കേരള ബാങ്ക് കേഡര്‍ സംയോജനം; പരാതി പരിശോധന സമിതിക്ക് ഓഫീസും സ്റ്റാഫും
കേരള ബാങ്കിലെ കേഡര്‍ സംയോജനം സംബന്ധിച്ചുള്ള ജീവനക്കാരുടെ പരാതി കേള്‍ക്കുന്നതിനുള്ള ഔദ്യോഗിക സമിതിക്ക് ഓഫീസും അംഗങ്ങള്‍ക്ക് ഓണറേറിയവും അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കേഡര്‍ സംയോജനം സംബന്ധിച്ചുള്ള റിപ്പോര്‍ട്ടില്‍, കേഡര്‍ ഏകീകരണത്തിന് ശേഷം ജീവനക്കാര്‍ക്ക് ഉണ്ടാകുന്ന പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേകം സമിതി നിയോഗിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് 2020 ഒക്ടോബര്‍ 30ന് ഈ സമിതിക്ക് സര്‍ക്കാര്‍ രൂപംനല്‍കിയിരുന്നെങ്കിലും അതിന്റെ പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല. അതിനാണ് ഇപ്പോള്‍ ഓഫീസും സമിതി അംഗങ്ങള്‍ക്ക് ഓണറേറിയവും മറ്റ് സൗകര്യങ്ങളും നിശ്ചയിച്ച് നല്‍കിയത്.
സമിതി ചെയര്‍മാന് 80,000 രൂപയും അംഗങ്ങള്‍ക്ക് 50,000 രൂപ വീതവും പ്രതിമാസം ഓണറേറിയം നല്‍കണമെന്നാണ് ഉത്തരവിലുള്ളത്. കേരളബാങ്ക് എറണാകുളം കോര്‍പ്പറേറ്റ് ഓഫീസിലാണ് പരാതി പരിശോധന സമിതിക്കും ഓഫീസ് അനുവദിച്ചിട്ടുള്ളത്. ഇതിന് ആവശ്യമായ സൗകര്യം ഒരുക്കിക്കൊടുക്കണമെന്ന് കേരളബാങ്കിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒപ്പം, ബാങ്ക് ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം കോ-ബാങ്ക് ടവറിലും സമിതിക്ക് ഓഫീസുണ്ടാകും. രണ്ട് സ്റ്റാഫുകളാണ് സമിതിക്കായി അനുവദിച്ചിട്ടുള്ളത്. ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്റന്റ് എന്നിവരാണ് ഉണ്ടാകുക. ഇവരെ നിയമിക്കേണ്ടതും ബാങ്ക് ആണ്.
സമിതി അംഗങ്ങള്‍ക്ക് ആവശ്യമായ വാഹനവും ഡ്രൈവറെയും കേരള ബാങ്ക് നല്‍കണം. ചെയര്‍മാന്‍ ആവശ്യപ്പെടുന്ന മറ്റ് സൗകര്യങ്ങളും കേരളബാങ്ക് ഒരുക്കികൊടുക്കണമെന്നാണ് ഉത്തരവിലുള്ളത്. സമിതി ആവശ്യപ്പെടുന്ന രേഖകളും ബാങ്ക് നല്‍കണം. സമിതിയുടെ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് കേരളബാങ്ക് ജനറല്‍ മാനേജര്‍(എച്ച്.ആര്‍.)ക്ക് പ്രത്യേകം ചുമതലയും നല്‍കിയിട്ടുണ്ട്.
റിട്ട.ജില്ലാ ജഡ്ജി കെ.ശശിധരന്‍ നായര്‍ ചെയര്‍മാനും, റിട്ട. അഡീഷ്ണല്‍ സെക്രട്ടറി വി.എ.മോഹന്‍ലാല്‍, റിട്ട. അഡീഷ്ണല്‍ രജിസ്ട്രാര്‍ കെ.വി.പ്രശോഭനന്‍ എന്നിവര്‍ അംഗങ്ങളായുള്ള സമിതിയാണ് സര്‍ക്കാര്‍ ആദ്യം രൂപവത്കരിച്ചത്. ഇതില്‍ ശശിധരന്‍നായര്‍ക്ക് പകരം റിട്ട. ജില്ലാ ജഡ്ജി എസ്.ജഗദീഷിനെ ചെയര്‍മാനായി നിയോഗിച്ച് 2020 ഡിസംബര്‍ ഏഴിന് ഉത്തരവിറക്കി. സമിതിക്ക് ഓഫീസും അംഗങ്ങള്‍ക്ക് ഓണറേറിയവും നിശ്ചയിച്ചുള്ള പുതിയ ഉത്തരവില്‍ വി.എ.,മോഹന്‍ലാലിനെ സമിതിയുടെ കണ്‍വീനറായി നിയമിച്ചിട്ടുണ്ട്.
[mbzshare]