക ഗഡുക്കളായി അനുവദിക്കാമെന്നായിരുന്നു ഈ യോഗത്തിലെ ധാരണ. കേപ്പിന് സര്‍ക്കാര്‍ അനുവദിക്കുന്ന സഹായത്തില്‍ കുറവുവരുത്താതെ നല്‍കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
44.99 കോടി രൂപയാണ് സഹകരണ വകുപ്പ് നഷ്ടപരിഹാരത്തുകയായി കണക്കാക്കിയത്. ഇത് അനുവദിക്കണമെന്ന് കാണിച്ച് കേപ്പ് ഡയറക്ടര്‍ സര്‍ക്കാരിന് കത്ത് നല്‍കി. അഞ്ച് ഗഡുക്കളായി ഈ തുക കൈമാറാമെന്ന് കാണിച്ച് സര്‍ക്കാര്‍ ഉത്തരവുമിറക്കി. അതിന്റെ ആദ്യവിഹിതമാണ് ഇപ്പോള്‍ കൈമാറാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്.