കേളപ്പജി സ്മാരക സംഘം അതിജീവന പാതയില്‍
ഓട് നിര്‍മാണവും മണ്‍കല നിര്‍മാണവും പ്രതിസന്ധി നേരിടുന്ന കാലത്ത് പിടിച്ചുനില്‍ക്കാന്‍ വൈവിധ്യവല്‍ക്കരണത്തിന്റെ പാത സ്വീകരിച്ചിരിക്കുകയാണ് കേളപ്പജി സ്മാരക മൂടാടി ഇന്റന്‍സീവ് ഏരിയ പോര്‍ട്ടേഴ്‌സ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി.
1980 ലാണ് സംഘം നിലവില്‍ വന്നത്. കോഴിക്കോട് ജില്ലയിലെ മണ്‍പാത്ര നിര്‍മാണ സമുദായത്തെ ഉദ്ധരിക്കാന്‍ വേണ്ടിയാണ് ഈ സംഘം തുടങ്ങിയത് . അക്കൊല്ലം എട്ട് ഓടു നിര്‍മാണ യൂനിറ്റുകള്‍ തുടങ്ങി. കേന്ദ്ര ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.പി. കുഞ്ഞിരാമക്കുറുപ്പാണ് ഈ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ മുന്‍കൈ എടുത്തത്. വടകര ചോറോട്, അരിക്കുളം ഊരളളൂര്‍, മുചുകുന്ന്, കോഴിക്കോട് നെല്ലൂര്, ബേപ്പൂര്‍, പെരുവയല്‍, ചേളന്നൂര്‍, കടലുണ്ടി എന്നിവിടങ്ങളിലാണ് ഓടു നിര്‍മാണ യൂനിറ്റുകള്‍ സ്ഥാപിച്ചത.് എന്നാല്‍, മുചുകുന്നിലെയും ചേളന്നൂരിലെയും സ്ഥാപനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പിടിച്ചു നില്‍ക്കുന്നത്. മണ്‍പാത്ര നിര്‍മാണത്തില്‍ വൈവിധ്യവല്‍ക്കരണം നടത്തിയാണ് ഈ യൂനിറ്റുകള്‍ അതിജീവിക്കുന്നത്.
ഓട്, ഇഷ്ടിക, മൂലയോട്
ഓട്, ഇഷ്ടിക, മൂലയോട് എന്നിവയാണ് ആദ്യകാലത്ത് മുചുകുന്നില്‍ നിര്‍മിച്ചിരുന്നത്. നാട്ടില്‍ ഓലവീടുകള്‍ ഓടിട്ട വീടുകളായിക്കൊണ്ടിരുന്ന കാലം സംഘത്തിന്റെ സുവര്‍ണ കാലമായിരുന്നു. പാവപ്പെട്ട ഗ്രാമീണ ജനങ്ങള്‍ക്ക് വീടുണ്ടാക്കാനാവശ്യമായ ഓടിന് വന്‍ ഡിമാന്റുണ്ടായി. എന്നാല്‍, ഓടിട്ട വീടുകള്‍ക്കു പകരം കോണ്‍ക്രീറ്റ് വീടുകള്‍ വന്നതോടെ സംഘത്തിന്റെ വരുമാനം കുറഞ്ഞു. പില്‍ക്കാലത്ത് ചെരിഞ്ഞ കോണ്‍ക്രീറ്റ് വീടുകളുടെ മുകളില്‍ ഓട് മേയാന്‍ തുടങ്ങിയതോടെ ഓട്ടു കമ്പനികളുടെ പ്രതാപം വീണ്ടും തിരിച്ചു വന്നു. അത് പക്ഷേ, അധികകാലം നിലനിന്നില്ല. കെട്ടിട നിര്‍മാണ രംഗത്ത് കോണ്‍ക്രീറ്റിന് പുറമെ ഇരുമ്പ് പൈപ്പുകളും ഷീറ്റുകളും ഉപയോഗിച്ചു തുടങ്ങിയതോടെ ഓടിന്റെ ഉപയോഗം വീണ്ടും കുറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ പല ഓട്ടുകമ്പനികള്‍ക്കും താഴ് വീണത്.
