കേരള ബാങ്കിന് കേഡറായി
‘- സ്റ്റാഫ് പ്രതിനിധി
13 ജില്ലാ സഹകരണബാങ്കുകളിലും സംസ്ഥാന ബാങ്കിലുമുണ്ടായിരുന്ന ജീവനക്കാരെ ഒറ്റ കേഡറിലെത്തിക്കുക എന്ന ശ്രമകരമായ ജോലി പൂര്‍ത്തിയായി. ക്ലര്‍ക്ക് ഒഴികെ മേലോട്ടുള്ള എല്ലാ തസ്തികകള്‍ക്കും മാനദണ്ഡം നിശ്ചയിച്ചുകഴിഞ്ഞു.
കേരളബാങ്ക് രൂപവത്കരണത്തിനുശേഷമുള്ള ഒരു വലിയ ടാസ്‌ക് ആയിരുന്നു ജീവനക്കാരുടെ പുനര്‍വിന്യാസം. 13 ജില്ലാ സഹകരണ ബാങ്കുകളിലും സംസ്ഥാന സഹകരണ ബാങ്കിലുമായുണ്ടായിരുന്ന ജീവനക്കാരെ ഒറ്റ കേഡറിലേക്ക് കൊണ്ടുവരികയായിരുന്നു പ്രശ്‌നം. ഇതിനുള്ള മാനദണ്ഡം നിശ്ചയിക്കാന്‍ സര്‍ക്കാര്‍ ഒരു സമിതിയെ നിശ്ചയിച്ചിരുന്നു. സമിതിയുടെ റിപ്പോര്‍ട്ടിനു ശേഷം ജീവനക്കാര്‍ക്ക് പൂര്‍ണ തൃപ്തിയുള്ള വിന്യാസം സാധ്യമായിരുന്നില്ല. മൂന്നു തവണയാണ് ഇതു സംബന്ധിച്ച് ജീവനക്കാരുടെ സംഘടനകളുമായി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചര്‍ച്ച നടത്തിയത്. ആദ്യത്തെ രണ്ടു ചര്‍ച്ചയും പരാജയമായിരുന്നു. മൂന്നാം ഘട്ടത്തില്‍ കേഡര്‍ സംയോജനം പൂര്‍ത്തിയാക്കണമെന്ന നിര്‍ബന്ധ ബുദ്ധി സര്‍ക്കാര്‍ സ്വീകരിച്ചതോടെ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ എതിര്‍പ്പോടെ അത് സാധ്യമായി.
ക്ലര്‍ക്ക് ഒഴികെ മുകളിലോട്ടുള്ള എല്ലാ തസ്തികകള്‍ക്കും മാനദണ്ഡം നിശ്ചയിച്ചുവെന്നതാണ് വന്ന മാറ്റം. ജില്ലാ ബാങ്കുകളില്‍ ഒന്നര വര്‍ഷം പൂര്‍ത്തിയാക്കിയ സര്‍വീസ് സംസ്ഥാന സഹകരണ ബാങ്കില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ സര്‍വീസിന് തുല്യമാക്കി. ക്ലര്‍ക്കുമാരുടെ കാര്യത്തില്‍ സര്‍വീസ് വ്യത്യാസമില്ല. ജില്ലാ ബാങ്കുകളിലെ ജീവനക്കാരെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണിതെന്നതില്‍ സംശയമില്ല. സാമ്പത്തിക സ്ഥിതിയനുസരിച്ചാണ് ജില്ലാ ബാങ്കുകളില്‍ സ്ഥാനക്കയറ്റം ലഭിച്ചിരുന്നത്. 17 വര്‍ഷംവരെ ഒരേ തസ്തികയില്‍ ജോലിചെയ്യുന്ന ജീവനക്കാരുണ്ട്. കേരള ബാങ്കിന്റെ കേഡറിലെത്തുമ്പോള്‍ ഇവരുടെ സര്‍വീസ് പത്തര വര്‍ഷം എന്ന തരത്തിലേക്ക് കുറയുകയും ചെയ്യും. അതേസമയം, സംസ്ഥാന സഹകരണ ബാങ്കില്‍ പത്തു വര്‍ഷം സേവനമുള്ള ഒരാള്‍ക്ക് കേരള ബാങ്കിന്റെ കേഡറില്‍ ഇതിന് 15 വര്‍ഷത്തെ പരിഗണന ലഭിക്കുകയും ചെയ്യുന്നുണ്ട്. സര്‍വീസ് കാലയളവ് പരിഗണിക്കുന്ന രീതി മാറ്റി, കേഡര്‍ ഏകീകരണം നടത്തിയെന്നത് മാത്രമല്ല ഇതിന്റെ പ്രശ്‌നം. കേരള ബാങ്കില്‍, നേരത്തെ ജില്ലാ ബാങ്കുകളിലുണ്ടായിരുന്ന സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോള്‍ , ഇനി സ്ഥാനക്കയറ്റത്തിനുള്ള സാധ്യത തുലോം കുറവാണ്. ഇതാണ് സീനിയോരിറ്റി മാറ്റത്തിലൂടെ സംഭവിക്കുന്ന തിരിച്ചടി. സീനിയര്‍ മാനേജര്‍ മുതല്‍ ഡി.