കേരള ബാങ്കിന്റെ വഴിയേ പഞ്ചാബും

[mbzauthor]

(2020 ജൂലായ് ലക്കം)

കേരള ബാങ്കിനെ പഞ്ചാബ് സര്‍ക്കാരും മാതൃകയാക്കുകയാണ്. കേരളത്തില്‍ നിന്നു വ്യത്യസ്തമായി പഞ്ചാബില്‍ ഇരുപത് ജില്ലാ ബാങ്കുകളില്‍ പതിനൊന്നും നഷ്ടത്തിലാണ്. ജില്ലാ ബാങ്കുകളെ ലാഭത്തിലാക്കാനും കൂടുതല്‍ വായ്പകള്‍ അനുവദിക്കാനും കേരള മോഡല്‍ ലയനമേ വഴിയുള്ളു എന്നാണ് പഞ്ചാബിന്റെ വിലയിരുത്തല്‍

ഹകരണ വായ്പാമേഖലയ്ക്ക് ശക്തമായ അടിത്തറയുള്ള സംസ്ഥാനമാണ് കേരളം. അതുകൊണ്ടുതന്നെ, കേരളത്തിലെ സഹകരണ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുന്ന കേരള ബാങ്കിന്റെ രൂപവത്കരണം രാജ്യത്തെ സഹകാരികളും സര്‍ക്കാരുകളും ഒരേപോലെ ശ്രദ്ധിച്ചിരുന്നു. കേരളത്തിലെ 13 ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിന്റെ ഭാഗമാക്കിയാണ് കേരള ബാങ്ക് രൂപവത്കരിച്ചത്. അതേപാതയിലേക്ക് പഞ്ചാബും നീങ്ങുകയാണ്. പഞ്ചാബിലെ 20 ജില്ലാ സഹകരണ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. ഇതിനുള്ള തീരുമാനം പഞ്ചാബ് സര്‍ക്കാരും കൈകൊണ്ടു. കേരളത്തില്‍ മലപ്പുറം ജില്ലാ ബാങ്ക് ഇപ്പോഴും കേരളബാങ്കിന് പുറത്താണ്. എന്നാല്‍, പഞ്ചാബില്‍ എല്ലാ ജില്ലാ ബാങ്കുകളും ലയനത്തിന് തയാറാണെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

കേരളത്തിന്റെ പാത പിന്‍പറ്റിയാണ് പഞ്ചാബും ലയനവഴിയിലേക്ക് നീങ്ങിയത്. 2018 ഡിസംബര്‍ മൂന്നിനാണ് സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളുടെ ലയനത്തിനുള്ള അനുമതി തേടി പഞ്ചാബ് സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന് അപേക്ഷ സമര്‍പ്പിച്ചത്. കേരള ബാങ്കിന് തത്വത്തില്‍ അംഗീകാരം കിട്ടിയ ശേഷമായിരുന്നു ഇത്. 2017 ആഗസ്റ്റിലാണ് കേരള ബാങ്ക് എന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചത്. ഇതില്‍ റിസര്‍വ് ബാങ്ക് എന്തു നിലപാട് സ്വീകരിക്കുമെന്നത് പഞ്ചാബ് ഉള്‍പ്പടെ മറ്റ് പല സംസ്ഥാനങ്ങളും നിരീക്ഷിക്കുകയായിരുന്നു. 2018 ഒക്ടോബര്‍ മൂന്നിനാണ് കേരള ബാങ്കിന് തത്വത്തിലുള്ള അംഗീകാരം റിസര്‍വ് ബാങ്ക് നല്‍കിയത്. ഇതിന് പിന്നാലെയാണ് പഞ്ചാബ് റിസര്‍വ് ബാങ്കിനെ സമീപിച്ചത്.

1949 ആഗസ്റ്റ് 31 നാണ് പഞ്ചാബ് സംസ്ഥാന സഹകരണ ബാങ്ക് നിലവില്‍വന്നത്. 1951 വരെ ഷിംലയിലായിരുന്ന ആസ്ഥാനം. പിന്നീട് ജലന്ധറിലേക്ക് മാറ്റി. 1963 ല്‍ ആസ്ഥാനം ചണ്ഡിഗഢിലേക്കും മാറ്റി. ചണ്ഡിഗഢ് ആസ്ഥാനമായിത്തന്നെ ലയനശേഷവും ബാങ്ക് പ്രവര്‍ത്തിക്കുമെന്നാണ് ഇപ്പോഴത്തെ ധാരണ.