കളിമണ്ണു കൊണ്ടുളള ചെടിച്ചട്ടികളും കൂജകളും അലങ്കാരപ്പാത്രങ്ങളുമാണ് വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി മൂടാടി സൊസൈറ്റിയില്‍ ഉല്‍പ്പാദിപ്പിച്ചു തുടങ്ങിയത്. ഇതോടെ സംഘത്തിന് പുതുജീവന്‍ വന്നു. അഞ്ചു വര്‍ഷത്തോളമായി ഓടിനു പുറമേ മണ്‍ചട്ടികളും പൂച്ചട്ടികളും ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ചെടിച്ചട്ടികളുടെ വില്‍പ്പനയിലൂടെ മാത്രം വര്‍ഷത്തില്‍ സൊസൈറ്റിയ്ക്ക് അഞ്ചു ലക്ഷം രൂപയുടെ വരുമാനം ലഭിക്കുന്നുണ്ടെന്ന് പ്രസിഡന്റ് ടി.സി. രാധാകൃഷ്ണനും സെക്രട്ടറി പി. ശിവദാസനും പറഞ്ഞു. 50 മുതല്‍ 300 വരെ രൂപ വിലയുളള ഏതു മോഡല്‍ പൂച്ചട്ടികളും ഇവിടെ ആവശ്യാനുസരണം നിര്‍മിച്ചു കൊടുക്കുന്നുണ്ട്. സിമന്റ് ചട്ടികളെക്കാള്‍ ഉറപ്പും ഭംഗിയുമുളളതിനാല്‍ ധാരാളമാളുകള്‍ കളിമണ്ണ് കൊണ്ടുള്ള ചെടിച്ചട്ടികള്‍ വാങ്ങാനെത്തുന്നുണ്ട്.
മുന്‍കാലങ്ങളില്‍ 55 തൊഴിലാളികള്‍വരെ ഈ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. ഓട് നിര്‍മാണം പ്രതിസന്ധിയിലായതോടെയാണ് തൊഴിലാളികള്‍ കുറഞ്ഞത്. നിലവില്‍ 18 വനിതകളടക്കം 20 തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. ചെടിച്ചട്ടികള്‍ ചൂളയില്‍ വെക്കുന്നതും ചായം കൊടുക്കുന്നതുമെല്ലാം സ്ത്രീത്തൊഴിലാളികളാണ്. പ്രതിദിനം 50 ചട്ടികളിലെറെ നിര്‍മിക്കും. പച്ചക്കറികളും അലങ്കാര സസ്യങ്ങളും നടാന്‍ ഒട്ടനവധി പേര്‍ ചെടിച്ചട്ടികള്‍ വാങ്ങാനെത്തുന്നുണ്ട്. കൃഷി വകുപ്പ് മുഖാന്തരവും വില്‍പ്പനയുണ്ട്. പെട്ടെന്ന് പൊട്ടിപ്പോകാത്ത മികച്ചയിനം ചട്ടികളാണ് ഇവിടെയുണ്ടാക്കുന്നത്. അഞ്ച് ദിവസം ചൂളയില്‍വെച്ച് പാകപ്പെടുത്തുന്നതുകൊണ്ട് നല്ല ഉറപ്പായിരിക്കും ചട്ടികള്‍ക്ക്.
ഓട് നിര്‍മാണം കുറഞ്ഞത് സ്ഥാപനത്തിന് തിരിച്ചടിയായിട്ടുണ്ട്. മുമ്പൊക്കെ വര്‍ഷത്തില്‍ 15 പ്രാവശ്യം 18,000 ഓട് വീതം ചൂളയ്ക്ക് വെക്കുമായിരുന്നു. ഇന്നത് അഞ്ച് തവണകളായി കുറഞ്ഞു. ഓട് വില്‍പ്പനയിലൂടെ വര്‍ഷത്തില്‍ 20 ലക്ഷം രൂപയുടെ വരുമാനം ഇപ്പോഴും കിട്ടുന്നുണ്ട്.