ജി.എം.വരെയുള്ള തസ്തികയ്ക്ക് മാത്രം 1:1.5 എന്ന തരത്തില്‍ സര്‍വീസ് പരിഗണന ബാധകമാക്കാം എന്നതായിരുന്നു ജില്ലാ ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ നേരത്തെ നിര്‍ദേശിച്ചത്. ഇത് തള്ളിയാണ് ക്ലര്‍ക്ക് മുതല്‍ മുകളിലോട്ടുള്ള എല്ലാ തസ്തികകള്‍ക്കും ബാധകമാക്കിയത്.
14 സ്ഥാപനങ്ങള്‍ ഒന്നായി മാറുമ്പോഴുള്ള ഭരണപരമായ പരിഷ്‌കാരവും അതുണ്ടാക്കുന്ന താല്‍ക്കാലിക പ്രശ്‌നവുമായി മാത്രം ഇതിനെ കണക്കാക്കിയാല്‍ മതി. പൂര്‍ണ തൃപ്തിയോടെ കേഡര്‍ സംയോജനം സാധ്യമാവില്ലെന്ന് ഇതു സംബന്ധിച്ച് പഠിച്ച് നിര്‍ദേശം സമര്‍പ്പിച്ച സമിതിക്കും സര്‍ക്കാരിനും സംഘടനാ നേതാക്കള്‍ക്കുമെല്ലാം ഉറപ്പായിരുന്നു. കേരള ബാങ്ക് ജീവനക്കാരുടെ കേഡര്‍ സംയോജനം എന്ന ചരിത്രപരമായ ദൗത്യമാണ് പൂര്‍ത്തീകരിച്ചതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തീരുമാനത്തിനു ശേഷം പ്രതികരിച്ചത് അതുകൊണ്ടാണ്. കേരള ബാങ്കിന്റെ മുന്നോട്ടുള്ള നടപടികളില്‍ ഏറ്റവും ശ്രമകരമായ ദൗത്യമായിരുന്നു ഇതെന്നാണ് മന്ത്രി പറഞ്ഞത്. രണ്ടു തട്ടില്‍ നിന്നിരുന്ന സംസ്ഥാന-ജില്ലാ സഹകരണ ബാങ്കിലെ ആറായിരത്തോളം ജീവനക്കാരുടെ അമ്പതോളം കേഡറുകള്‍ സംയോജിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ വളരെ സുചിന്തിതവും പ്രായോഗികവുമായ നിര്‍ദേശങ്ങളാണ് ജീവനക്കാരുടെ മുന്‍പാകെ വെച്ചിരുന്നത്. ഇതുസംബന്ധിച്ച് 2020 ജനുവരിയിലും ഒക്ടോബറിലും ചര്‍ച്ചകള്‍ നടന്നു. ജീവനക്കാര്‍ ചൂണ്ടിക്കാണിച്ച വളരെ ഗൗരവമുള്ള അനോമലികള്‍ ഓരോ ചര്‍ച്ചയിലും പരിഹരിച്ചാണ് അന്തിമഘട്ട ചര്‍ച്ച നടന്നതും അത് വിജയത്തിലെത്തിക്കാന്‍ സാധിച്ചതും- മന്ത്രി പറഞ്ഞു. കേരള സംസ്ഥാന സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍, എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍, ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍, എംപ്ലോയീസ് കോണ്‍ഗ്രസ്, എംപ്ലോയീസ് യൂണിയന്‍ ഭാരവാഹികളാണ് കേഡര്‍ സംയോജന ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇതില്‍ ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് തീരുമാനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി.
