കേരള ബാങ്ക് – ജില്ലാ സഹകരണ ബാങ്ക് റാങ്ക്‌ ഹോൾഡേഴ്സ് പ്രതിസന്ധിയിൽ…

adminmoonam

കേരളബാങ്ക് യാഥാർത്ഥ്യമാകുമ്പോൾ പ്രതിസന്ധിയിലാകുന്നത് ആയിരക്കണക്കിന് പി.എസ്.സി. റാങ്ക് ഹോൾഡേഴ്സ് ആണ്. സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ തകർന്നടിയുന്നത് സഹകരണ ബാങ്കിൽ ജോലി എന്ന സ്വപ്നവുമായി പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഇടം നേടിയ 6000ലധികം ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷകളാണ്. 20/2014, 21/2014 വിജ്ഞാപനപ്രകാരം 2015 ഡിസംബർ 19 ന് പരീക്ഷ നടത്തി 2017 ഫെബ്രുവരി  7ാംതിയ്യതി പ്രാബല്യത്തിൽ വന്ന റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികളാണ് നിയമനം ലഭിക്കാതെ നിരാശരായി കഴിയുന്നത്. വിജ്ഞാപനമിറക്കി നീണ്ട കാത്തിരിപ്പിനുശേഷമാണ് പി.എസ്.സി പരീക്ഷ നടത്തിയത്. പരീക്ഷ നടത്തിയിട്ടും ഒരു വർഷത്തിലധികം പിന്നെയും കാലതാമസമുണ്ടായി.

പിന്നീട് പുതിയ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ജില്ലാ സഹകരണ ബാങ്കുകൾ ലയിപ്പിച്ച് കേരള ബാങ്ക് വരുന്നതിനായി പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. ഈ കാരണം പറഞ്ഞു പുതിയ ബ്രാഞ്ചുകൾ അനുവദിക്കുന്നതും പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതും ഇല്ലാതാക്കി. പിന്നീട് അത് പിൻവലിച്ചെങ്കിലും കേരള ബാങ്ക് മറയാക്കി നിയമന നിരോധനം മാത്രമാണ് ഉണ്ടായതെന്ന് പി എസ് സി റാങ്ക് ഹോൾഡേഴ്സ് നേതാവ് എൻ.പി.ബിജു പറഞ്ഞു.

ഒഴിവുകൾ യഥാസമയം പി.എസ്.സി ക്ക് റിപ്പോർട്ട് ചെയ്യാത്തതും ക്രമവിരുദ്ധമായ സ്ഥാനകയറ്റവും നിയമനത്തിന് തടസ്സമായി. ഈ റാങ്ക് ലിസ്റ്റ് നിലനിൽക്കെ തന്നെ റദ്ദായ ലിസ്റ്റിൽ നിന്നും കുറേ പേർക്ക് നിയമനം നൽകിയത് പുതിയ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികൾക്ക് തടസ്സമായതായി ബിജു പറയുന്നു. നിരവധി സമരങ്ങൾ നടത്തുകയും മന്ത്രിമാർ ഉൾപ്പെടെയുള്ളവരെ കാര്യങ്ങൾ ധരിപ്പിച്ചിട്ടും അനുകൂല നിലപാടുണ്ടായില്ല. ഈ റാങ്ക് ലിസ്റ്റിലെ ഭൂരിപക്ഷം പേരും പ്രായകൂടുതൽ കാരണം ഇനി ഒരു പരീക്ഷ എഴുതാൻ കഴിയാത്തവരാണ്. കേരള ബാങ്ക് നിലവിൽ വന്നാൽ നിയമനങ്ങൾ എങ്ങിനെ ആയിരിക്കുംഎന്നത് സംബഡിച്ചു സർക്കാർ വിശദീകരിക്കാത്തതുമൂലം ഉദ്യോഗാർത്ഥികൾ ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുകയാണെന്ന് റാങ്ക് ഹോൾഡേഴ്സ് നേതാക്കൾ പറയുന്നു. റാങ്ക് ലിസ്റ്റിൽ ഉള്ളവരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും പ്രത്യക്ഷ സമരത്തിന് തയ്യാറെടുക്കുകയാണ് റാങ്ക് ഹോൾഡേഴ്സ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News