കളിമണ്ണ് കിട്ടാനില്ല
മണ്‍പാത്രവും ഓടുമുണ്ടാക്കാനാവശ്യമായ കളിമണ്ണ് കിട്ടാത്തതാണ് ഈ മേഖല ഇന്നു നേരിടുന്ന പ്രധാന വെല്ലുവിളി. നെല്‍വയലുകള്‍ കുഴിച്ച് കളിമണ്ണെടുക്കാന്‍ വലിയ എതിര്‍പ്പാണ് നേരിടുന്നത്. റവന്യു, പോലീസ്, പഞ്ചായത്ത് വകുപ്പുകള്‍ക്ക് പുറമെ പരിസ്ഥിതിവാദികളും കളിമണ്ണ് എടുക്കുന്നതിനെതിരെ രംഗത്തുണ്ട്. മുചുകുന്ന് ഭാഗങ്ങളില്‍ കളിമണ്ണെടുക്കാന്‍ വലിയ തടസ്സങ്ങളൊന്നും ഉണ്ടാകാത്തതാണ് സൊസൈറ്റിയ്ക്ക് ഗുണമാകുന്നത്. വയലുകളില്‍ നെല്ലുണ്ടാവുന്ന മേല്‍മണ്ണ് നീക്കി അതിനിടയിലുളള കളിമണ്ണാണ് കുഴിച്ചെടുക്കുക. ഒരു ലോഡ് കളിമണ്ണ് കുഴിച്ചെടുത്താല്‍ രണ്ട് ലോഡ് മണ്ണ് കുഴിയില്‍ നിറച്ച് അത് നികത്തും. എന്നിട്ട് വയലിലെ മേല്‍മണ്ണ് നികത്തിയ ഭാഗത്ത് നിരത്തിയിടും. ഇത്തരം സ്ഥലങ്ങളില്‍ വീണ്ടും നെല്ലും പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. മുചുകുന്ന് , കടുക്കുഴി ഭാഗങ്ങളില്‍ ഇങ്ങനെ നികത്തിയ സ്ഥലങ്ങളില്‍ നെല്ലും പച്ചക്കറികളും വ്യാപകമായി കൃഷി ചെയ്തിരുന്നു. കളിമണ്ണ് എടുത്ത സ്ഥലം നികത്താന്‍ വേണ്ടിവരുന്ന രണ്ട് ലോഡ് ചെമ്മണ്ണിന് 2400 രൂപ ചെലവാകും. ഇത്തരം ചെലവുകളെല്ലാം ഈ തൊഴില്‍ മേഖലയ്ക്ക് പ്രതിസന്ധിയുണ്ടാക്കുന്നു. കോവിഡിനെത്തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ കാലത്ത് കളിമണ്ണ്, വൈക്കോല്‍, വിറക് എന്നിവ ശേഖരിക്കാന്‍ വലിയ പ്രയാസമാണ് അനുഭവപ്പെട്ടത്.
സൊസൈറ്റിയ്ക്ക് മുചുകുന്നില്‍ മൂന്ന് ഏക്കറോളം സ്ഥലം സ്വന്തമായുണ്ട്. 160 മെമ്പര്‍മാരാണുളളത്. സി. പുഷ്പയാണ് വൈസ് പ്രസിഡന്റ്. അണിയോത്ത് മാധവന്‍ നായര്‍, കൊന്നക്കല്‍ രാധാകൃഷ്ണന്‍, കെ.പി. ഭാസ്‌കരന്‍, വി.എം. ദേവി, സി.വി.ഗീത എന്നിവര്‍ ഭരണ സമിതി അംഗങ്ങളുമാണ്. പി.എഫ്, ബോണസ് എന്നീ ആനുകൂല്യങ്ങളെല്ലാം തൊഴിലാളികള്‍ക്കു നല്‍കുന്നുണ്ട്.
വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി ഇനിയും പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സൊസൈറ്റി ആലോചിക്കുന്നുണ്ടെന്ന് പ്രസിഡന്റും സെക്രട്ടറിയും പറഞ്ഞു. കളിമണ്ണ് അരച്ചെടുക്കുന്ന ഡിയറിങ് മെഷിന്‍ വാങ്ങാന്‍ ആലോചിക്കുന്നുണ്ട്.