കുറഞ്ഞ ജീവനക്കാരുമായി സബ് രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തിക്കാന്‍ അനുമതി
ലോക്ഡൗണിനെത്തുടര്‍ന്നു സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഒഴിവാക്കിക്കൊണ്ട് രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഉത്തരവായി. ചില നിബന്ധകളോടെയാണു ഓഫീസുകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
സഹകരണ ബാങ്കുകളില്‍ നിന്നുള്ള ഗഹാനുകളുടെ ഫയലിങ് തടസ്സപ്പെടുകയും ജനങ്ങള്‍ക്കു അടിയന്തര ലോണുകള്‍ കിട്ടാതിരിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണു നിയന്ത്രണങ്ങളില്‍ അയവു വരുത്തിയത്.
സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ പരമാവധി മൂന്നു ജീവനക്കാരെങ്കിലും ഹാജരാകണമെന്നു ഉത്തരവില്‍ പറയുന്നു. ഗഹാനുകളുടെ ഫയലിങ്ങിനു മുന്‍ഗണന നല്‍കണം. ഓണ്‍ലൈന്‍ സേവനങ്ങളുമായി ബന്ധപ്പെട്ട കുടിശ്ശിക ജോലികള്‍ മാത്രം ചെയ്യാം. എന്നാല്‍, ആധാര രജിസ്‌ട്രേഷന്‍ നടത്തരുത്. പ്രത്യേക വിവാഹ നിയമപ്രകാരം കിട്ടുന്ന അപേക്ഷകള്‍ സ്വീകരിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണം.
മറ്റു നിര്‍ദേശങ്ങള്‍ ഇനി പറയുന്നു :
ജില്ലാ ഭരണകൂടം ഏതെങ്കിലും പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അതു പാലിക്കണം. ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍മാരുടെ ഓഫീസുകളും ജില്ലാ രജിസ്ട്രാര്‍മാരുടെ ഓഫീസുകളും ഏറ്റവും കുറഞ്ഞ ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കണം. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ പൊതുജനങ്ങള്‍ക്കു ഓഫീസില്‍ നിന്നു നേരിട്ടു സേവനം നല്‍കേണ്ടതില്ല. സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുംവരെ സബ് രജിസ്ട്രാര്‍ ഓഫീസുകളിലെ നിയന്ത്രണം തുടരും.