കേന്ദ്ര പാക്കേജ് മലപ്പുറത്തിനും കിട്ടാന്‍ മന്ത്രി അമിത് ഷാക്ക് കത്ത് നല്‍കി

Deepthi Vipin lal

കേന്ദ്രാവിഷ്‌കൃത പാക്‌സ് മള്‍ട്ടി സെക്ടര്‍ പദ്ധതി മലപ്പുറം ജില്ലക്ക് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാക്ക് കോ- ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റര്‍ കേരള സംസ്ഥാന പ്രസിഡന്റ് ഹനീഫ പെരിഞ്ചീരിയും സെക്രട്ടറി എന്‍. ഭാഗ്യനാഥും കത്ത് നല്‍കി.

പ്രാഥമിക സര്‍വീസ് ബാങ്കുകളുടെയും സഹകരണ സംഘങ്ങളുടെയും അടിസ്ഥാനവികസനത്തിന് 2500 കോടി രൂപയാണ് സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത്. നാമമാത്ര പലിശനിരക്കിലുള്ള ദീര്‍ഘകാല വായ്പ മലപ്പുറം ജില്ലയിലെ കര്‍ഷകര്‍ക്കും ലഭ്യമാക്കണമെന്നതാണ് ആവശ്യം.
ജില്ലയിലെ കര്‍ഷകര്‍ക്ക് നബാര്‍ഡ് മുഖേന ഓരോ സംഘത്തിനും ലഭിക്കേണ്ട വന്‍കിട പദ്ധതിവിഹിതമാണ് കേരള ബാങ്കില്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് അംഗമല്ല എന്ന കാരണത്താല്‍ നിഷേധിക്കപ്പെടുന്നത്. പ്രാഥമിക സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സഹകരണ സംഘങ്ങള്‍ക്ക് വിവിധോദ്ദേശ്യങ്ങള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും നാമമാത്ര പലിശനിരക്കില്‍ നല്‍കുന്ന ദീര്‍ഘ കാലത്തേക്കുള്ള ധനസഹായമാണിത്.

44 ലക്ഷം ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. കാര്‍ഷികവൃത്തി ഉപജീവനമാര്‍ഗ്ഗമായി കാണുന്ന ജനങ്ങള്‍ക്കും സംഘങ്ങള്‍ക്കും ഈ ആനുകൂല്യം കിട്ടാത്ത സ്ഥിതിയാണുള്ളത്. കോവിഡിനെ അതിജീവിക്കാന്‍ കഴിഞ്ഞ വര്‍ഷം കോവിഡ് പാക്കേജില്‍ സ്‌പെഷ്യല്‍ ലിക്വിഡിറ്റി ഫണ്ടായി 1500 കോടി രൂപ സംസ്ഥാനത്തിന് അനുവദിച്ചതില്‍ ഒരു പൈസ പോലും മലപ്പുറം ജില്ലക്ക് ലഭിച്ചിട്ടില്ല. റിസര്‍വ്വ് ബാങ്കിന്റെ ലൈസന്‍സുള്ള മലപ്പുറം ജില്ലാ ബാങ്ക് മുഖേന തുക അനുവദിക്കുകയോ പ്രൊജക്ട് അനുസരിച്ചു സംഘങ്ങള്‍ക്ക് നേരിട്ട് ഫണ്ട് വിതരണം ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കുകയോ വേണമെന്നു കത്തില്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി, സംസ്ഥാന സഹകരണ മന്ത്രി, കേന്ദ്ര സെക്രട്ടറി, നബാര്‍ഡ് ചെയര്‍മാന്‍, റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി മാനേജര്‍ എന്നിവര്‍ക്കും ഇതേ ആവശ്യം ഉന്നയിച്ച് കത്ത് നല്‍കി. സംസ്ഥാന പ്രസിഡണ്ട് ഹനീഫ പെരിഞ്ചീരി അദ്ധ്യക്ഷത വഹിച്ചു . കെ അബുള്‍ അസീസ് , എന്‍. ഭാഗ്യനാഥ്, ആയിഷക്കുട്ടി ഒളകര , ഹമീദ് വേങ്ങര, ശ്യാം എടരിക്കോട്, ദിനേഷ് കാരന്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News