കേരള ബാങ്ക് പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നിറവേറ്റിയില്ല : വി.ഡി സതീശന്‍
കേരളത്തിലെ ജില്ലാ സഹകരണ ബാങ്കുകള്‍ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിച്ചപ്പോള്‍ വാണിജ്യ ബാങ്കുകള്‍ക്ക് ബദലായി പ്രൊഫഷണലിസവും നൂതന സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള യൂണിവേഴ്‌സല്‍ ബാങ്കായിരിക്കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം നാലു വര്‍ഷമായിട്ടും ഒരല്‍പ്പം പോലും നിറവേറ്റാനായില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. സെക്രട്ടറിയേറ്റിനു മുന്നില്‍ കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.
കേരളാ ബാങ്ക് നിലവില്‍ വരുന്നതോടെ വാണിജ്യ ബാങ്കുകള്‍ ഈടാക്കുന്ന അമിത പലിശയും അമിത സര്‍വ്വീസ് ചാര്‍ജ്ജും ഇല്ലാതാക്കുമെന്ന് പറഞ്ഞിടത്ത് കേരളാ ബാങ്കില്‍ വാണിജ്യ ബാങ്കുകളെക്കാള്‍ പലിശ നിരക്കും സര്‍വ്വീസ് ചാര്‍ജ്ജുമാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 2016 ലെ ഇടതുപക്ഷ മുന്നണിയുടെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്ന കേരള ബാങ്കിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് സര്‍ക്കാര്‍ മറുപടി പറയ ണമെന്നും ജില്ലാ ബാങ്കുകളെ ഇല്ലാതാക്കുന്നതിനെതിരെ പ്രതിപക്ഷം ഉന്നയിച്ച ആശങ്കകള്‍ സാധൂകരിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
2000 ഓളം വരുന്ന കേരള ബാങ്കിലെ ഒഴിവുകള്‍ അടിയന്തിരമായി നികത്തുക, 33% കുടിശ്ശിക ഡി.എ അനുവദിക്കുക, കഴിഞ്ഞ പേ റിവിഷന്‍ ഉത്തരവിലെ അപാകത പരിഹരിക്കുക, കേരളാ ബാങ്കിലെ പേയൂണിഫിക്കേഷന്‍ ഉത്തരവിലെ ന്യൂനത തിരുത്തുക, മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കുകയും ജീവനക്കാരുടെ പ്രമോഷനും ഗ്രേഡും നിരാകരിക്കുകയും ചെയ്യുന്ന നടപടി തിരുത്തുക, ട്രാന്‍സ്ഫര്‍ പോളിസി നടപ്പിലാക്കുക, കളക്ഷന്‍ ഏജന്റുമാരെ സ്ഥിരപ്പെടുത്തുമെന്ന വാഗ്ദാനം പാലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രാപ്പകല്‍ സമരം നടത്തുന്നത്.
സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് വി.എസ്. ശിവകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.എസ്. ശ്യാംകുമാര്‍ സ്വാഗതമാശംസിച്ചു. എം.എല്‍.എ മാരായ എം.വിന്‍സന്റ്, പി ഉബൈദുള്ള, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.ജി സുബോധന്‍, എ.ഐ.ടി.യു.സി സെക്രട്ടറി കെ.പി. ശങ്കരദാസ്, സഹ.ജനാധിപത്യ വേദി ജില്ലാ ചെയര്‍മാന്‍ ഇ. ഷംസുദ്ദീന്‍, മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് ബീമാപളളി റഷീദ്, സംഘടനയുടെ വര്‍ക്കിംഗ് പ്രസിഡന്റ് സി.കെ. അബ്ദുറഹിമാന്‍, സാജന്‍.സി. ജോര്‍ജ്, എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എം. ജാഫര്‍ ഖാന്‍, സെക്രട്ടറിയേറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എര്‍ഷാദ്, അര്‍ബന്‍ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് റ്റെഡി സെല്‍വസ്റ്റര്‍, എംപ്ലോയീസ് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.കെ. മൂസ്സക്കുട്ടി, മനോജ് കൂവേരി, കെ.കെ രാജു, പ്രകാശ് റാവു, സേതുനാഥ്, ട്രഷറര്‍ കെ.കെ. സജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. രാപ്പകല്‍ സമരം നാളെ രാവിലെ 10 മണിക്ക് സമാപിക്കും. സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്യും.