കേരള ബാങ്കിന് 60,000 കോടി രൂപയുടെ നിക്ഷേപമുണ്ടാകുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
കേരള ബാങ്ക് രൂപീകൃതമാകുമ്പോൾ 60,000 കോടി രൂപയുടെ നിക്ഷേപം ഉണ്ടാകുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. എൻ.ആർ.ഐ നിക്ഷേപം കൂടാതെയാണ് ഇത്. ഇതോടെ കേരള ബാങ്ക് ആയിരിക്കും സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്ക് എന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരിൽ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ കൂടാതെ കേരള ബാങ്കിന് 825 ശാഖകളാണ് ഉണ്ടാവുക. കേരള ബാങ്ക് രൂപവത്കരണത്തോടെ വലിയ തോതിൽ എൻ.ആർ.ഐ നിക്ഷേപം ആകർഷിക്കാൻ കഴിയും എന്നും ഒന്നര ലക്ഷം കോടിയിലേറെ നിക്ഷേപമുള്ള ബാങ്ക് ആയി മാറുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് സി. ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.