കുടുംബ ഭദ്രത ലക്ഷ്യമാക്കി നൊച്ചാട് വനിതാ സംഘം മുന്നേറുന്നു

സ്റ്റാഫ് പ്രതിനിധി

പതിനേഴു വര്‍ഷം മുമ്പു അമ്പതോളം വനിതകള്‍
ചേര്‍ന്നു തുടങ്ങിയ നൊച്ചാട് വനിതാ സംഘത്തിന്
ഇപ്പോള്‍ 1400 എ ക്ലാസ് അംഗങ്ങളടക്കം എണ്ണായിരത്തോളം
അംഗങ്ങളുണ്ട്. സ്ത്രീശാക്തീകരണത്തിലൂടെ
കുടുംബഭദ്രത ലക്ഷ്യമിടുന്ന സംഘം അവര്‍ക്കായി
വിവിധ ക്ഷേമപദ്ധതികള്‍ നടപ്പാക്കിവരുന്നു.

 

സ്ത്രീശാക്തീകരണത്തിലൂടെ കുടുംബഭദ്രത. കോഴിക്കോട് നൊച്ചാട് വനിതാ സഹകരണസംഘം മുന്നോട്ടുവെക്കുന്ന ലക്ഷ്യമിതാണ്. വീട്ടമ്മമാരായ സ്ത്രീകളെ സാമ്പത്തികമായി സഹായിക്കാനും അവര്‍ക്കൊരു കൈത്താങ്ങാവാനും ഉദ്ദേശിച്ചാണു 2006 ല്‍ അമ്പതോളം വനിതകള്‍ ചേര്‍ന്നു നൊച്ചാട് വനിതാ സഹകരണ സംഘത്തിനു രൂപം നല്‍കിയത്. ചെറിയ പ്രവര്‍ത്തനമൂലധനത്തോടെ വാടകക്കെട്ടിടത്തിലായിരുന്നു തുടക്കം. പിച്ചവെച്ചു തുടങ്ങിയപ്പോള്‍ ബാങ്കിങ് സേവനങ്ങള്‍ക്കൊപ്പം വനിതകള്‍ക്കു വൈവിധ്യമാര്‍ന്ന ക്ഷേമപദ്ധതികള്‍ കൂടി ആവിഷ്‌കരിച്ചതോടെ സംഘത്തിന്റെ പ്രവര്‍ത്തനം വ്യാപിച്ചു. തുടക്കത്തില്‍ നൊച്ചാട് പഞ്ചായത്തു മാത്രമായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനമേഖല. പിന്നീട് മേപ്പയ്യൂര്‍, ചെറുവണ്ണൂര്‍, പേരാമ്പ്ര, അരിക്കുളം പഞ്ചായത്തുകളും സംഘത്തിന്റെ പ്രവര്‍ത്തനപരിധിയിലായി. ഇപ്പോള്‍ നൊച്ചാട് വനിതാ സഹകരണ സംഘത്തില്‍ 1400 ഏ ക്ലാസ് മെമ്പര്‍മാരടക്കം എണ്ണായിരത്തോളം മെമ്പര്‍മാരുണ്ട്.

