കാര്‍ഷികവികസന ബാങ്കിന് നിയമനചട്ടമായി; 11 എണ്ണം പുറത്ത്
സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ നിയമനങ്ങള്‍ പി.എസ്.സി. വഴി ആക്കുന്നതിനുള്ള ചട്ടത്തിന് അംഗീകാരമായി. നിയമനചട്ടം അംഗീകരിച്ച് സഹകരണ വകുപ്പ് ഉത്തരവിറക്കി. 23 വര്‍ഷം മുമ്പാണ് കാര്‍ഷിക ഗ്രാമവികസന ബാങ്കടക്കമുള്ള അപ്പകസ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ സര്‍ക്കാര്‍ പി.എസ്.സി.ക്ക് വിട്ടത്. ഇത്രയും വര്‍ഷമായിട്ടും ഏഴ് സ്ഥാപനങ്ങളില്‍ മാത്രമാണ് പി.എസ്.സി. നിയമനം നടപ്പായത്. 11 സ്ഥാപനങ്ങള്‍ ഇപ്പോഴും നിയമനചട്ടം തയ്യാറാക്കി അംഗീകാരം നേടിയിട്ടില്ല.
1995-ല്‍ എ.കെ.ആന്റണി സര്‍ക്കാരാണ് സഹകരണ അപ്പക്‌സ് സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സി.ക്ക് വിട്ടത്. ഇതനുസരിച്ച് നിയമനചട്ടം തയ്യാറാക്കി പി.എസ്.സി.യുടെ അംഗീകാരം വാങ്ങേണ്ടതാണ്. തസ്തിക, യോഗ്യത, സ്ഥാനക്കയറ്റം വഴി നിയമിക്കേണ്ടവ എന്നിവയൊക്കെ നിശ്ചയിച്ചാണ് ചട്ടം തയ്യാറാക്കേണ്ടത്. 18/96 നമ്പര്‍ സര്‍ക്കുലറില്‍ സഹകരണ സംഘം രജിസ്ട്രാറും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ടൂര്‍ഫെഡ്, വനിതാഫെഡ്, ഹോസ്പിറ്റല്‍ഫെഡ്, ലേബര്‍ഫെഡ്, മാര്‍ക്കറ്റ് ഫെഡ്, കേരഫെഡ്, കാപ്പക്‌സ്, സുരഭി, ടെക്‌സ്‌ഫെഡ്, കയര്‍ഫെഡ്, റൂട്രോണിക്‌സ് എന്നീ സ്ഥാപനങ്ങളാണ് ഇനിയും നിയമനചട്ടം തയ്യാറാക്കി അംഗീകാരം നേടാന്‍ ബാക്കിയുള്ളത്. ചട്ടം അംഗീകരിക്കാത്തതിനാല്‍ ഇവിടങ്ങളിലൊന്നും പി.എസ്.സി. വഴി നടക്കുന്നില്ല. പി.എസ്.സി.ക്ക് വിട്ട തസ്തികകളിലേക്ക് നേരിട്ട് നിയമനം നടത്താനുമാകില്ല. അതിനാല്‍, താല്‍ക്കാലിക നിയമനങ്ങളാണ് മിക്കയിടത്തും നടക്കുന്നത്.