കേരളബാങ്ക് വരുന്നതോടെ ബാങ്കിംഗ് മേഖലയിൽ വൻ കുതിച്ചുചാട്ടമുണ്ടാകും – മുഖ്യമന്ത്രി

[mbzauthor]

കേരളബാങ്ക് വരുന്നതോടെ ബാങ്കിംഗ് മേഖലയിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നമ്മുടെ സമൂഹത്തിന്റെ ആവശ്യങ്ങൾ കൃത്യമായി നിറവേറ്റാനാകുംവിധം കേരളബാങ്ക് വളരുമ്പോൾ മറ്റു ബാങ്കുകളും ആ വഴിക്ക് വരാൻ നിർബന്ധിതരാകുമെന്നും അദ്ദേഹം പറഞ്ഞു. മൺവിള അഗ്രികൾചറൽ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്വയംഭരണപദവി പ്രഖ്യാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ ക്രെഡിറ്റ് മേഖലയിൽ അത്ഭൂതാവഹമായ മാറ്റങ്ങളാകും കേരള ബാങ്കിന്റെ വരവോടെ ഉണ്ടാവുക. സംസ്ഥാന സഹകരണ ബാങ്കിന്റെ പതിൻ മടങ്ങ് ശേഷിയുമായി ഏതു ഷെഡ്യൂൾഡ് ബാങ്കിനോടും കിടപിടിക്കാവുന്ന ഒന്നാകുമത്. റിസർവ് ബാങ്ക് അനുമതി ലഭിക്കുകയാണെങ്കിൽ പ്രവാസികൾക്ക് സ്വന്തം നാട്ടിലെ പ്രാഥമിക ബാങ്കിലൂടെ പണം വീട്ടിലെത്തിക്കുന്ന സംവിധാനം വരും.ജനങ്ങളുടെ പ്രശ്‌നങ്ങളിൽ സഹായവുമായി മുന്നിട്ടിറങ്ങിയത് എപ്പോഴും സഹകരണസ്ഥാപനങ്ങളാണ്. പ്രളയകാലത്ത് ജനങ്ങൾക്കും വ്യാപാരികൾക്കും വായ്പ നൽകാൻ സഹകരണബാങ്കുകൾ മുന്നോട്ടുവന്നപ്പോൾ മറ്റു ബാങ്കുകൾ വലിയ താത്പര്യം കാണിച്ചില്ല. ഇത്തരം കാര്യങ്ങളിൽ ജനപക്ഷ നിലപാട് സഹകരണ ബാങ്കുകൾക്ക് മാത്രമേയുള്ളൂ. സഹകരണബാങ്കുകൾ പ്രളയബാധിതർക്ക് 2000 വീട് നിർമിച്ചുനൽകുന്നതും ഇതിന്റെ ഭാഗമായാണ്. മുമ്പ് കെ.എസ്.ആർ.ടി.സി പെൻഷൻ നൽകുന്ന കാര്യത്തിലും, ക്ഷേമപെൻഷനുകൾ വീട്ടിലെത്തിക്കുന്ന കാര്യത്തിലും സഹകരണ ബാങ്കുകളുടെ പ്രവർത്തനം പ്രശംസനീയമാണ്.
സഹകാരികൾക്കും സഹകരണബാങ്കിലെ ജീവനക്കാർക്കും കൃത്യമായ പരിശീലനം കാലികമായി ജോലികൾ നിർവഹിക്കാൻ ആവശ്യമാണ്. എല്ലാ ഷെഡ്യൂൾഡ് ബാങ്കുകളുടെ രീതിയിൽ പ്രൊഫഷണലാകണം. കേരളത്തിലെ സഹകരണമേഖലയ്ക്കാകെ നല്ലരീതിയിൽ പ്രാപ്തി നേടാനാകണം. ദേശീയ, അന്താരാഷ്ട്ര നിലവാരത്തിൽ അഗ്രികൾചറൽ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങൾക്ക് ഇത്തരം പരിശീലനം നൽകാനാവും. സ്ഥാപനത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കപ്പുറം മികച്ച പരിശീലകരെയും ലഭ്യമാക്കാൻ ഇതുപോലുള്ള സ്ഥാപനങ്ങൾക്കാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാർവദേശീയ അംഗീകാരമുള്ള സ്ഥാപനമായി ഇൻസ്റ്റിറ്റ്യൂട്ടിനെ വളർത്തിയെടുക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

ചടങ്ങിൽ സംസ്ഥാന സഹകരണ ബാങ്ക് ചീഫ് ജനറൽ മാനേജർ കെ.സി. സഹദേവൻ, നബാർഡ് ചീഫ് ജനറൽ മാനേജർ ആർ. ശ്രീനിവാസൻ, ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.ടി. പരൻജ്യോതി, കൗൺസിലർമാരായ ശിവദത്ത്, സുനി ചന്ദ്രൻ, മേടയിൽ വിക്രമൻ തുടങ്ങിയവർ സംബന്ധിച്ചു. സഹകരണവകുപ്പ് സെക്രട്ടറി മിനി ആൻറണി സ്വാഗതവും സഹകരണ സംഘം രജിസ്ട്രാർ എസ്. ഷാനവാസ് നന്ദിയും പറഞ്ഞു.

സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകൾ, പ്രാഥമിക വായ്പാ സഹകരണ ബാങ്കുകൾ/സംഘങ്ങൾ തുടങ്ങിയവയിലെ ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കും വിവിധ വിഷയങ്ങളിൽ അഗ്രികൾചറൽ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനം നൽകി വരുന്നു. മറ്റു സ്ംസ്ഥാനങ്ങളിൽ നിന്ന് വരുന്ന സഹകാരികൾക്ക് പരിശീലനം നൽകുകയും, ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ കൊണ്ടുപോയി പരിശീലനം നൽകുകയും ചെയ്യുന്നുണ്ട്. 150 ട്രെയിനികളെ താമസിപ്പിച്ച് പരിശീലനം നൽകാനുള്ള ഹോസ്റ്റൽ, ക്ലാസ്മുറി സൗകര്യവും ഇവിടെയുണ്ട്.

സ്വയംഭരണസ്ഥാപനമാകുന്നതോടെ കേരള ബാങ്കിന്റെ രൂപീകരണം മൂലം ക്രെഡിറ്റ് മേഖലയിലുണ്ടാകുന്ന മാറ്റങ്ങൾക്ക് വിധേയമായി പരിശീലന പരിപാടികൾ ഒരുക്കും. കൂടാതെ സഹകരണ സംഘങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും കൺസൾട്ടൻസി സേവനം നൽകുകയും ഗവേഷണ പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്യും.

[mbzshare]

Leave a Reply

Your email address will not be published.