സംസ്ഥാന, ജില്ലാ ബാങ്കുകളിലെ തസ്തികകള്‍, നിയമന യോഗ്യത, നിയമന രീതി, ശമ്പള സ്‌കെയില്‍, പൊതു മാനദണ്ഡങ്ങള്‍ എന്നിങ്ങനെ അടിസ്ഥാനപ്പെടുത്തിയാണ് കേഡര്‍ സംയോജന നിര്‍ദേശങ്ങള്‍ തയാറാക്കിയത്. ജീവനക്കാരുടെ കേഡര്‍ സംയോജനത്തെത്തുടര്‍ന്ന് ഉയര്‍ന്നു വരുന്ന പരാതികള്‍ പരിഹരിക്കാന്‍ വിരമിച്ച ജഡ്ജി അധ്യക്ഷനായി സമിതി രൂപവത്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത് സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശയായിരുന്നു. ഒരു വര്‍ഷമായിരിക്കും ഈ സമിതിയുടെ കാലാവധി.
374 കോടിയുടെ ലാഭം
കേരള സംസ്ഥാന സഹകരണ ബാങ്കും 13 ജില്ലാ ബാങ്കുകളും ലയിച്ചതിനു ശേഷമുള്ള കേരള ബാങ്കിന്റെ ആദ്യ ബാലന്‍സ് ഷീറ്റ് പ്രസിദ്ധീകരിച്ചു. ലയനശേഷമുള്ള പ്രവര്‍ത്തന ലാഭം 374.75 കോടി രൂപയാണ്. അതായത്, 2019 നവംബര്‍ മുതല്‍ 2020 മാര്‍ച്ച് വരെയുള്ള കാലയളവിലാണിത്. 13 ജില്ലാ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിനോട് ചേര്‍ക്കുമ്പോള്‍ പ്രത്യേകം ബാലന്‍ഷീറ്റ് നേരത്തെ തയാറാക്കിയിരുന്നു. ഇതനുസരിച്ച് 1150.75 കോടി രൂപയാണ് നഷ്ടം. അതിനുശേഷം 374 കോടി രൂപ പ്രവര്‍ത്തനലാഭം നേടിയതിനാല്‍, അറ്റ നഷ്ടം 776 കോടി രൂപയായി കുറഞ്ഞു. പ്രതിസന്ധികളെ അതിജീവിച്ച് നാലു മാസംകൊണ്ട് 374 കോടിരൂപയുടെ പ്രവര്‍ത്തനലാഭം ഉണ്ടാക്കാനായത് കേരള ബാങ്കിന്റെ വലിയ നേട്ടമാണ്. അതേസമയം, 2019 മാര്‍ച്ചിലെ സംസ്ഥാന-ജില്ലാ ബാങ്കുകളുടെ ലാഭം പരിഗണിച്ചാല്‍ കേരള ബാങ്കിന്റെ പ്രവര്‍ത്തനം അത്ര മെച്ചപ്പെട്ടതായിരുന്നില്ലെന്നും വിലയിരുത്താം. പ്രളയം, കോവിഡ് എന്നിവയെല്ലാം സമൂഹത്തിലുണ്ടാക്കിയ സാമ്പത്തികാഘാതം കേരള ബാങ്കിനെയും ബാധിച്ചിട്ടുണ്ട്. തിരിച്ചടവ് തോത് കുറഞ്ഞുവെന്നതാണ് ഇതുണ്ടാക്കിയ പ്രശ്‌നം. അതിനാല്‍ നിഷ്‌ക്രിയ ആസ്തി കൂടി. 11.79 ശതമാനമാണ് നിഷ്‌ക്രിയ ആസ്തിയുടെ തോത്. ഇത് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചതിലും കൂടുതലാണ്. നിഷ്‌ക്രിയ ആസ്തിയിലുണ്ടായ വര്‍ദ്ധന മൂലധന പര്യാപ്തതയിലും കുറവുണ്ടാക്കിയിട്ടുണ്ട്. ഇതുവരെ 1524.54 കോടി രൂപ കരുതല്‍ ധനമായി ബാങ്ക് സൂക്ഷിച്ചിട്ടുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ നിക്ഷേപത്തില്‍ 1525.8 കോടി രൂപയുടെയും വായ്പയില്‍ 2026.40 കോടിയുടെയും വര്‍ധനവാണുണ്ടായത്.
