കാര്‍ഷിക സമൃദ്ധിക്കായി കഴനി ബാങ്ക്
– അനില്‍ വള്ളിക്കാട്
പാലക്കാട് ജില്ലയില്‍ പലിശരഹിത കാര്‍ഷിക വായ്പ
ഏറ്റവും കൂടുതല്‍ വിതരണം ചെയ്യുന്ന ബാങ്കുകളില്‍
ഒന്നായ കഴനി സഹകരണ ബാങ്കിനു കാര്‍ഷിക വളര്‍ച്ചക്കപ്പുറം
മറ്റൊരു ചിന്തയില്ല. കൃഷിപ്പണിയില്‍ ഏര്‍പ്പെടുന്ന നൂറോളം
വനിതാ തൊഴില്‍ സംഘങ്ങള്‍ക്കായി 86 ലക്ഷം രൂപയും
നൂറ്റമ്പതോളം കുടുംബശ്രീ യൂണിറ്റുകള്‍ക്കു മുറ്റത്തെ മുല്ല
പദ്ധതിയില്‍ രണ്ടരക്കോടി രൂപയും വായ്പയായി
നല്‍കിയിട്ടുണ്ട്.
ആഡംബരമില്ല, ആര്‍ഭാടമില്ല. നാടിന്റെ പച്ചപ്പിനു നടുവിലെ കുളിര്‍മയുള്ള സഹകരണത്തണല്‍. തളിര്‍ത്തും പൂത്തും കായ്ച്ചും പരന്നുപടരുന്ന ധനമരം. പാലക്കാട് ജില്ലയിലെ പ്രധാന കാര്‍ഷിക മേഖലയായ ആലത്തൂരിന്റെ പ്രൗഢിക്കും പാരമ്പര്യത്തിനും കഴിഞ്ഞ ആറര പതിറ്റാണ്ടായി താങ്ങായി നില്‍ക്കുകയാണു കഴനി സര്‍വീസ് സഹകരണ ബാങ്ക്. ജില്ലയില്‍ പലിശരഹിത കാര്‍ഷിക വായ്പ ഏറ്റവും കൂടുതല്‍ വിതരണം ചെയ്യുന്ന ബാങ്കുകളില്‍ ഒന്നാണിത്. നഷ്ടക്കൃഷിമൂലം സംഭവിക്കുന്ന തിരിച്ചടവ് മുടക്കത്തിനിടയിലും കഴിഞ്ഞ ഇരുപതു വര്‍ഷമായി ലാഭത്തിലാണു പ്രവര്‍ത്തനമെന്നതു ശ്രദ്ധേയം.
പാലക്കാട്-തൃശ്ശൂര്‍ ദേശീയപാതയില്‍ വാണിജ്യവികാസം നടക്കുന്ന ചെറുപട്ടണമായ ആലത്തൂരില്‍ നിന്നു അഞ്ചു കിലോമീറ്റര്‍ താണ്ടിയാല്‍ തീര്‍ത്തും വ്യത്യസ്തമായ ഗ്രാമപ്പച്ച. വളഞ്ഞു നീങ്ങുന്ന റോഡിന്റെ ഇരുവശങ്ങളിലും ദൂരങ്ങളോളം നീണ്ട പാടങ്ങള്‍. നെല്ലും പച്ചക്കറിയും സമൃദ്ധമായി വിളയിക്കുന്ന കാവശ്ശേരി പഞ്ചായത്ത്. ഈ പഞ്ചായത്തു മുഴുവനും സമീപ പഞ്ചായത്തായ തരൂരിലെ നാലു വാര്‍ഡുകളും പ്രവര്‍ത്തന മേഖലയായുള്ള കഴനി ബാങ്കിനു കാര്‍ഷികവളര്‍ച്ച മാറ്റിനിര്‍ത്തിയുള്ള ചിന്തയില്ല, തീര്‍ച്ച.
കൃഷിക്ക്
കൈത്താങ്ങ്
കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഭൂരിഭാഗം വരുന്ന പ്രദേശമാണു കാവശ്ശേരി ഗ്രാമവും പരിസരവും. ബാങ്കിന്റെ പ്രവര്‍ത്തനമേഖലയില്‍ രണ്ടായിരത്തിലേറെ ഹെക്ടര്‍ സ്ഥലത്തു നെല്‍ക്കൃഷി മാത്രം നടക്കുന്നുണ്ട്. വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്‌സ് പ്രൊമോഷന്‍ കൌണ്‍സില്‍ കേരളയുടെ ( വി.എഫ്.പി.സി.കെ ) വിത്തുല്‍പ്പാദന കേന്ദ്രവും വിപണനശാലയും ആലത്തുരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെകൂടി പശ്ചാത്തലത്തില്‍ നെല്‍ക്കൃഷിക്കു പുറമെ പച്ചക്കറി ഉല്‍പ്പാദനവും കാവശ്ശേരി ഭാഗത്തു ധാരാളം നടക്കുന്നുണ്ട്.
