കേന്ദ്രാവിഷ്‌കൃത പദ്ധതി മലപ്പുറം ജില്ലക്ക് അനുവദിക്കണം

Deepthi Vipin lal

കേന്ദ്രാവിഷ്‌കൃത പദ്ധതികൾ നടപ്പിലാക്കുന്നതിന് മലപ്പുറം ജില്ലയിലെ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് അർഹതപ്പെട്ട ഫണ്ട് ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് പ്രാഥമിക സഹകരണ ബാങ്കുകളിലെ സെക്രട്ടറിമാരുടെ സംഘടനയായ കോഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റർ സംസ്ഥാന കമ്മറ്റി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

മലപ്പുറം ജില്ലയിലെ കർഷകർക്ക് നബാർഡ് മുഖേന ലഭ്യമാക്കേണ്ട ഫണ്ടുകളാണ് കേരള ബാങ്കിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് അംഗമല്ല എന്ന കാരണത്താൽ നിഷേധിക്കപ്പെടുന്നത്. പ്രാഥമിക സഹകരണ ബാങ്കുകൾ ഉൾപ്പെടെയുള്ള സഹകരണ സംഘങ്ങൾക്ക് വിവിധോദ്ദേശ്യ ആവശ്യങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമുള്ള കുറഞ്ഞ പലിശ നിരക്കിലും ദീർഘ കാലത്തേക്കുമുള്ള ധനസഹായമാണിത്.. പാക്സ് എം. എസ്.സി. കേന്ദ്രാവിഷ്ക്യത പദ്ധതിയിൽ 2500 കോടി രൂപയാണ് കേന്ദ്രം നബാർഡ് വഴി കേരളത്തിനായി അനുവദിച്ചത്.


ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. കർഷകർക്കും പൊതുസമൂഹത്തിനും ഈ ആനുകൂല്യം ലഭ്യമല്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്. കോവിഡിനെ അതിജീവിക്കാൻ കഴിഞ്ഞ വർഷം കോവിഡ് പാക്കേജിൽ സ്പെഷ്യൽ ലിക്വിഡിറ്റി ഫണ്ടായി 1500 കോടി രൂപ അനുവദിച്ചതിൽ ഒരു രൂപ പോലും മലപ്പുറം ജില്ലക്ക് ലഭ്യമായില്ല .
മലപ്പുറം ജില്ലയിലെ സഹകരണ സംഘങ്ങൾക്ക് തുക ലഭ്യമാക്കാൻ കേന്ദ്ര, സംസ്‌ഥാന സർക്കാരുകളിലും നബാർഡിലും രാഷ്ട്രീയമായും നിയമപരമായും സമ്മർദം ചെലുത്താനും കേന്ദ്ര സഹകരണ വകുപ്പ്മന്ത്രി ,മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് നബാർഡ് എന്നിവർക്ക് നിവേദനം സമർപ്പിക്കാനും തീരുമാനിച്ചു.
യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് ഹനീഫ പെരിഞ്ചീരി അദ്ധ്യക്ഷത വഹിച്ചു . വി കെ ഹരികുമാർ , ഷീല കാളികാവ് , ടി പി എം ബഷീർ, ശശി വളാഞ്ചേരി, കെ അബുൾ അസീസ് , എൻ ഭാഗ്യനാഥ് , മജീദ് മംഗലം , ഹംസ പി , ആയിഷ കുട്ടി ഒളകര , യൂസഫ് മങ്കട പള്ളിപ്പുറം, ഹമീദ് വേങ്ങര തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News