ചെറിയ കാലയളവുകൊണ്ട് പ്രതിസന്ധികളെ അതിജീവിച്ച് വലിയ നേട്ടമാണ് കേരള ബാങ്ക് നേടിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള ഇടപെടലാണ് ഇനി കേരള ബാങ്ക് പ്രധാനമായും നടത്തുക. 17,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി 1000 കോടി രൂപയുടെ പുതിയ വായ്പാ പദ്ധതി തുടങ്ങും. നബാര്‍ഡ് സഹായത്തോടെ പത്ത് മൊബൈല്‍ വാനുകളും 1500 മൈക്രോ എ.ടി.എമ്മുകളും ഉടന്‍ പ്രവര്‍ത്തന സജ്ജമാകും. റിക്കവറി നടപടികള്‍ ലഘൂകരിക്കുന്നതിനായി ആകര്‍ഷകമായ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ബാങ്ക് ആവിഷ്‌കരിക്കുന്നുണ്ട്. നബാര്‍ഡ് പ്രഖ്യാപിച്ച ഭക്ഷ്യ സംസ്‌കരണ വ്യവസായ വായ്പാ പദ്ധതി, കാര്‍ഷിക അനുബന്ധ വ്യവസായങ്ങള്‍ക്കുള്ള ഫണ്ട്, പാക്‌സ് മുഖേനയുള്ള മള്‍ട്ടി സര്‍വ്വീസ് സെന്റര്‍ എന്നീ മേഖലകളില്‍ പദ്ധതി തയാറാക്കിവരുന്നതായും അദ്ദേഹം വ്യക്തമാക്കി.
മൂലധന പര്യാപ്തതയ്ക്ക് 800 കോടി വേണം
കേരള ബാങ്കിന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച മൂലധന പര്യാപ്തത കൈവരിക്കുന്നതിന് സര്‍ക്കാര്‍ 800 കോടി രൂപ നല്‍കണം. ഇത്രയും തുക നബാര്‍ഡില്‍നിന്ന് വായ്പയെടുത്ത് നല്‍കണമെന്നാണ് കേരള ബാങ്ക് ഭരണസമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. മൂലധന പര്യാപ്തത ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ഗ്രാന്റായോ ഓഹരിയായോ പണം നല്‍കണമെന്ന വ്യവസ്ഥയോടെയാണ് കേരള ബാങ്കിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്. 2019-20 സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ചുള്ള മൂലധനശേഷി കൂട്ടാനാണ് 800 കോടി നല്‍കേണ്ടത്. ഇതൊരു ‘ബിസിനസ്’ സഹായം മാത്രമാണെന്ന് കേരള ബാങ്ക് സി.ഇ.ഒ. പി.എസ്. രാജന്‍ വിശദീകരിച്ചു. കുടിശ്ശിക പിരിച്ചെടുക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി അടക്കം കേരള ബാങ്ക് നടപ്പാക്കുന്നുണ്ട്. ഇതുവഴി കിട്ടാക്കടം കുറയ്ക്കാനായാല്‍ മൂലധന പര്യാപ്തത റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച രീതിയിലെത്തും. 1524 കോടി രൂപയാണ് കുടിശ്ശിക വായ്പയുടെ പേരില്‍ കരുതലായി ബാങ്ക് മാറ്റിവെച്ചിട്ടുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.