നാലരക്കോടി രൂപയുടെ വായ്പാസഹായം കാര്‍ഷികമേഖലയില്‍ ബാങ്കിന് ഇപ്പോഴുണ്ട്. ഇതില്‍ പലിശരഹിത വായ്പാ വിഭാഗവും ഉള്‍പ്പെടും. ഇതിനുപുറമെ നൂറോളം വനിതാ തൊഴില്‍ സംഘങ്ങള്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നുണ്ട്. ഇവര്‍ക്കായി 86 ലക്ഷം രൂപയുടെ വായ്പ നിലവിലുണ്ട്. നൂറ്റമ്പതോളം കുടുംബശ്രീ യൂണിറ്റുകള്‍ക്കു മുറ്റത്തെ മുല്ല വായ്പാ പദ്ധതിയില്‍ രണ്ടരക്കോടി രൂപയും നല്‍കിയിട്ടുണ്ട്. ആലത്തൂര്‍ മേഖലയില്‍ വ്യാപകമായി രാസവളം വില്‍പ്പന നടത്തുന്ന ബാങ്കാണിത്. കൂടുതല്‍ വളം സംഭരിക്കാന്‍ വിസ്തൃതമായ ഗോഡൗണ്‍ സൗകര്യം ബാങ്കിനുണ്ട്. കോവിഡ് കാലമൊഴിച്ചാല്‍ വര്‍ഷംതോറും വിപുലമായ കാര്‍ഷിക സെമിനാറുകള്‍ ബാങ്ക് നടത്താറുണ്ട്. നിലവിലുള്ള നീതി സ്റ്റോറിന്റെ വിപുലീകരണത്തിനും പുതിയൊരു കാര്‍ഷിക സേവന കേന്ദ്രത്തിന്റെ ആരംഭത്തിനുമായി രണ്ടായിരം ചതുരശ്ര അടി വിസ്തൃതിയില്‍ പുതിയൊരു കെട്ടിടം നിര്‍മിക്കാനുള്ള പദ്ധതി നബാര്‍ഡിന്റെ പരിഗണനയിലാണെന്നു ബാങ്ക് പ്രസിഡന്റ് സി. മാധവന്‍കുട്ടി പറഞ്ഞു. ഇതു പ്രവര്‍ത്തികമാകുന്നതോടെ കാര്‍ഷികമേഖലയിലെ പരിപാടികള്‍ കൂടുതല്‍ വിപുലീകരിക്കാനാകും.
സേവനം
മുഖ്യം
എല്ലാവിധ ആധുനിക പണമിടപാട് സൗകര്യങ്ങളും വര്‍ഷങ്ങള്‍ക്കു മുമ്പേ ഏര്‍പ്പെടുത്തിയ ബാങ്ക് ഇപ്പോഴും ഇടയ്ക്കു പുതുക്കിപ്പണിത പഴയ കെട്ടിടത്തില്‍ത്തന്നെയാണു പ്രവര്‍ത്തിക്കുന്നത്. ആലത്തൂര്‍ താലൂക്കിലെ ഭൂരിഭാഗം സഹകരണ ബാങ്കുകളും പുതിയ ഹെഡ് ഓഫീസ് കെട്ടിടം നിര്‍മിച്ചപ്പോഴും കഴനി ബാങ്ക് അതിലേക്ക് ഇതുവരെ തിരിഞ്ഞിട്ടില്ല. ‘ആ പണവും ജനങ്ങളുടെ സേവനത്തിനു നീക്കിവെക്കുന്നു’ – ഗ്രാമപ്പഞ്ചായത്തിന്റെ ഭരണപരിചയം കൂടിയുള്ള ബാങ്ക് പ്രസിഡന്റ് നയം വ്യക്തമാക്കി. ബാങ്കിന്റെ തെന്നിലാപുരം ശാഖക്കു പുതിയ കെട്ടിടമുണ്ട്. തരൂര്‍ പഞ്ചായത്തിലെ വാവുള്ളിയാപുരം കേന്ദ്രമാക്കി പുതിയ ശാഖ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ടെന്നു പ്രസിഡന്റ് പറഞ്ഞു.
