കൈത്തറി സംഘങ്ങള്‍ക്കു രക്ഷയേകാന്‍ ‘കൈത്തറി ചലഞ്ചും’ കൂടെ ആമസോണും
കോവിഡ് വ്യാപനം ഏറെ പ്രതിസന്ധിയുണ്ടാക്കിയതു പരമ്പരാഗത വ്യവസായ സഹകരണ സംഘങ്ങളെയാണ്. ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ മാര്‍ഗമില്ലാതായി. തൊഴിലും കൂലിയും മുടങ്ങി. ഇതില്‍ത്തന്നെ കൈത്തറി സഹകരണ സംഘങ്ങളെയും തൊഴിലാളികളെയും കോവിഡ് പ്രതിസന്ധി അതിഗുരുതരമായി ബാധിച്ചു. കൈത്തറി സംഘങ്ങളുടെ പ്രധാന കേന്ദ്രമായ ബാലരാമപുരത്തു ഈ പ്രതിസന്ധിയെ മറികടക്കാന്‍ തുടങ്ങിയ ജനകീയ പദ്ധതിയാണ് കൈത്തറി ചലഞ്ച്.
എം.വിന്‍സെന്റ് എം.എല്‍.എ.യാണു കൈത്തറി ചലഞ്ച് എന്ന ആശയം മുന്നോട്ടുവെച്ച് നടപ്പാക്കിയത്. ഒരു കൈത്തറി ഉല്‍പ്പന്നമെങ്കിലും വാങ്ങി ചലഞ്ചിന്റെ ഭാഗമാവുകയെന്നതാണു രീതി. 2020 നവംബര്‍ ആദ്യവാരം ആരംഭിച്ച കൈത്തറി ചലഞ്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കുടുംബവും ബാലരാമപുരം കൈത്തറി ഉല്‍പ്പന്നങ്ങള്‍ വാങ്ങിയാണു ഉദ്ഘാടനം ചെയ്തത്. ശശി തരൂര്‍ എം.പി.യില്‍ നിന്നും മറ്റു പല പ്രമുഖരില്‍ നിന്നും കൈത്തറി ചലഞ്ചിനു മികച്ച പിന്തുണ ലഭിച്ചിരുന്നു.
ആമസോണും പങ്കാളിയാവുന്നു
ഇതിനെ ഇ-കൊമേഴ്സ് രംഗത്തേക്കു വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇപ്പോള്‍ ആമസോണും പങ്കാളിയാവുകയാണ്. ആമസോണ്‍ അധിക്യതരുമായി നടത്തിയ ചര്‍ച്ചകളില്‍ ആമസോണ്‍ കാരിഗര്‍ പദ്ധതിയുടെ ഭാഗമായി കൈത്തറി ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തുമെന്നു അവര്‍ അറിയിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ നാനൂറോളം തൊഴിലാളികള്‍ ഉള്‍പ്പെടുന്ന നാല് സൊസൈറ്റികളാണു ആമസോണില്‍ രജിസ്റ്റര്‍ ചെയ്യുക. ജി.എസ.്ടി.യും പാന്‍ നമ്പറും കിട്ടിയിട്ടുള്ള മുഴുവന്‍ കൈത്തറിത്തൊഴിലാളികളേയും ഈ രജിസ്ട്രേഷനില്‍ ഉള്‍പ്പെടുത്തുകയാണു ഈ ഉദ്യമത്തിന്റെ ലക്ഷ്യം.
ബാലരാമപുരം കൈത്തറിക്കു ഒരു മികച്ച വിപണിമൂല്യം നേടിയെടുക്കാന്‍ ഇതിലൂടെ സാധിക്കുമെന്നു എം. വിന്‍സെന്റ് പറഞ്ഞു. ഇത്തരം പദ്ധതികളിലൂടെ കൈത്തറി ഉല്‍പ്പന്നങ്ങള്‍ക്കു അന്താരാഷ്ട്ര വിപണിയില്‍ മികച്ച മൂല്യം നേടിയെടുക്കാന്‍ കഴിയും. ഉടന്‍തന്നെ ആമസോണുമായി സഹകരിച്ച് ഈ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ബാലരാമപുരത്തെ മുഴുവന്‍ കൈത്തറിത്തൊഴിലാളികളെയും ഈ പദ്ധതിയില്‍ പങ്കാളികളാക്കുക എന്നതാണു പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.