മൂലധന പര്യാപ്തത ( സി.ആര്‍.എ.ആര്‍. ) ഒമ്പത് ശതമാനവും നിഷ്‌ക്രിയ ആസ്തി ( എന്‍.പി.എ. ) അഞ്ചു ശതമാനത്തില്‍ കുറവുമായിരിക്കണമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. കേരള ബാങ്കിന്റെ മൂലധന പര്യാപ്തത 7.3 ശതമാനവും അറ്റനിഷ്‌ക്രിയ ആസ്തി 11.79 ശതമാനവുമാണ്. ബാങ്ക് നല്‍കുന്ന വായ്പയുടെ ഒമ്പത് ശതമാനമെങ്കിലും പെട്ടെന്ന് തിരിച്ചുനല്‍കേണ്ടതല്ലാത്ത പണമായി ബാങ്കിനുണ്ടാകണമെന്നതാണ് മൂലധനപര്യാപ്തത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ലാഭം, ഓഹരിമൂലധനം, കരുതല്‍ ധനം എന്നിവയെല്ലാമാണ് മൂലധന പര്യാപ്തതയ്ക്ക് പ്രധാനമായും കണക്കാക്കുന്നത്. സഹകരണ ബാങ്കുകളില്‍ ഓഹരിനിക്ഷേപം കൂട്ടുന്നതിന് സര്‍ക്കാരിന് നബാര്‍ഡ് ദീര്‍ഘകാല വായ്പ അനുവദിക്കുന്നുണ്ടെന്നാണ് കേരള ബാങ്ക് സര്‍ക്കാരിനെ അറിയിച്ചത്. ഇതില്‍നിന്ന് 800 കോടിരൂപ വായ്പയെടുത്ത് കേരള ബാങ്കിന്റെ സര്‍ക്കാര്‍ ഓഹരിയിലേക്ക് നല്‍കണമെന്നാണ് ആവശ്യം. ഇക്കാര്യം സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച നടത്തി ധാരണയാക്കിയ ശേഷമാണ് ഭരണസമിതി ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നാണ് സൂചന. 8.5 ശതമാനം പലിശയാണ് ഈ വായ്പയ്ക്ക് നബാര്‍ഡ് ഈടാക്കുന്നത്. വായ്പയുടെ ബാധ്യത സര്‍ക്കാരിനായിരിക്കും. ഓഹരിയായോ ഗ്രാന്റായോ നല്‍കുന്നതിനാല്‍ ഈ തുക സര്‍ക്കാരിന് തിരിച്ചുനല്‍കാനും കേരള ബാങ്കിന് കഴിയില്ല.
പത്തുശതമാനത്തില്‍ കൂടുതല്‍ നിഷ്‌ക്രിയ ആസ്തിയുള്ള ബാങ്കുകളിലേക്ക് ഓഹരി നിക്ഷേപത്തിന് നബാര്‍ഡ് വായ്പ അനുവദിക്കില്ലെന്നാണ് വ്യവസ്ഥ. കേരള ബാങ്കിന് അറ്റ നിഷ്‌ക്രിയ ആസ്തി 12 ശതമാനത്തോളം വരുന്നുണ്ട്. അതിനാല്‍, നബാര്‍ഡ് നിര്‍ദേശിക്കുന്ന വ്യവസ്ഥകള്‍ അനുസരിച്ച് സര്‍ക്കാരിന് വായ്പ ലഭിക്കാന്‍ പ്രയാസമാകും. എന്നാല്‍, നബാര്‍ഡ് തന്നെയാണ് ഇത്തരമൊരു നിര്‍ദേശം സര്‍ക്കാരിനെ അറിയിച്ചതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അതിനാല്‍, വായ്പ കിട്ടുന്നതിന് മറ്റ് സാങ്കേതിക തടസ്സങ്ങളുണ്ടാകുമെന്ന് സര്‍ക്കാര്‍ കരുതുന്നില്ല.
