കേരളാബാങ്കില്‍ സസ്‌പെന്‍സ് തുടരുന്നു; ഉറപ്പുകൊടുക്കാതെ റിസര്‍വ് ബാങ്ക്
കേരളാബാങ്കിന്റെ കാര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ അനുമതി തീരുമാനം ഇപ്പോഴും വൈകുകയാണ്. കഴിഞ്ഞദിവസം ചേര്‍ന്ന് ആര്‍.ബി.ഐ. യോഗത്തിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായിട്ടില്ലെന്നാണ് സൂചന. ജില്ലാബാങ്കുകളുടെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിന്റെ കാലാവധി അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. അതിനുമുമ്പ് ആര്‍.ബി.ഐ. അനുമതി കൊടുത്തില്ലെങ്കില്‍, സര്‍ക്കാര്‍ എന്തുനടപടി സ്വീകരിക്കുമെന്നതും നിര്‍ണായകമാണ്.
ജില്ലാബാങ്കുകളുടെ ആദ്യപാദ സാമ്പത്തിക അവലോകന യോഗത്തില്‍ കേരളബാങ്കിന്റെ വരവ് ഉടനുണ്ടാകുമെന്ന സൂചനയാണ് നബാര്‍ഡിന്റെയും ആര്‍.ബി.ഐ.യുടെയും ഉദ്യോഗസ്ഥര്‍ നല്‍കിയത്. കേരളബാങ്കിന് ഉപാധികളോടെ അനുമതി നല്‍കാനുള്ള ധാരണയായിട്ടുണ്ടെന്നായരുന്നു ഇവര്‍ അറിയിച്ചത്. ഇതിന് ശേഷം ബുധനാഴ്ചയാണ് റിസര്‍വ് ബാങ്കിന്റെ ക്രഡിറ്റ് വിഭാഗം സമതിയുടെ യോഗം നടന്നത്. ഈ യോഗത്തില്‍ കേരളബാങ്കിന്റെ അപേക്ഷ പരിഗണിക്കുമെന്നായിരുന്നു ലഭിച്ച വിവരം. ഈ മാസം അവസാനം ആര്‍.ബി.ഐ.യുടെ ബോര്‍ഡ് ചേരാനും സാധ്യതയുണ്ട്. കേരളബാങ്കിന് അനുമതി നല്‍കുന്നത് നയപരമായ പ്രശ്‌നമൊന്നുമില്ലാത്തതിനാല്‍ ബോര്‍ഡ് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. ഉദ്യോഗസ്ഥതലത്തില്‍ തീരുമാനമെടുത്ത് ബോര്‍ഡിനെ അറിയിച്ചാല്‍ മതിയാകും.
അതിനാല്‍, കേരളബാങ്കിന് തത്വത്തിലുള്ള അംഗീകാരം ബുധനാഴ്ച ഉണ്ടാകുമെന്നായിരുന്നു കേരളം പ്രതീക്ഷ. എന്നാല്‍, അങ്ങനെയൊരു തീരുമാനമുണ്ടായതായുള്ള ഒരു സൂചനയും റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ നല്‍കുന്നില്ല. സഹകരണ-നിയമ വകുപ്പുകളിലെ സെക്രട്ടറിമാരടക്കം പങ്കെടുത്ത പ്രത്യേക യോഗം സഹകരണ മന്ത്രിയുടെ സാനിധ്യത്തില്‍ നടന്നു. ജില്ലാബാങ്കുകളുടെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഒക്ടോബര്‍ പത്തിനാണ് അവസാനിക്കുന്നത്. അതിനുമുമ്പ് സര്‍ക്കാരിന് നിയമപരമായ തീരുമാനമെടുക്കേണ്ടത് അനിവാര്യമാണ്. മാത്രവുമല്ല, ജില്ലാബാങ്കുകളില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടുള്ള മലപ്പുറം ജില്ലാബാങ്കിലെ എ-ക്ലാസ് അംഗങ്ങള്‍ നല്‍കിയ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലുമാണ്. ഇതില്‍ ഹരജിക്കാര്‍ക്ക് അനുകൂല നിലപാട് എങ്ങാനും ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായാല്‍ അത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കും. ഇതൊക്കെ പരിഗണിച്ചുള്ള നടപടികളിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്.