കേരള ബാങ്ക് വരിക ഛത്തിസ്ഗഡ് മാതൃകയിൽ. എതിർക്കുന്ന ജില്ലാ ബാങ്കുകളെ ഒഴിവാക്കും.
കേരള സഹകരണ ബാങ്ക് രൂപീകരണത്തെ എതിർക്കുന്ന ജില്ലാ ബാങ്കുകളെ ഒഴിവാക്കാൻ നീക്കം . തത്വത്തിൽ അംഗീകാരം നൽകുമ്പോൾ റിസർവ് ബാങ്ക് മുന്നോട്ട് വെച്ച 19 ഉപാധികളിൽ പ്രധാനപ്പെട്ട തായിരുന്ന ജില്ലാ ബാങ്കുകളുടെ പൊതു യോഗത്തിൽ മൂന്നിൽ രണ്ട് ഭാഗം അംഗങ്ങളുടെ ഭൂരിപക്ഷം വേണമെന്നത് . സർക്കാരിന് ഏറ്റവും വലിയ വെല്ലുവിളിയും ഇത് തന്നെയാണ്.
യു ഡി എഫിന് ഭൂരിപക്ഷമുള്ള മലപ്പുറം, വയനാട്, കാസർകോഡ്, കോട്ടയം, ഇടുക്കി ജില്ലാ ബാങ്കുകളിൽ നിബന്ധന പാലിക്കാൻ സർക്കാരിന് സാധിക്കില്ല. സഹകരണ മന്ത്രി യു ഡി എഫ് നേതാക്കളുമായി നടത്തിയ ചർച്ചയിലും പരിഹാരമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് 14 ജില്ലാ ബാങ്കുകളിൽ അഞ്ചെണ്ണത്തിനെ ഒഴിവാക്കി മറ്റു ഒമ്പത് ബാങ്കുകളെ ലയിപ്പിച്ച് മുന്നോട്ട് പോകാൻ സർക്കാർ ആലോചിക്കുന്നത്.
നേരത്തെ ഛത്തിസ്ഗഡിലും ദ്വി തല ഘടനയിലേക്ക് സഹകരണ ബാങ്കിങ് മേഖല മാറിയപ്പോൾ എതിർത്ത ബാങ്കുകളെ ഒഴിവാക്കിയാണ് സർക്കാർ മുന്നോട്ട് പോയത്. ഈ മാതൃക പരീക്ഷിക്കാനാണ് സംസ്ഥാന സർക്കാരിന്റെയും തീരുമാനം. ഏതെങ്കിലും ജില്ലാ ബാങ്കുകളെ ഒഴിവാക്കിയാലും അന്തിമ ലൈസൻസ് കിട്ടുന്നതിന് തടസമുണ്ടാകാൻ ഇടയില്ല.
എന്നാൽ തീരുമാനം ഒഴിവാക്കപ്പെടുന്ന ജില്ലാ ബാങ്കുകൾക്ക് തന്നെയാവും പ്രതിസന്ധി സൃഷ്ടിക്കുക . ജില്ലാ ബാങ്കെന്ന നിലയിൽ തുടരാൻ പോലും കഴിയാതാകും. ജീവനക്കാരെയും പിരിച്ചു വിടേണ്ടതായി വരും. അങ്ങനെയെങ്കിൽ മാറി നിൽക്കുന്ന ജില്ലാ ബാങ്കുകൾ പിന്നീട് ലയനത്തിന് തയ്യാറാവും എന്നാണ് സർക്കാരിന്റെ കണക്കു കൂട്ടൽ. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ കേരള ബാങ്ക് ഉദ്ഘാടനം നടത്താനാണ് സർക്കാർ തീരുമാനം.
ഒരു വിഭാഗം ജില്ലാ ബാങ്കുകളെ ഒഴിവാക്കുന്നതിനെതിരെ ജീവനക്കാരുടെ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. സഹകരണ മേഖലയെ സംബന്ധിച്ച് ആത്മഹത്യാപരമായ നടപടിയാകുമിതെന്ന് കേരള ഡിസ്ട്രിക്ട് കോ ഓപ്പറേറ്റിവ് എംപ്ലോയിസ് കോൺഗ്രസ് അഭിപ്രായപ്പെട്ടു. ജീവനക്കാരെയും അംഗ സംഘങ്ങളെയും സംബന്ധിച്ച് വലിയ ആശങ്കയുണ്ടാക്കുന്നതാവും തീരുമാനം. ഇവരെ അരക്ഷിതാവസ്ഥയിൽ ആക്കരുതെന്നും വിഷയത്തിൽ സർക്കാർ അടിയന്തിര ചർച്ചക്ക് തയ്യാറകണമെന്നും ജനറൽ സെക്രട്ടറി സി.കെ അബ്ദുറഹിമാൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.