മൂലധന പര്യാപ്തത നേടാനായില്ലെങ്കില്‍ കേരള ബാങ്കിനെ അത് കൂടുതല്‍ പ്രതിസന്ധിയിലാക്കും. ഒട്ടേറെ ലൈസന്‍സുകള്‍ ഇനിയും റിസര്‍വ് ബാങ്കില്‍നിന്ന് കേരള ബാങ്കിന് ലഭിക്കാനുണ്ട്. കേരള ബാങ്ക് രൂപവത്കരിച്ച് പത്തു മാസം കഴിഞ്ഞെങ്കിലും, ഒരു ബാങ്ക് എന്ന നിലയില്‍ അതിന് പ്രവര്‍ത്തിക്കാനായിട്ടില്ല. 13 ബാങ്കുകളും ഒരു സംസ്ഥാന സഹകരണ ബാങ്കും എന്ന നിലയിലാണ് ഇപ്പോഴും കേരള ബാങ്കിന്റെ പ്രവര്‍ത്തനം. എല്ലാ ശാഖകളെയും ബന്ധിപ്പിച്ചുള്ള കോര്‍ബാങ്കിങ് തുടങ്ങാന്‍ പോലുമായിട്ടില്ല. കോര്‍ബാങ്കിങ്് വേഗം പൂര്‍ത്തിയാക്കണമെന്ന് 2018 ഒക്ടോബറില്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചതാണ്. അത് തുടങ്ങാനായില്ലെന്നു മാത്രമല്ല, ടെന്‍ഡര്‍ റദ്ദാക്കാനുള്ള അപേക്ഷയാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. ജില്ലാ ബാങ്കുകളുടെ ശാഖകള്‍ക്ക് റിസര്‍വ് ബാങ്ക് പ്രത്യേകം ശാഖാ ലൈസന്‍സ് നല്‍കേണ്ടതുണ്ട്. പ്രവാസി നിക്ഷേപം സ്വീകരിക്കാന്‍ ജില്ലാ ബാങ്കുകള്‍ക്കുണ്ടായിരുന്ന ലൈസന്‍സ് നഷ്ടമായതാണ്. ഇത് കേരള ബാങ്കിന് തിരിച്ചെടുക്കാനായിട്ടില്ല. ഇതെല്ലാം അനുവദിക്കുന്നതിന് ബാങ്കിന്റെ മൂലധന പര്യാപ്തത റിസര്‍വ് ബാങ്കിന്റെ പ്രധാന പരിഗണനാവിഷയമാണ്. അതിനാല്‍, സര്‍ക്കാര്‍ സഹായം നിര്‍ണായകവുമാണ്.
നിയമനത്തില്‍ ‘കരാര്‍ ‘ ആയി
കേരള ബാങ്കില്‍ നിയമന കാര്യത്തില്‍ ഉദാരസമീപനവുമാണ് സര്‍ക്കാര്‍ എടുക്കുന്നത്. പി.എസ്.സി. വഴി നിയമിക്കേണ്ട തസ്തികകളില്‍ കരാര്‍ നിയമനം നടത്താന്‍ ചട്ടത്തില്‍ ഭേദഗതി വരുത്തി. സഹകരണ സംഘം രജിസ്ട്രാറുടെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ നേരത്തെ കരാര്‍ നിയമനം സാധ്യമാകുമായിരുന്നുള്ളൂ. മാത്രവുമല്ല, ബാങ്കിങ് ബിസിനസ് നടത്തുന്ന സംഘങ്ങളില്‍ കരാര്‍ നിയമനം പാടില്ലാത്ത തസ്തികകളും ഉണ്ടായിരുന്നു. ഈ വ്യവസ്ഥകളില്‍ നിന്നെല്ലാം കേരള ബാങ്കിനെ ഒഴിവാക്കുന്നതാണ് ഭേദഗതി. ഇനി കേരള ബാങ്കിലെ ഏതു തസ്തികയിലേക്കും കരാര്‍ നിയമനമാകാം. സഹകരണ ബാങ്കുകളില്‍ കരാര്‍ നിയമനം പാടില്ലെന്ന് സഹകരണ ചട്ടം 185 ( എ ) ല്‍ വ്യവസ്ഥ ചെയ്തിരുന്നു. ഇത് കേരള ബാങ്കിന് ബാധകമല്ലെന്നാണ് പുതിയ വിജ്ഞാപനത്തിലുള്ളത്. അക്കൗണ്ട്‌സ് ഓഫീസര്‍, ബ്രാഞ്ച് മാനേജര്‍, അസി. മാനേജര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, ജനറല്‍ മാനേജര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്നീ തസ്തികളിലോ സമാന തസ്തികകളിലോ ഒരു രീതിയിലുള്ള കരാര്‍ നിയമനവും പാടില്ലെന്നാണ് ചട്ടത്തിലെ വ്യവസ്ഥ. ഇവയെല്ലാം പി.എസ്.സി. വഴി നേരിട്ടോ സ്ഥാനക്കയറ്റം വഴിയോ നിയമിക്കേണ്ട തസ്തികളാണ്. ഇതിലും ഇനി കരാര്‍ നിയമനം നടത്തുന്നതിന് വിലക്കില്ല. ഇത് ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമല്ല, നിലവിലെ ജീവനക്കാര്‍ക്കും തിരിച്ചടിയാണ്. കേരള ബാങ്ക് രൂപവത്കരണത്തിനു മുമ്പ് ജില്ലാ ബാങ്കുകളിലെ വിവിധ റാങ്ക് പട്ടികളിലായി ഒമ്പതിനായിരത്തോളം പേരുണ്ടായിരുന്നു. കേരള ബാങ്ക് രൂപവത്കരിച്ചതോടെ ഈ റാങ്ക് പട്ടികകളിലുള്ളവര്‍ക്ക് നിയമനമില്ലാതായി. ഇതിനു പുറമെയാണ് കരാര്‍ നിയമനത്തിനുള്ള തീരുമാനം.
അതേസമയം, പ്രാഥമിക സഹകരണ ബാങ്കുകളിലെ നിയമനത്തില്‍ നിക്ഷേപ-വായ്പാ പിരിവുകാര്‍ക്കും സ്വര്‍ണം അപ്രൈസര്‍മാര്‍ക്കും സംവരണം ഏര്‍പ്പെടുത്തുന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയും സഹകരണ ചട്ടത്തില്‍ ഭേദഗതി കൊണ്ടുവന്നിട്ടുണ്ട്. പ്യൂണ്‍, വാച്ച്മാന്‍ തസ്തികയിലേക്കുള്ള നിയമനത്തിലാണ് 25 ശതമാനം സംവരണം ഏര്‍പ്പെടുത്തിയത്. എന്നാല്‍, കേരള ബാങ്കിലെ നിക്ഷേപപ്പിരിവുകാര്‍ക്ക് ഇത് ബാധകമല്ല. ഇവര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് നിര്‍ദേശിക്കുന്ന ഗുണവര്‍ധനന്‍ കമ്മിറ്റി റിപ്പോര്‍ട്ടും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. ഒരു വര്‍ഷം 20 ലക്ഷം രൂപ നിക്ഷേപമായി പിരിച്ചെടുക്കുന്നവര്‍ക്കും 50 ലക്ഷം രൂപയുടെ വായ്പയ്ക്ക് സ്വര്‍ണം അപ്രൈസര്‍ നടത്തുന്നവര്‍ക്കുമാണ് സംവരണത്തിന് അര്‍ഹതയുണ്ടാവുക. ഇതിനു പുറമെ കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും സര്‍വീസുണ്ടാകണം. സീനിയോരിറ്റി അനുസരിച്ചാകും സംവരണാനുകൂല്യം നിര്‍ണയിക്കുകയെന്നും ചട്ടത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള അര്‍ബന്‍ ബാങ്കുകളില്‍ ഈ വ്യവസ്ഥ ബാധകമല്ല. സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളില്‍ ആറായിരത്തിലേറെ നിക്ഷേപ-വായ്പാ പിരിവുകാരും 1200 അപ്രൈസര്‍മാരുമുണ്ട്. ഇവര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ച പി.