കെട്ടിടത്തിന്റെ മോടിയില്‍ പിന്നാക്കമാണെങ്കിലും സേവനത്തിന്റെ തിളക്കത്തില്‍ കഴനി ബാങ്ക് മുന്നില്‍ത്തന്നെയാണ്. ഭവന, വാഹന വായ്പകളുള്‍പ്പെടെ എല്ലാവിധ വായ്പകളും ബാങ്ക് നല്‍കിവരുന്നു. കുറഞ്ഞ നിരക്കില്‍ മൊബൈല്‍ മോര്‍ച്ചറി ഫ്രീസര്‍ വാടകക്കു കൊടുക്കും. ഗോഡൗണ്‍ കെട്ടിടത്തിന്റെ മുകളില്‍ 500 പേര്‍ക്കിരിക്കാവുന്ന ഹാളും ചുരുങ്ങിയ നിരക്കില്‍ വാടകക്കു നല്‍കുന്നുണ്ട്. മില്‍മയുടെ എല്ലാ ഉല്‍പ്പന്നങ്ങളും ലഭിക്കുന്ന വില്‍പ്പനശാല ബാങ്ക് നടത്തുന്നുണ്ട്. ഹെഡ് ഓഫീസിലെ കെട്ടിടത്തിലാണ് ഇതു പ്രവര്‍ത്തിക്കുന്നത്. നബാര്‍ഡിന്റെ സഹായത്തോടെ പുതിയ പദ്ധതി നടപ്പാക്കുമ്പോള്‍ നീതി സ്റ്റോര്‍ വിപുലീകരിച്ച് വലിയൊരു കണ്‍സ്യൂമര്‍ സ്റ്റോര്‍ വരുന്നതു ജനങ്ങള്‍ക്കു കൂടുതല്‍ പ്രയോജനപ്പെടുമെന്നു പ്രസിഡന്റ് പറഞ്ഞു. ലാബ് ഉള്‍പ്പെടെയുള്ള ആരോഗ്യ സേവനങ്ങള്‍ നടപ്പാക്കാനും ഉദ്ദേശിക്കുന്നുണ്ട്.
ജനങ്ങള്‍ക്കു നിക്ഷേപ ഭദ്രതയും വായ്പാ സഹായവും ഉറപ്പാക്കുന്ന നടപടികളാണു ബാങ്ക് മുന്നോട്ടുവെക്കുന്നത്. ചിട്ടി നടത്തിപ്പിലൂടെ ബാങ്കിന്റെ ലാഭത്തിനു പുറമെ ധാരാളം പേര്‍ക്കു നിക്ഷേപസാധ്യത തുറക്കുന്നുണ്ട്. ചിട്ടിയില്‍ നിന്നു വായ്പയെടുത്ത് അത്യാവശ്യകാര്യങ്ങള്‍ നിറവേറ്റുന്ന നിരവധി പേരുണ്ട്. പൊതുപ്രവര്‍ത്തനത്തിലും ഉദ്യോഗസ്ഥതലത്തിലുമുള്ള പാടവവും സ്വീകാര്യതയും ഉള്ളവരാണു ഭരണസമിതിയിലെ ഭൂരിഭാഗം അംഗങ്ങളും. അതുകൊണ്ടുതന്നെ നാട്ടുകാര്‍ക്കിടയില്‍ വലിയ തോതില്‍ വിശ്വാസ്യത ആര്‍ജിക്കാന്‍ ബാങ്കിനായി. 21,000 അംഗങ്ങളാണു ബാങ്കിനുള്ളത്. 57 കോടിയോളം രൂപ നിക്ഷേപവും 44 കോടിയോളം രൂപ വായ്പാ ബാക്കിയുമുണ്ട്. സെക്രട്ടറി പ്രീത കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ പത്തു ജീവനക്കാരുണ്ട്.
ആര്‍. ചന്ദ്രന്‍ മാസ്റ്റര്‍ വൈസ് പ്രസിഡന്റായുള്ള ഭരണസമിതിയില്‍ എം. കൊച്ചുകൃഷ്ണന്‍, വി. മണി, പി. ചന്ദ്രന്‍ നായര്‍, കെ. ഉദയകുമാര്‍, സി. രാമകൃഷ്ണന്‍, എം. സഹദ്, സി. ദാക്ഷായണി, ടി. ലതാദേവി, രേഷ്മ എന്നിവരാണ് അംഗങ്ങള്‍.