കരുത്തോടെ
17 വര്‍ഷങ്ങള്‍

കരുത്തോടെ 17 വര്‍ഷങ്ങള്‍ പിന്നിടുകയാണു നൊച്ചാട് വനിതാ സഹകരണസംഘം. അഞ്ചാം പീടിക ടൗണിന്റെ ഹൃദയഭാഗത്തു സംഘം സ്വന്തമായി വാങ്ങിയ അഞ്ചു സെന്റ് സ്ഥലത്ത് ബഹുനിലക്കെട്ടിടം നിര്‍മിക്കാനായതു വളര്‍ച്ചയിലെ നാഴികക്കല്ലാണ്. മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പളളി രാമചന്ദ്രനാണു നൊച്ചാട് വനിതാ സഹകരണസംഘം ഓഫീസ് പ്രവര്‍ത്തിക്കുന്ന വനിതാ ടവര്‍ ഉദ്ഘാടനം ചെയ്തത്. താഴത്തെ നിലയില്‍ ടെയ്ലറിംഗ് യൂണിറ്റും ബ്യൂട്ടി പാര്‍ലറുമാണ്. രണ്ടാമത്തെ നിലയില്‍ സംഘംഓഫീസും ബാങ്കിങ് പ്രവര്‍ത്തനവും. മൂന്നാമത്തെ നിലയില്‍ മിനി ഓഡിറ്റോറിയം. ഏറ്റവും മുകളില്‍ തൊഴില്‍പരിശീലന കേന്ദ്രം. തൊഴില്‍പരിശീലന കേന്ദ്രം മികച്ച നിലയില്‍ നടന്നിരുന്നെങ്കിലും പിന്നീട് മന്ദഗതിയിലായി. സ്ത്രീകള്‍ക്കു വേണ്ടിയുളള വിവിധ തൊഴില്‍പരിശീലനങ്ങള്‍ ഇവിടെ നടത്തിയിരുന്നു.

ബാങ്കിങ് സേവനങ്ങളും വനിതാക്ഷേമ പ്രവര്‍ത്തനങ്ങളും ഒരുപോലെ സ്ത്രീകള്‍ക്ക് ഈ സംഘത്തിലൂടെ ലഭിക്കും. 2010 ല്‍ സ്വര്‍ണ വായ്പാ പദ്ധതി തുടങ്ങി. ലളിതമായ വ്യവസ്ഥയില്‍ ആള്‍ജാമ്യത്തില്‍ നല്‍കുന്ന വായ്പ ഏറെ പേര്‍ക്ക് പ്രയോജനപ്പെടുന്നുണ്ട്. ലേഡീസ് ടെയ്ലറിംഗ് ആന്റ് ഗാര്‍മെന്റസ് യൂണിറ്റും ബ്യൂട്ടി പാര്‍ലറും വിജയകരമായി നടക്കുന്നുണ്ട്. 20 കോടി രൂപയാണു സംഘത്തിന്റെ പ്രവര്‍ത്തനമൂലധനം. പന്ത്രണ്ടര കോടി രൂപയോളം വായ്പയായി നല്‍കിയിട്ടുണ്ട്.

2006 മാര്‍ച്ച് ഒന്നിനാണു നൊച്ചാട് വനിതാ സഹകരണസംഘം പ്രവര്‍ത്തനം തുടങ്ങിയത്. 2014 ലാണു സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ അഞ്ചാം പീടിക ടൗണിനോടു ചേര്‍ന്ന് അഞ്ച് സെന്റ് സ്ഥലം വാങ്ങിയത്. 2016 ല്‍ കെട്ടിട നിര്‍മാണം തുടങ്ങി. 2018 ഫെബ്രുവരി 18 ന് ഉദ്ഘാടനം ചെയ്തു. താഴെ ടെയ്ലറിംഗ് ഷോപ്പും ബ്യൂട്ടി പാര്‍ലറുമാണ്. ഇതോടൊപ്പം കണ്‍സ്യൂമര്‍ സ്റ്റോറുമുണ്ടായിരുന്നു. ഈ പ്രദേശത്തു മാവേലി സ്റ്റോര്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ കണ്‍സ്യൂമര്‍ സ്റ്റോറിന്റെ പ്രവര്‍ത്തനം നിര്‍ത്തി. കോവിഡിന്റെ അടച്ചുപൂട്ടല്‍ കാലത്തു ബ്യൂട്ടി പാര്‍ലറിന്റെ പ്രവര്‍ത്തനവും പൂര്‍ണമായി നിര്‍ത്തിവെക്കേണ്ടിവന്നു. കോവിഡിനു ശേഷമാണു പുതുമോടിയില്‍ പ്രവര്‍ത്തനം വീണ്ടും തുടങ്ങിയത്. രണ്ടു ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നു. ടെയ്ലറിംഗ് യൂണിറ്റിലും രണ്ടു പേര്‍ ജോലി ചെയ്യുന്നു. സാന്ത്വനം റൂറല്‍ ഹെല്‍ത്ത് അസിസ്റ്റന്റ് സെന്റര്‍ എന്ന പേരില്‍ സംഘം ആരോഗ്യരംഗത്തും ഒരു സ്ഥാപനം തുടങ്ങിയിരുന്നു. അവശരായവരെയും വയോധികരെയും ആലംബഹീനരെയും വീടുകളിലെത്തി രക്തസമ്മര്‍ദവും ഷുഗറും പരിശോധിക്കാന്‍ ഈ സെന്റര്‍ സൗകര്യമേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, സാങ്കേതികകാരണങ്ങളാല്‍ നിര്‍ത്തിവെക്കേണ്ടി വന്നു. ബാങ്ക് കെട്ടിടത്തിലെ പരിശീലനകേന്ദ്രത്തില്‍ നിരവധി യുവതികള്‍ക്കു വിവിധ തൊഴില്‍മേഖലകളില്‍ പരിശീലനം നല്‍കിയിരുന്നു. ഒട്ടെറെ പേര്‍ക്കു തുന്നലിലും സൗജന്യമായി പരിശീലനം നല്‍കിയിരുന്നു. കോവിഡിന്റെ അടച്ചുപൂട്ടല്‍ കാലത്തു നിര്‍ത്തിവെച്ച തൊഴില്‍പരിശീലനം പുനരാരംഭിച്ചിട്ടില്ല.

സഹായ
പദ്ധതികള്‍

ഓണത്തിനും വിഷുവിനും നൊച്ചാട് വനിതാസംഘം സംഘടിപ്പിക്കുന്ന ചന്തകള്‍ പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നുണ്ട്. കൊറോണക്കാലത്ത് ഒട്ടേറെ കുട്ടികള്‍ക്കു മൊബൈല്‍ ഫോണുകളും സ്‌കൂളുകള്‍ക്കു ടി.വി.യും നല്‍കിയിരുന്നു. നൂറോളം സ്ത്രീകള്‍ക്ക് ഇരുചക്ര വാഹനങ്ങള്‍ വാങ്ങാന്‍ വായ്പയും നല്‍കിയിട്ടുണ്ട്. പ്രളയകാലത്തും കോവിഡ്കാലത്തും ദുരിതാശ്വാസനിധിയിലേക്കു സഹായധനം നല്‍കിയിട്ടുണ്ട്.

ദിവസേനയുള്ള പണപ്പിരിവിന് അഞ്ചു പേരുണ്ട്. സംഘത്തില്‍ അഞ്ചു സ്ഥിരം ജീവനക്കാരുണ്ട്. ക്ലാസ് രണ്ട് വിഭാഗത്തില്‍പ്പെടുന്ന സംഘമാണിത്. വ്യക്തിഗത വായ്പയും സ്വര്‍ണപ്പണയ വായ്പയും സംഘം നല്‍കുന്നുണ്ട്. ആധാരത്തിന്മേലും ലോണ്‍ ലഭിക്കും. കെ.എം. സൗദയാണു നിലവില്‍ സംഘം പ്രസിഡന്റ്. സി. രഞ്ജിനി ടീച്ചര്‍ വൈസ് പ്രസിഡന്റും. സി. രജനി, വി. ജാനു, കെ. സുമതി, ഇ. ബിന്ദു, പി.കെ. ജിഷ, എന്‍.കെ. ബിന്ദു, കെ. ലക്ഷ്മിക്കുട്ടി, എം. മിനി എന്നിവര്‍ ഡയറക്ടര്‍മാരാണ്. പി.കെ. ഷീജയാണു സെക്രട്ടറി. വി. ജാനുവാണു സംഘത്തിന്റെ ആദ്യത്തെ പ്രസിഡന്റ്.

                                                     (മൂന്നാംവഴി സഹകണ മാസിക ജൂലായ് ലക്കം 2023)

 

Leave a Reply

Your email address will not be published. Required fields are marked *

Latest News