എം. സുരേഷ് ബാബു കമ്മിറ്റിയാണ് നിക്ഷപ-വായ്പാ പിരിവുകാര്‍ക്കും അപ്രൈസര്‍മാര്‍ക്കും സംവരണം ഏര്‍പ്പെടുത്തണമെന്ന് ശുപാര്‍ശ ചെയ്തത്. ഇതനുസരിച്ച് ഉത്തരവിറങ്ങിയെങ്കിലും ചട്ടത്തിന് വിരുദ്ധമായ ഉത്തരവായതിനാല്‍ കോടതി റദ്ദാക്കി. ഈ പ്രശ്‌നം പരിഹരിക്കാനാണ് സര്‍ക്കാര്‍ സഹകരണച്ചട്ടം ഭേദഗതി ചെയ്തത്. പ്രാഥമിക സഹകരണ ബാങ്കുകളിലെ നിക്ഷേപപ്പിരിവുകാര്‍ക്കും അപ്രൈസര്‍മാര്‍ക്കുമുള്ള പരിഗണന കേരള ബാങ്കിലുള്ളവരോട് സഹകരണ വകുപ്പ് കാണിച്ചിട്ടില്ല. നേരത്തെ സംസ്ഥാന സഹകരണ ബാങ്കിലും ജില്ലാ ബാങ്കുകളിലുമായി പ്രവര്‍ത്തിച്ച 860 നിക്ഷേപ-വായ്പാ പിരിവുകാരാണ് കേരള ബാങ്കിലുള്ളത്. ജില്ലാ ബാങ്കുകളിലെ നിക്ഷേപപ്പിരിവുകാരെ സ്ഥിരപ്പെടുത്താന്‍ എം.വി. രാഘവന്‍ സഹകരണ മന്ത്രിയായിരുന്നപ്പോള്‍ ഉത്തരവിറക്കിയിരുന്നു. ഇതനുസരിച്ച് പത്തു വര്‍ഷം സര്‍വീസുള്ളവരെ സ്ഥിരപ്പെടുത്തി. എന്നാല്‍, ഈ തസ്തിക ബാങ്കിന്റെ ഫീഡര്‍ കാറ്റഗറിയില്‍ ഉള്‍പ്പെടാത്തതിനാല്‍ സ്ഥിരനിയമനം കൊണ്ടും കാര്യമായ ഗുണമുണ്ടായില്ല.
ജില്ലാ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപവത്കരിച്ചപ്പോള്‍ ജീവനക്കാരുടെ കാഡര്‍ സംയോജനത്തെക്കുറിച്ചും നിക്ഷേപ-വായ്പാ പിരിവുകാരുടെ നിയമനത്തെക്കുറിച്ചും പഠിക്കാന്‍ ഗുണവര്‍ധന്‍ കമ്മിറ്റിയെ നിയോഗിച്ചു. ഇതനുസരിച്ച് രണ്ടു റിപ്പോര്‍ട്ടും കമ്മിറ്റി നല്‍കി. കാഡര്‍ സംയോജനം പൂര്‍ത്തിയാക്കിയെങ്കിലും നിക്ഷേപ – വായ്പാ പിരിവുകാരെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഇതുവരെ പരിഗണിച്ചിട്ടില്ല. ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയില്‍ നിക്ഷേപപ്പിരിവുകാരെ നിയമിക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് കമ്മിറ്റിക്ക് മുമ്പില്‍ ഇടത് സംഘടനാ നേതാക്കള്‍ വെച്ചത്. ജീവനക്കാര്‍ക്ക് അനുകൂലമായ ഒട്ടേറെ നിര്‍ദേശങ്ങളാണ് കമ്മിറ്റിയും ശുപാര്‍ശ ചെയ്തതെന്നാണ് സൂചന. എന്നാല്‍, സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നാണ് സംഘടനാ നേതാക്കളുടെയടക്കം പരാതി.