കെ.എസ്.ആര്‍.ടി.സി.ക്കു പെന്‍ഷന്‍ നല്‍കുന്നതിന് സഹകരണ ബാങ്കുകള്‍ നല്‍കുന്ന പണത്തിന് പലിശ നിരക്ക്
എട്ടര ശതമാനമാക്കി കുറച്ചു. പുതിയ ധാരണാപത്രം ഒപ്പിട്ട് സംഘങ്ങള്‍ വഴി പെന്‍ഷന്‍ വിതരണം ചെയ്യണമെങ്കില്‍
പലിശ കുറയ്ക്കണമെന്ന് ധനകാര്യ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. പലിശ എട്ട് ശതമാനമായി കുറയ്ക്കണം എന്നായിരുന്നു ധനവകുപ്പിന്റെ ആവശ്യം.
2018 ലാണ് കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ നല്‍കുന്നതിന് സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ചത്.
അതനുസരിച്ച് 10 ശതമാനം പലിശയാണ് സഹകരണ ബാങ്കുകള്‍ നല്‍കുന്ന പണത്തിന് കൊടുത്തത്. അന്ന് ബാങ്കുകള്‍
സ്വീകരിക്കുന്ന നിക്ഷേപത്തിന് 9.5 ശതമാനം വരെ പലിശ നല്‍കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ ഏഴ് ശതമാനം വരെയാണ് പലിശ.
ഈ സാഹചര്യത്തിലാണ് പലിശ കുറയ്ക്കാന്‍ ധനവകുപ്പ് ആവശ്യപ്പെട്ടത്. പലിശയിനത്തില്‍ 119 കോടി രൂപയാണ് സര്‍ക്കാരിന് നല്‍കേണ്ടി വന്നത്. കെ.എസ്.ആര്‍.ടി.സി.യുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ വാണിജ്യ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപവത്കരിച്ച് വായ്പ എടുത്തിരുന്നു. ഈ വായ്പയ്ക്ക് 8.8 ശതമാനം പലിശയാണ് കെ.എസ്.ആര്‍.ടി.സി.യില്‍ നിന്ന് ഈടാക്കുന്നത്.
38 കോടി രൂപയാണ് ഒരു മാസം കെ.എസ്.ആര്‍.ടി.സി.ക്ക് പെന്‍ഷന്‍ നല്‍കാനായി വേണ്ടത്. ഓരോ മാസവും നിശ്ചിത പ്രാഥമിക സഹകരണ ബാങ്കുകളാണ് ഈ വിഹിതം നല്‍കുന്നത്. 2020 മാര്‍ച്ചില്‍ കരാര്‍ അവസാനിച്ചപ്പോള്‍ രണ്ടു മാസം പെന്‍ഷന്‍ മുടങ്ങിയിരുന്നു.ജൂലായ് അഞ്ചിന് ഒരു മാസത്തേക്ക് പുതുക്കാനുള്ള ധാരണാപത്രം ഒപ്പുവച്ച് താത്കാലിക പരിഹാരമുണ്ടാക്കി. പുതിയ ധാരണാപത്രം ഒപ്പുവച്ചാലുടന്‍ കുടിശ്ശികയും ജൂലായിലെ പെന്‍ഷനും വിതരണം ചെയ്യും. കെ.എസ്.ആര്‍.ടി.സി. സി.എം.ഡി, സ്റ്റേറ്റ് കോ – ഓപ്പറേറ്റീവ് ബാങ്ക് എം.ഡി, ധനകാര്യ അഡിഷണല്‍ ചീഫ് സെക്രട്ടറി എന്നിവരാണ് ധാരണപത്രത്തില്‍ ഒപ്പിടുന്നത്.