സാഹചര്യം വ്യത്യസ്തം

കേരള ബാങ്കിന്റെ രൂപവത്കരണം പഞ്ചാബിനെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ സഹകരണ വായ്പ മേഖലയിലെ സ്ഥിതിയല്ല പഞ്ചാബിലുള്ളത്. അവിടത്തെ 20 ജില്ലാ ബാങ്കുകള്‍ക്ക് 804 ശാഖകളാണ് സംസ്ഥാനത്താകെയുള്ളത്. സംസ്ഥാന സഹകരണ ബാങ്കിന് 17 ശാഖകളും. 20 ജില്ലാ ബാങ്കുകളില്‍ 11 എണ്ണവും നഷ്ടത്തിലാണ്. ഈ നഷ്ടം 200 കോടി രൂപവരും. മുന്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിന്റെ ജില്ലയായ മുക്തസറിലെ ജില്ലാ ബാങ്കാണ് ഏറ്റവും മോശമായ പ്രവര്‍ത്തനസ്ഥിതിയിലുള്ളത്. സംസ്ഥാന സഹകരണ ബാങ്ക് ലാഭത്തിലാണ്. 2018-19 ബാലന്‍ഷീറ്റ് അനുസരിച്ച് 17.76 കോടി രൂപയാണ് ലാഭം.

പഞ്ചാബിനെ കേരളവുമായി ഒരുരീതിയിലും താരതമ്യം ചെയ്യാനാവില്ല. കേരളത്തില്‍ തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലാ ബാങ്കുകളും ലാഭത്തിലാണ്. പ്രാഥമിക സംഘങ്ങള്‍ക്ക് നിക്ഷേപത്തിന്റെ പലിശ നിരക്കിനേക്കാളും ഉയര്‍ന്ന നിരക്കില്‍ ലാഭവിഹിതം നല്‍കിയിരുന്നതാണ് മിക്ക ജില്ലാ ബാങ്കുകളും. സാങ്കേതിക സംവിധാനം, ബാങ്കിങ് പ്രവര്‍ത്തനം, സേവനം എന്നിവയിലെല്ലാം ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും എല്ലാ ജില്ലാ ബാങ്കുകളും മികച്ചതായിരുന്നു. സംസ്ഥാന സഹകരണ ബാങ്ക് അറ്റനഷ്ടത്തിലായിരുന്നു. മാത്രവുമല്ല, സംസ്ഥാന ബാങ്കിനേക്കാള്‍ പ്രവര്‍ത്തനം കൊണ്ടും സാങ്കേതിക മികവുകൊണ്ടും സേവനം കൊണ്ടും ജില്ലാ ബാങ്കുകളായിരുന്നു കേരളത്തില്‍ മികച്ചുനിന്നത്.

സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളെ ഒന്നിപ്പിക്കാന്‍ നടപടി സ്വീകരിച്ച രണ്ടു സംസ്ഥാനങ്ങളുടെ സ്ഥിതി വിലയിരുത്തുക മാത്രമാണ് ഇവിടെ ചെയ്തത്. സാഹചര്യങ്ങള്‍ വ്യത്യസ്തമായതിനാല്‍ ലയനത്തിനുള്ള വെല്ലുവിളിയും വ്യത്യസ്തമായിരിക്കും. ഒരു ഇടപാടുകാരനുപോലും സേവനം മുടങ്ങാതെയും ആയിരക്കണക്കിന് ഇടപാടുകള്‍ ഏകതലത്തില്‍ ക്രമീകരിക്കുകയുമാണ് കേരളം നേരിടുന്ന വെല്ലുവിളി. അതിനുള്ള ഭഗീരഥയത്‌നമാണ് ഇപ്പോഴും നമ്മള്‍ തുടരുന്നത്. പലിശനിരക്കിലെ കുറവ്, കാര്‍ഷിക വായ്പയുടെ പരമാവധി ലഭ്യത എന്നിവയുടെയെല്ലാം കാര്യത്തില്‍ രണ്ടു സംസ്ഥാനങ്ങളുടെയും ലക്ഷ്യം ഒന്നുതന്നെയാണ്.

ലയനത്തിന് ഏഴ് കാരണങ്ങള്‍

പഞ്ചാബിലെ കര്‍ഷകരുടെ പ്രധാന വായ്പാസ്രോതസ് സഹകരണ സ്ഥാപനങ്ങളാണ്. പ്രത്യേകിച്ച് ജില്ലാ ബാങ്കുകള്‍. 20 ജില്ലാ ബാങ്കുകളുടെ 804 ശാഖകളില്‍ ഭൂരിഭാഗവും ഗ്രാമീണ മേഖലയിലാണ്. അതിനാല്‍, റിസര്‍വ് ബാങ്ക് നിശ്ചയിക്കുന്ന പല സാമ്പത്തിക മാനദണ്ഡങ്ങളും പാലിക്കാന്‍ ജില്ലാ ബാങ്കുകള്‍ക്ക് കഴിഞ്ഞിരുന്നില്ല. ജില്ലാ ബാങ്കുകള്‍ ഒമ്പത് ശതമാനം മൂലധന പര്യാപ്തത കൈവരിക്കണമെന്ന റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരുന്നു. മിക്കവാറും ജില്ലാ ബാങ്കുകള്‍ക്ക് ഇത് പാലിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ബാങ്കുകളെ ലാഭത്തിലാക്കുക മാത്രമല്ല, മെച്ചപ്പെട്ട പ്രവര്‍ത്തനവും കൂടുതല്‍ വായ്പയും ഉറപ്പാക്കണമെങ്കില്‍ ലയനമല്ലാതെ വഴിയില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് പഞ്ചാബ് നീങ്ങിയത്.

