കുറുവങ്ങാട് കയര്‍വ്യവസായ സഹകരണ സംഘത്തില്‍ ചവിട്ടി നിര്‍മ്മാണത്തിനുളള പരിശീലനം തുടങ്ങി
കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് കയര്‍വ്യവസായ സഹകരണ സംഘത്തിലെ സ്ത്രീത്തൊഴിലാളികള്‍ക്ക് ചവിട്ടി നിര്‍മ്മാണത്തിനുളള പരിശീലനം തുടങ്ങി. നാഷണല്‍ കയര്‍ റിസര്‍ച്ച് ആന്‍ഡ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എന്‍.സി.ആര്‍.എം.ഐ) ഉദ്യോഗസ്ഥരാണ് ആകര്‍ഷകമായ ചവിട്ടികള്‍ (തടുക്കുകള്‍) നിര്‍മിച്ചു വിപണിയിലെത്തിക്കാനുളള പരിശീലനം നല്‍കുന്നത്. കയര്‍മേഖലയില്‍ പുതിയ തൊഴില്‍സംരംഭങ്ങള്‍ക്ക് തുടക്കമിട്ട സംഘത്തിലെ പത്തുവനിതകള്‍ക്കാണ് ആദ്യഘട്ടത്തില്‍ അഞ്ചുതരത്തിലുളള ആകര്‍ഷകമായ ചവിട്ടികള്‍ നിര്‍മിക്കുന്നതിനുളള പരിശീലനം നല്‍കുന്നത്. പരിശീലനം നേടുന്ന വനിതകള്‍ക്ക് ദിവസം 300 രൂപ സ്െറ്റെപ്പെന്‍ഡ് ലഭിക്കും. 30 ദിവസമാണ് പരിശീലനം. ഫ്രെയിമിന്റെയും തറികളുടെയും സഹായത്തോടെയാണ് തടുക്കുകള്‍(ചവിട്ടികള്‍)നിര്‍മിക്കാന്‍ പരിശീലനം നല്‍കുന്നത്.
ആകര്‍ഷകവും നിറംമങ്ങാത്തതുമായ കളറുകള്‍ മുക്കിയുളള ചൂടിയാണ് ഇതിനായി ഉപയോഗിക്കുന്നത്. നിറം നിര്‍മിക്കാനും പ്രയോഗിക്കാനുമുളള പരിശീലനവും ഇതോടൊപ്പം നല്‍കുന്നുണ്ട്. ഇവര്‍ നിര്‍മിക്കുന്ന തടുക്കുകള്‍ ഉത്സവപ്പറമ്പുകളില്‍ പ്രത്യേകം സ്റ്റാളുകളിലൂടെ വില്‍ക്കാനാണ് ഉദ്ദേശിക്കുന്നത്. വൈവിധ്യവത്കരണത്തിലൂടെ കൂടുതല്‍ സ്ത്രീത്തൊഴിലാളികളെ ഈ രംഗത്ത് പിടിച്ചുനിര്‍ത്തി വരുമാനം വര്‍ധിപ്പിക്കാനാണ് ശ്രമം. ചൂടികൊണ്ട് ഗ്രോബാഗുകള്‍ നിര്‍മിച്ച് പുറത്തിറക്കാനും സംഘത്തിന് പദ്ധതിയുണ്ട്. നിലവില്‍ 749 അംഗങ്ങള്‍ കുറുവങ്ങാട് കയര്‍സംഘത്തിനുണ്ട്. ആദ്യകാലത്ത് ഇരുനൂറോളം തൊഴിലാളികള്‍ ചൂടിപിരിക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നു ഇപ്പോള്‍ 70 പേര്‍മാത്രമാണ് ഈ സംഘത്തില്‍ ഇപ്പോള്‍ ചൂടിപിരിക്കുന്ന തൊഴിലില്‍ ഏര്‍പ്പെടുന്നുള്ളു.