കെനിയ : വിജയവഴിയില്‍ കുറൂര്‍ വനിതാ സംഘം
– ദീപ്തി വിപിന്‍ലാല്‍
കിഴക്കനാഫ്രിക്കന്‍ രാജ്യമായ കെനിയയില്‍
മൂന്നു സംരംഭങ്ങളുമായി കരുത്തോടെ
മുന്നേറുകയാണു കുറൂര്‍ വനിതാ സഹകരണ
സംഘം
ഓരോ സ്ത്രീക്കും സ്ഥിരമായ ഒരു വരുമാന മാര്‍ഗം. അതിലൂടെ കുടുംബത്തിന്റെ ദാരിദ്ര്യമോചനം. ഈ ലക്ഷ്യത്തോടെയാണ് അവികസിത രാജ്യങ്ങളില്‍ ഓരോ വനിതാ സഹകരണ സംഘവും ഉടലെടുക്കുന്നത്. ഒരുമിച്ചു നിന്ന് അവര്‍ ദാരിദ്ര്യത്തിനും പിന്നോക്കാവസ്ഥയ്ക്കുമെതിരെ പോരാടുന്നു. ഇത്തരക്കാര്‍ പലപ്പോഴും വിജയിക്കുന്നതായാണ് അനുഭവം. കിഴക്കനാഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ നിന്നുള്ള കുറൂര്‍ വനിതാ സഹകരണ സംഘത്തിന്റെ വിജയഗാഥ ഇതിന്റെ തെളിവാണ്.
1963 ല്‍ ബ്രിട്ടനില്‍ നിന്നു സ്വാതന്ത്ര്യം നേടിയ കെനിയയില്‍ സ്ത്രീശക്തി നിര്‍ണായകമാണ്. സ്ത്രീകളാണു ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്നത്. 2020 ലെ കണക്കനുസരിച്ച് 2.70 കോടി സ്ത്രീകളാണു രാജ്യത്തുള്ളത്. പുരുഷന്മാരുടെ എണ്ണമാകട്ടെ 2.67 കോടിയും. മൂന്നു ലക്ഷം സ്ത്രീകള്‍ കൂടുതല്‍.
ബിസിനസ് സംരംഭം മൂന്ന്
മൂന്നരപ്പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തുണ്ട് കുറൂര്‍ വനിതാ സംഘത്തിലെ അംഗങ്ങള്‍ക്ക്. 1986 ല്‍ മുപ്പത് അംഗങ്ങളുമായി ചെറിയ തോതില്‍ തുടങ്ങിയതാണ് ഈ സംഘം. കോഴികളെ വളര്‍ത്തി രക്ഷപ്പെടുമോ എന്നാണ് അവര്‍ ആദ്യം നോക്കിയത്. അതു ഫലിച്ചില്ല. പക്ഷേ, അവര്‍ പിന്മാറിയില്ല. വീണ്ടും സംരംഭങ്ങള്‍ തുടങ്ങി. ഇന്നിപ്പോള്‍ മൂന്നു സംരംഭങ്ങളുടെ ഉടമസ്ഥരാണ് ഈ സംഘം. പെട്രോള്‍ സ്റ്റേഷന്‍, വാടക വീടുകള്‍, ധാന്യ സംഭരണത്തിനായുള്ള സ്റ്റോര്‍ എന്നിങ്ങനെ മൂന്നു സംരംഭങ്ങള്‍. സംഘത്തിന്റെ വളര്‍ച്ചയിലൂടെ ദാരിദ്ര്യത്തില്‍ നിന്നു കരകയറുന്ന അംഗങ്ങള്‍ വരുംതലമുറയുടെ ക്ഷേമത്തിലാണു പിന്നീട് ശ്രദ്ധയൂന്നുന്നത്. തങ്ങള്‍ക്കു കിട്ടാതെ പോയ വിദ്യാഭ്യാസവും മറ്റ് ജീവിതസൗകര്യങ്ങളും അവര്‍ മക്കള്‍ക്കു ഒരുക്കിക്കൊടുക്കുന്നു.