പഞ്ചാബില്‍ ഒമ്പത് ലക്ഷം കര്‍ഷകര്‍ക്കാണ് സഹകരണ ബാങ്കുകള്‍ വഴി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കിയിട്ടുള്ളത്. ഓരോ ജില്ലാ ബാങ്കും ഓരോ സാമ്പത്തികാവസ്ഥയിലായതിനാല്‍ ഒരേ നിലയിലുള്ള വായ്പാ വിതരണമല്ല ജില്ലകളിലുള്ളത്. നിഷ്‌ക്രിയ ആസ്തി കൂടുകയും കിട്ടാക്കടം പെരുകുകയും ചെയ്ത ജില്ലാ ബാങ്കുകള്‍ക്ക് കാര്‍ഷിക വായ്പ നല്‍കുന്നതിന് തുക പര്യാപ്തമല്ല. കാര്‍ഷിക മേഖലയുടെ നട്ടെല്ലാണ് സഹകരണ ബാങ്കുകള്‍. അതിനാല്‍, വായ്പാ വിതരണം എല്ലായിടത്തും ഒരേപോലെ ലഭ്യമാക്കുന്നതിന് ലയനമാണ് മാര്‍ഗമെന്ന വിലയിരുത്തലാണ് മന്ത്രിസഭയുടേത്. 20 ജില്ലാ ബാങ്കുകളും സംസ്ഥാന ബാങ്കിന്റെ ഭാഗമായാല്‍ കൂടുതല്‍ പണം വായ്പയായി നല്‍കാനാകുമെന്നതാണ് ലയനമെന്ന തീരുമാനത്തിലെത്തിച്ചത്.

ബാങ്കിന് ലാഭവും ഇടപാടുകാര്‍ക്ക് മെച്ചപ്പെട്ട സേവനവും ഉറപ്പാക്കാനാകുമെന്നാണ് ലയനത്തിന് കാരണമായി പഞ്ചാബ് സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന് നല്‍കിയ അപേക്ഷയില്‍ പറയുന്നത്. ഇന്‍ഷൂറന്‍സ് ബിസിനസ്, ട്രഷറി മാനേജ്‌മെന്റ്, ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍, മൈക്രോ ഫിനാന്‍സിങ് എന്നിവയെല്ലാം മികച്ച രീതിയില്‍ ബാങ്കിന് നല്‍കാനാകുമെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. 2019 ജൂണ്‍ എട്ടിനാണ് ലയനത്തിന് റിസര്‍വ് ബാങ്ക് തത്വത്തില്‍ അംഗീകാരം നല്‍കിയത്. ഇപ്പോള്‍ അന്തിമാനുമതിയും നല്‍കി. ഇതോടെ ലയനത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ലയനനടപടിയിലേക്ക് കടക്കാനുള്ള അനുമതി തേടി റിസര്‍വ് ബാങ്കിന് സമര്‍പ്പിച്ച അപേക്ഷയില്‍ ഏഴ് കാരണങ്ങളാണ് സര്‍ക്കാര്‍ നിരത്തിയത്. അവ ഇവയാണ് :

* മൂലധനപര്യാപ്തത ഉറപ്പുവരുത്തല്‍
* ബാങ്കിങ് ബിസിനസ്സില്‍ സംഭവിക്കുന്ന ചുരുങ്ങല്‍ കാരണം ജില്ലാ ബാങ്കുകളുടെ ലാഭക്ഷമത കുറഞ്ഞുവരുന്നു
* പഞ്ചാബിന്റെ ചില മേഖലകളില്‍ പണലഭ്യത ഉറപ്പാക്കാന്‍ ജില്ലാ ബാങ്കുകള്‍ക്ക് കഴിയുന്നില്ല
* ഭരണപരവും സാങ്കേതികവുമായ കാര്യങ്ങള്‍ക്കുള്ള അധികച്ചെലവ്
* ജില്ലാ ബാങ്കുകളെ ഒന്നിപ്പിക്കുന്നതോടെ സംസ്ഥാന സഹകരണ ബാങ്കിന് ഷെഡ്യൂള്‍ഡ് പദവി ലഭിക്കും
* ജില്ലാ ബാങ്കുകള്‍ക്കുണ്ടാകുന്ന ഭീമമായ നഷ്ടത്തിനു പകരം മെച്ചപ്പെട്ട ടാക്‌സ് മാനേജ്‌മെന്റ് ഉറപ്പാക്കാനാകും
* യോഗ്യതയും കഴിവുമനുസരിച്ച് ജീവനക്കാരെ വിന്യസിക്കാനാകുന്നതിനാല്‍ ലയനത്തോടെ മാനവവിഭവ ശേഷി പരമാവധി ഉപയോഗിക്കാനാകും.

[mbzshare]

Leave a Reply

Your email address will not be published.