കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ കണ്‍സോര്‍ഷ്യം2022 ജൂണ്‍വരെ നീട്ടി; പലിശ കുറച്ചു
കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനുള്ള സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന്റെ കാലാവധി 2022 ജൂണ്‍ വരെ നീട്ടി. 2021 ജൂണില്‍ കണ്‍സോര്‍ഷ്യത്തിന്റെ കാലാവധി അവസാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം. പലിശ നിരക്കും പുതുക്കി. സഹകരണ ബാങ്കുകള്‍ നല്‍കുന്ന പണത്തിന് 10 ശതമാനം പലിശ നല്‍കുമെന്നായിരുന്നു നേരത്തെയുള്ള വ്യവസ്ഥ. ഇത് 8.5 ശതമാനമായാണ് കുറച്ചത്. 2020 ജൂണിന് ശേഷം പെന്‍ഷന്‍ നല്‍കാനായി സഹകരണ ബാങ്കുകള്‍ നല്‍കുന്ന പണത്തിന് പുതിയ പലിശനിരക്ക് ബാധകമാകും.
2018 ഫിബ്രവരി മുതലാണ് കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകള്‍ ഏറ്റെടുത്തത്. എല്ലാ മാസവും പെന്‍ഷന്‍ വിതരണത്തിന് വേണ്ടിവരുന്ന തുക നല്‍കാന്‍ തയ്യാറായിട്ടുള്ള പ്രാഥമിക സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കും. സഹകരണ രജിസ്ട്രാറാണ് ഈ കണ്‍സോര്‍ഷ്യത്തിന് അംഗീകാരം നല്‍കാറുള്ളത്. ഓരോ മാസവും 68 കോടിയോളം രൂപ പെന്‍ഷന്‍ വിതരണത്തിനായി വേണം. ഇതുവരെ സഹകരണ ബാങ്കുകള്‍ നല്‍കിയ പണത്തിനുള്ള പലിശ കുടിശ്ശികയില്ലാതെ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. മുതലിനത്തില്‍ 500 കോടിയിലധികം രൂപ നല്‍കാനുമുണ്ട്.
നിക്ഷേപത്തിന്റെ പലിശനിരക്ക് കുറഞ്ഞതിനാല്‍ സഹകരണ ബാങ്കുകള്‍ പെന്‍ഷനുവേണ്ടി നല്‍കുന്ന പണത്തിന്റെ പലിശനിരക്കും കുറയ്ക്കണമെന്ന് കെ.എസ്.ആര്‍.ടി.സി.യും ധനവകുപ്പും അവശ്യപ്പെട്ടിരുന്നു. 10 ശതമാനത്തില്‍നിന്ന് എട്ടു ശതമാനമായി കുറയ്ക്കണമെന്നായിരുന്നു ആവശ്യം. ഇതില്‍ തീരുമാനമുണ്ടാകാത്തതിനാല്‍ ജൂണില്‍ കണ്‍സോര്‍ഷ്യത്തിന്റെ കാലാവധി തീര്‍ന്നെങ്കിലും പുതുക്കിയിരുന്നില്ല. തുടര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് പലിശ 8.5 ശതമാനമാക്കി കുറയ്ക്കാന്‍ ധാരണയായത്. ഇത് സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവിറക്കി.
സംസ്ഥാന സഹകരണ ബാങ്കാണ് കണ്‍സോര്‍ഷ്യത്തിന്റെ ലീഡര്‍. പുതിയ പലിശനിരക്കില്‍ സഹകരണ ബാങ്കുകളില്‍നിന്ന് പണം കണ്ടെത്തുന്നതിന് പുതിയ ധാരണാപത്രം ഒപ്പുവെക്കേണ്ടതുണ്ട്. ഇതിനുള്ള നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഗതാഗത വകുപ്പിനോട് നിര്‍ദ്ദേശിച്ചു.