സാധാരണ വനിതാ സഹകരണ സംഘങ്ങള്‍ ഏതെങ്കിലുമൊരു ബിസിനസ് മേഖലയായിരിക്കും തിരഞ്ഞെടുക്കുക. എന്നാല്‍, കുറൂര്‍ വനിതാ സഹകരണ സംഘം വ്യത്യസ്ത മാര്‍ഗത്തിലൂടെയാണു സഞ്ചരിക്കുന്നത്. ഒന്നിനു പകരം മൂന്നു സംരംഭങ്ങള്‍. ഇവയെല്ലാം കൂട്ടായ കഠിനാധ്വാനത്തിന്റെ സത്ഫലങ്ങളാണ്. പരസ്പരം എങ്ങനെ സഹായിക്കാനാകും എന്നതായിരുന്നു സംഘാംഗങ്ങളുടെ ആലോചന. അതിനായി എന്തെങ്കിലും ഒരു സംരംഭം ആരംഭിക്കാന്‍ അവര്‍ തീരുമാനമെടുത്തു. കോഴി വളര്‍ത്തലാണ് ആദ്യം കണ്ടെത്തിയ വരുമാന മാര്‍ഗം. അതിനായി സംഘത്തിലെ ഓരോ അംഗവും ഓരോ കോഴിയെ വീതം നല്‍കി. ഇവയെ ഒരുമിച്ചു വളര്‍ത്തി. കോഴിമുട്ട വിറ്റ് വരുമാനം കണ്ടെത്താനായിരുന്നു ശ്രമം. എന്നാല്‍, അതത്ര ലാഭകരമായിരുന്നില്ല. അതോടെ, വ്യത്യസ്തമായ മറ്റെന്തെങ്കിലുമൊന്ന് ആരംഭിക്കണമെന്നു സംഘം തീരുമാനിച്ചു. അങ്ങനെയിരിക്കെയാണു സിറിക്വ എന്ന തങ്ങളുടെ പ്രദേശത്തിനടുത്തൊന്നും ഒരു പെട്രോള്‍ സ്റ്റേഷന്‍ ഇല്ലെന്ന കാര്യം അവര്‍ തിരിച്ചറിഞ്ഞത്. അതോടെ, ഒരു പെട്രോള്‍ സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള ശ്രമമായി. അതിനനുയോജ്യമായ സ്ഥലം വാങ്ങി പെട്രോള്‍ സ്റ്റേഷന്‍ പണിതു. ഒരു ടാങ്ക് പെട്രോള്‍ സൗജന്യമായി നല്‍കിയാണ് സ്ഥലത്തെ കൗണ്‍സിലര്‍ അവരെ സഹായിച്ചത്. കുറൂര്‍ വനിതാ സഹകരണ സംഘത്തിന്റെ വളര്‍ച്ച ഇവിടെ ആരംഭിച്ചു.
2013 ലാണ് കൂറൂര്‍ വനിതാ സഹകരണ സംഘം കൃഷിയിലേക്ക് ഇറങ്ങിത്തിരിച്ചത്. തുടക്ക സമയത്തു വിപണി അത്ര അനുകൂലമല്ലായിരുന്നു. അതിനാല്‍ വിപണിയില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കു വില ഉയരുന്നതുവരെ അവ സൂക്ഷിക്കാനായി അവര്‍ ഒരു സ്റ്റോര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഓരോരുത്തരും കഴിയുന്നത്ര ഓഹരികളെടുത്തു. ലോക ഭക്ഷ്യ പരിപാടി ( വേള്‍ഡ് ഫുഡ് പ്രോഗ്രാം ) യുമായി സഹകരിച്ചതോടെ സംഘത്തിനു ഗുണമുണ്ടായി. മികച്ചയിനം ചോളം വന്‍തോതില്‍ കൃഷി ചെയ്തു നല്‍കാനുള്ള കരാര്‍ സഹകരണ സംഘത്തിനു ലഭിച്ചു. കര്‍ഷകരില്‍ നിന്നു സംഘം ചോളം വാങ്ങി ലോക ഭക്ഷ്യ പരിപാടിയിലേക്കു നല്‍കുകയാണു ചെയ്യുന്നത്. ദക്ഷിണാഫ്രിക്കയിലെ മുന്‍നിര ബ്രാന്‍ഡായ പന്നാറിന്റെ വിത്താണു അവര്‍ ചോളക്കൃഷിക്കുപയോഗിക്കുന്നത്. മികച്ച വിത്തും കീടനാശിനിയും വിതരണം ചെയ്യുന്ന അമേരിക്കന്‍ കമ്പനിയായ കൊര്‍ട്ടേവ അഗ്രി സയന്‍സിന്റെ സഹായവും കുറൂര്‍ വനിതാ സഹകരണ സംഘത്തിനു ലഭിക്കുന്നുണ്ട്. കെമിക്കല്‍ കമ്പനിയായ ഡു പോണ്ടിന്റെ കാര്‍ഷിക വിഭാഗമായ കൊര്‍ട്ടേവ അവികസിത രാജ്യങ്ങളിലെ ഭക്ഷ്യ സ്രോതസ്സുകളുടെ സംരക്ഷണവും കര്‍ഷക സമൂഹത്തിന്റെ ഉന്നമനവും ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്നു.
മൂന്നു വര്‍ഷമായി കുറൂര്‍ വനിതാ സഹകരണ സംഘത്തിനൊപ്പം കൊര്‍ട്ടേവയുണ്ട്. സംഘാംഗങ്ങളായ ഇരുനൂറു സ്ത്രീകളാണു ഇപ്പോള്‍ കൃഷിയില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. മറ്റുള്ളവര്‍ സംഘത്തിന്റെ മറ്റു സംരംഭങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.
[mbzshare]