കെയർ ഹോം രണ്ടാംഘട്ടത്തിന് സഹകരണ സംഘങ്ങളിൽ നിന്നും സാമ്പത്തിക സഹായം അഭ്യർത്ഥിക്കാനൊരുങ്ങി വകുപ്പ്: ഇതുസംബന്ധിച്ച് ജോയിന്റ് രജിസ്ട്രാർമാരുമായുള്ള മന്ത്രിയുടെ വീഡിയോ കോൺഫ്രൻസ് ബുധനാഴ്ച.

adminmoonam

സാമ്പത്തികമായി തകർന്നിരിക്കുന്ന സഹകരണസംഘങ്ങളെ ഞെക്കിക്കൊല്ലാൻ സഹകരണ വകുപ്പ്, കെയർ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി സംഘങ്ങളിൽ നിന്നും സംഭാവനകൊരുങ്ങുന്നു. കെയർ കേരള യുടെ ഭാഗമായ കെയർ ഹോം പദ്ധതി യുടെ രണ്ടാംഘട്ടം മെയ് അവസാനതിന് മുമ്പ് തുടങ്ങാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. 2000 ഫ്ളാറ്റുകൾ നിർമിക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. എല്ലാ ജില്ലകളിലും ഫ്ളാറ്റുകൾ നിർമ്മിക്കും. ഇതിന് കോടികളാണ് ചെലവ് വരിക. സംസ്ഥാനത്തെ സഹകരണ സംഘങ്ങളിൽ നിന്നുള്ള സാമ്പത്തിക സഹായതോടെ പദ്ധതി പൂർത്തീകരിക്കാനാണ് വകുപ്പ് ഉദ്ദേശിക്കുന്നത്. ഇതിനായി സഹകരണ സംഘങ്ങളിൽ നിന്നും വീണ്ടും ലക്ഷങ്ങൾ പിരിച്ചു എടുക്കേണ്ടതായി വരും. ഇതിനുള്ള നിർദേശം കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ബുധനാഴ്ച വകുപ്പുമന്ത്രി സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുള്ള ജോയിന്റ് രജിസ്ട്രാർ മാരെയും പ്ലാനിങ് എ.ആർ മാരുടെയും വിഡിയോ കോൺഫറൻസ് വിളിച്ചിരിക്കുന്നത്. ഒപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ( CMDRF) സഹകരണ സംഘങ്ങളിൽ നിന്നും നാളിതുവരെ ലഭിച്ച സംഭാവന സംബന്ധിച്ചും ചർച്ചയുണ്ടാകും.

കഴിഞ്ഞ നാലു വർഷത്തിനിടയിൽ രണ്ട് പ്രളയവും, കൊറോണ, കൃതി തുടങ്ങി സംസ്ഥാനതലത്തിലുള്ള സംഭാവനകളും പ്രാദേശികമായി സഹകരണസംഘങ്ങൾ ഇടപെടേണ്ട വിഷയങ്ങളിലുള്ള ചിലവുകളും കൂടി പൂർത്തിയായപ്പോൾ പൊതുനന്മ ഫണ്ട് ഒന്നുമില്ലെന്ന് മാത്രമല്ല 90 ശതമാനത്തിലധികം സഹകരണസംഘങ്ങളും നഷ്ടത്തിലുമാണ്. മിച്ചമുള്ള നിക്ഷേപങ്ങളെല്ലാം KSRTC പെൻഷൻ, സാമൂഹ്യ സുരക്ഷാ പെൻഷൻ എന്നിവക്കായി സംഘങ്ങളിൽ നിന്നും വാങ്ങി കഴിഞ്ഞു. ഇതിനിടയിലാണ് കെയർ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി സർക്കാർ സംഘങ്ങളിൽ നിന്നും സഹായത്തിനായി ഇറങ്ങുന്നത്. വകുപ്പിന്റെ നിർദ്ദേശങ്ങൾ സഹകരണ സംഘങ്ങളോട് പറയേണ്ട ദയനീയ അവസ്ഥയിലാണ് താലൂക്കുകളിലെ സഹകരണ ഉദ്യോഗസ്ഥർ. വീണ്ടും സഹകരണ സംഘങ്ങളിൽ നിന്നും സാമ്പത്തിക സഹായം എങ്ങനെ ആവശ്യപ്പെടുമെന്ന വലിയ ചോദ്യത്തിൽ ആണ് ഉദ്യോഗസ്ഥർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉദ്യോഗസ്ഥർക്ക് ടാർജറ്റ് ഉണ്ട്. പലയിടത്തും ARമാർ സംഘങ്ങൾക്ക് ടാർഗറ്റ് നൽകി കഴിഞ്ഞു. താമസിയാതെ 194N വിഷയത്തിൽ സഹകരണസംഘങ്ങൾക്ക് എതിരായി വിധി ഉണ്ടാക്കുമെന്നാണ് സഹകരണ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ തന്നെ വിലയിരുത്തുന്നത്. ഇതോടെ സഹകരണസംഘങ്ങൾ വലിയ തുക ആദായ നികുതി അടക്കേണ്ടി വരും. ഇതോടുകൂടി സംഘങ്ങൾ തരിപ്പണമാകും എന്നാണ് സഹകരണ ഉദ്യോഗസ്ഥരുടെ തന്നെ വിലയിരുത്തൽ. ഇടതുപക്ഷം ഭരിക്കുന്ന സഹകരണസംഘങ്ങളിലെ സെക്രട്ടറിമാർ ഇതിനെ എതിർക്കുന്നുണ്ടെങ്കിലും ഭരണസമിതിയുടെ നിർബന്ധത്തിന് വഴങ്ങേണ്ടി വരികയാണ്. കെയർ ഹോം പദ്ധതിയുടെ രണ്ടാം ഘട്ട പദ്ധതിയുടെ നിർവഹണത്തിന്റെ പൂർണ ഉത്തരവാദിത്വം സഹകരണസംഘങ്ങൾക്കാണ്. കഴിഞ്ഞ നാലു വർഷത്തിലും സഹകരണസംഘങ്ങളുടെ ഗുണം മെച്ചപ്പെടുത്താൻ ഒരു പരിപാടിയും വകുപ്പിൽനിന്ന് ഉണ്ടായിട്ടില്ലെന്നും ഒന്നിനുപുറകെ ഒന്നായി സംഭാവന പിരിക്കലാണ് സഹകരണ വകുപ്പിലെ ജില്ലയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ ജോലിയെന്നും പരാതിയുണ്ട്.

കഴിഞ്ഞ ഒരു വർഷമായി മൊറട്ടോറിയം ആണ്. അതുകൊണ്ടുതന്നെ ആരും സംഘങ്ങളിൽ പണം അടക്കുന്നില്ല.ഒപ്പം മാർച്ച് മാസത്തിൽ കുടിശ്ശിക പിടിച്ചെടുക്കാനും സഹകരണസംഘങ്ങൾകു ആയിട്ടില്ല. ഇതിനു പുറമെയാണ് ഇപ്പോൾ കൊറോണ വന്നത്. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയിൽ കെയർ ഹോം രണ്ടാംഘട്ട പിരിവ് ഇരട്ടടിയാകുമെന്നതിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *

Latest News