കാര്‍ഷിക സബ്‌സിഡി അടക്കമുള്ള കേന്ദ്രപദ്ധതികളെല്ലാം നേരിട്ട് പ്രാഥമിക സഹകരണ ബാങ്കുകളിലേക്ക്

moonamvazhi

രാജ്യത്തെ പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളെ ഒറ്റ നെറ്റ് വര്‍ക്കിന്റെ ഭാഗമാക്കി പദ്ധതികള്‍ ക്രമീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. നബാര്‍ഡ് വഴി നല്‍കുന്ന കാര്‍ഷിക വായ്പയുടെ പലിശ സബ്‌സിഡി, പി.എം.എഫ്.ബി.വൈ, വിവിധ സേവനങ്ങള്‍ക്കുള്ള ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍(ഡി.ബി.ടി.) എന്നിവയുടേയെല്ലാം വിതരണ കേന്ദ്രമായി പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളെ മാറ്റാനാണ് തീരുമാനം.

കാര്‍ഷിക വായ്പ സംഘങ്ങളാണ് കേരളത്തില്‍ പ്രാഥമിക സഹകരണ ബാങ്കുകളായി പ്രവര്‍ത്തിക്കുന്നത്. ഇവയ്ക്ക് രാജ്യത്താകെ ഏകീകൃത ബൈലോ നടപ്പാക്കുന്നത് പദ്ധതിയും പ്രവര്‍ത്തനങ്ങളും ഏകീകകരിക്കുന്നതിന്റെ ഭാഗമാണെന്ന കേന്ദ്ര സഹകരണ മന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കി. ഏകീകൃത ബൈലോ അംഗീകരിക്കുന്നതോടെ പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്ക് 25 ബിസിനസ് പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുക്കാനാകുന്നത്.

ഡയറി, ഫിഷറീസ്, ഫ്‌ളോറി കള്‍ച്ചര്‍, ഗോഡൗണ്‍ തയ്യാറാക്കല്‍, ഭക്ഷ്യവസ്തുക്കളുടെ സംസ്‌കരണം, വളം-വിത്ത് വിതരണം, ഇന്ധന സംഭരണവിതരണ കേന്ദ്രങ്ങള്‍, പൊതുസേവന കേന്ദ്രം ഒരുക്കല്‍ എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളാണ് കാര്‍ഷിക സംഘങ്ങള്‍ ഏറ്റെടുക്കാനാകുന്നത്. ഇതിനൊപ്പം, ബാങ്കിങ് കറസ്‌പോണ്ടന്റ് എന്ന നിലയിലും പ്രവര്‍ത്തിക്കാനാകും. സംസ്ഥാന-ജില്ലാ ബാങ്കുകളുമായി ബന്ധിപ്പിച്ചാണ് ബാങ്കിങ് കറസ്‌പോണ്ടന്റായി പ്രവര്‍ത്തിക്കാനുള്ള അവസരം ഒരുക്കുക.

 

കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം ബാങ്കിങ് മേഖലയില്‍ കേന്ദ്രീകരിച്ചാണ്. ഈ രീതിക്ക് മാറ്റം വരുത്തേണ്ടിവരും. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സ് നേടി ബാങ്കായി മാറിയില്ലെങ്കില്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പൊതുസേവന സഹകരണ സംഘങ്ങള്‍ എന്ന നിലയിലേക്ക് മാറാനാണ് സാധ്യത. പൊതു ബൈലോ വരുന്നതോടെ, കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം വിപുലപ്പെടുകയും ഗ്രാമീണ മേഖലയില്‍ കൂടുതല്‍ തൊഴിലവസരം ഉണ്ടാക്കുകയും ചെയ്യുമെന്നാണ് കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ വിശദീകരണം.

പ്രാഥമിക സംഘങ്ങളിലൂടെ കേന്ദ്രാവിഷ്‌കൃത പദ്ധതികളെന്ന കാഴ്ചപ്പാടാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. അതിനാല്‍, എല്ലാ സംസ്ഥാനങ്ങളിലേയും പ്രാഥമിക സംഘങ്ങള്‍ കേന്ദ്ര ശൃംഖലയുടെ ഭാഗമാകാന്‍ നിര്‍ബന്ധിതമാകും. 2,55,643 പഞ്ചായത്തുകളിലും 6,62,750 വില്ലേജുകളിലുമായി രാജ്യത്ത് പ്രാഥമിക സംഘങ്ങളുടെ പ്രവര്‍ത്തനം സജീവമാണെന്നാണ് കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ കണക്ക്. 95,000 കാര്‍ഷിക വായ്പ സംഘങ്ങളാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. 1,99,182 ഡയറി സംഘങ്ങള്‍, 25,297 ഫിഷറീസ് സംഘങ്ങള്‍ എന്നിങ്ങനെയാണ് കേന്ദ്രത്തിന്റെ കണക്ക്. കൂടുതല്‍ മേഖലകളില്‍ സഹകരണ സംഘങ്ങളുണ്ടാക്കിയും, സംഘങ്ങളിലൂടെ പുതിയ സംരംഭങ്ങള്‍ തുടങ്ങിയും പ്രവര്‍ത്തനം വിപുലപ്പെടുത്താനാകും. ഇതിനാണ് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വഹണ യൂണിറ്റായി സഹകരണ സംഘങ്ങളെ മാറ്റുന്നത്.

Leave a Reply

Your email address will not be published.